Saturday, 13 April 2013

ആ വാക്കിന് പിന്നാലെ ...... ഒരു യാത്ര

വികസനം ....... പൊതുപ്രവർത്തകരുടെ  നിഘണ്ടുവിലെ ഏറ്റവും മൂർച്ചയേറിയ  വാക്ക് . മനുഷ്യമനസുകളിലേക്ക് തുളച്ചുകയറി  സ്വപ്നങ്ങൾ സൃഷ്ടിക്കുന്ന  വാക്ക് .വരൂ  നമ്മുക്ക്  ഈ  വാക്കിന്  പിന്നാലെ  അൽപ്പം  സഞ്ചരിക്കാം . 

ഒരു സമൂഹത്തിന്റെ വർത്തമാനകാല  ജീവിതസാഹചര്യത്തിൽ  സുസ്ഥിരമായ  ഉയർച്ച  സൃഷ്ടിക്കുന്ന ഏത്  പദ്ധതിയും  വികസനമാണ് . അങ്ങനെ  ഒരുപാട്   പദ്ധതികൾ  ഈ   മണ്ണിൽ  വിജയകരമായി  വിളഞ്ഞിട്ടുണ്ട് . വികസനപദ്ധതികൾക്ക്  ഒരു പഞ്ഞവും  ഇല്ലാത്ത നാടാണ്  ഇന്നത്തെ ഇന്ത്യ . എന്നാൽ ഈ  വികസനങ്ങളിൽ ചിലതെങ്കിലും   സാധാരണ  ജനങ്ങളിലേക്ക്  എത്തുന്നില്ല  എന്നത്  ഒരു സത്യം തന്നെ . ചിലപ്പോഴെങ്കിലും  വികസനം  കോടമഞ്ഞിന്റെ സ്വഭാവം കൈകൊള്ളാറുണ്ട് ... മുൻപിൽ  വരുന്ന  അപകടങ്ങളെ  അവ സൗകര്യപൂർവ്വം കണ്ണിൽ  നിന്ന്  മറയ്ക്കുന്നു .സുസ്ഥിരമായ പല  വികസനത്തിന്റെയും  ഗുണഭോക്താവ്  എന്ന  നിലയിൽ  വികസനം  എന്ന  വാക്കിന്  അയിത്തം  കല്പ്പിക്കാൻ  എനിക്കാവില്ല . പക്ഷേ  ചില ആശങ്കകൾ .... അവ  മനസ്സിൽ  നിന്ന് മായുന്നില്ല . അങ്ങനെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കുറേ  ആശങ്കകളുടെ  പരിണിതഫലമാകാം  നിങ്ങൾ വായിക്കുന്ന  ഈ  ബ്ളോഗ് . എനിക്ക്  മുൻപേ  എത്രയോപേർ  ഈ  വിഷയത്തിൽ  അവരുടെ  ആശങ്കകൾ  പങ്കുവെച്ചു . ഇവിടെ ഞാനും പങ്കുവെക്കുന്നു  എന്റെ ആശങ്കകൾ . 

"ദീർഘവീക്ഷണം" .... അതില്ലാത്ത  വികസനം  കടിഞ്ഞാണില്ലാത്ത കുതിരമേലുള്ള  ഒരു  സവാരിപോലെയാണ് ..... കുതിര എങ്ങോട്ടോ  ഓടുന്നു ,നമ്മൾ അതിനുമേൽ  നിസ്സഹായരായി  ഇരിക്കുന്നു . ഒരുപക്ഷേ  നിലത്ത്  വീഴാം ... വീഴതിരിക്കാം  എല്ലാം നമ്മുടെ  ഭാഗ്യം പോലെ . പക്ഷേ....   ഒരു  കാര്യം ഇവിടെ, നമ്മുടെ   ലക്ഷ്യം  അപ്രസക്തമാകുന്നു . അഞ്ചുവർഷം ഭരിക്കാനായി  നമ്മുടെ  വോട്ട്  അഭ്യർത്ഥിച്ചെത്തുന്ന "സ്ഥാനാർത്തി"കളോട് നിങ്ങൾ എപ്പോഴെങ്കിലും  ചോദിച്ചിട്ടുണ്ടോ .... ഇരുപത് വർഷം  കഴിഞ്ഞാൽ  ഈ  നാടിന്റെ  മുഖം  എങ്ങനെയായിരിക്കുമെന്ന് ,ഇന്ന്  കാണുന്നതിൽ നിന്ന് എന്ത്  വത്യാസമാണ്  അന്നത്തെ  നാടിന്  ഉണ്ടായിരിക്കുക  എന്ന് . ഒരിക്കൽ ഒരു  പഞ്ചായത്ത് മെമ്പറോട്  ഈ  ചോദ്യം  ചോദിക്കാൻ ഒരു  അവസരം  കിട്ടി . വളരെ  രസാവഹമായ  ഒരു  മറുചോദ്യമായിരുന്നു  ഇതിനുള്ള  മറുപടിയായി  കിട്ടിയത് ... "ഇരുപത് വർഷം നാം ജീവിച്ചിരിക്കും  എന്ന്  ഉറപ്പില്ലാത്ത  ഈ  ജീവിതത്തിൽ  അങ്ങനെ  ഒരു  ചോദ്യത്തിന്  പ്രസക്തിയുണ്ടോ  കുട്ടാ...  ?" ഉത്തരതിനുവേണ്ടി മെമ്പറെ പിന്നെ ശല്യം ചെയ്തിട്ടില്ല .... ഭരണ-പ്രതിപക്ഷത്തെ  വമ്പൻ സ്രാവുകളോട്  അവസരം കിട്ടിയാൽ നിങ്ങൾ  ഈ  ചോദ്യം  ചോദിക്കുക . നിങ്ങൾക്കും  കിട്ടാം  എനിക്ക്  കിട്ടിയപോലെ  ഒരു  മറുചോദ്യം. 

ചില  വികസനപദ്ധതികളുടെ  പുരോഗതി  പരിശോധിക്കുമ്പോൾ  ഒരു ചിത്രം  മനസ്സിലേക്ക്  കടന്നുവരും .... ഒരുപാട്  നേർത്ത സുഷിരങ്ങളുള്ള  ഒരു ബലൂണിന്റെ  ചിത്രം . ആ ബലൂണ്‍ എത്ര  ഊതിയാലും  വികസിക്കുകയില്ലലോ.... ?.അതുപോലെ തന്നെ കോടികൾ  ചിലവിട്ടിട്ടും  എങ്ങും  എത്താതെ  നിന്നുപോയ  ചില  വികസനപദ്ധതികൾ ..... വികസിക്കാത്ത  വികസനപദ്ധതികൾ
. ഈ  അവസ്ഥയിലാണ്  വികസനം എന്ന വാക്ക്  അർത്ഥശൂന്യമാകുന്നത് . എന്നിട്ടും വീണ്ടും വീണ്ടും  കോടികൾ  ഒഴുകുന്നു .... വികസിക്കാത്ത  വികസനപദ്ധതികൾ  വികസിപ്പിക്കുന്നതിനായി .വികസനവാദികളായ   ഭരണാധികാരികൾ  ബജറ്റിൽ  കണ്ണടച്ച്  കോടികൾ  എഴുതിതള്ളുമ്പോൾ  അവർ  അറിയുന്നില്ല തങ്ങൾ സുഷിരങ്ങൾ  നിറഞ്ഞ ബലൂണാണ്   ഊതിവീർപ്പിക്കാൻ  ശ്രമിക്കുന്നതെന്ന് . ആ സുഷിരങ്ങളിലൂടെ പാഴാവുന്ന  കോടികൾ ഏതോ സ്വകാര്യഖജനാവിലേക്ക് ഒഴുകിചേരുന്നു . വർഷങ്ങളായി  പണിതീരാത്ത  കാരാപ്പുഴ ജലസേചന പദ്ധതിയും ഇടമലയാർ വാലി  പ്രോജക്റ്റുമെല്ലാം സുഷിരങ്ങളൾ   നിറഞ്ഞ ബലൂണുകളിൽ  ചിലത്  മാത്രം . ചില ദേശീയതല വികസനപദ്ധതികളിലും ഈ  ധനച്ചോർച്ച  സുവ്യക്തമാണ് . 
വികസനപദ്ധതികളിലെ  നിരന്തര മൂല്യനിർണ്ണയത്തിന്റെ  അഭാവമാണ്  പല പദ്ധതികളുടെയും ശോചനീയാവസ് ഥയ്ക്ക്  പ്രധാനകാരണം . ദീർഘവീക്ഷണവും  നിരന്തരമൂല്യനിർണ്ണയവുമുള്ള  വികസനപദ്ധതികൾ  വികസനം എന്ന  വാക്ക്             അർത്ഥപൂർണ്ണമാക്കുന്നു . 

പ്രകൃതിയും  വികസനവും  മിക്കപ്പോഴും  നേർക്കുനേർ  ഏറ്റുമുട്ടുന്ന  രണ്ട്  വാക്കുകളാണ് . അശാസ്ത്രീയവികസനത്തിന്റെ കയ്പ്പേറിയ  രുചി  അറിഞ്ഞിട്ടുള്ള  പലരും വികസനം എന്ന വാക്കിനെ അൽപ്പം  ഭയത്തോടെയാണ്  കാണുന്നത് . അവരെ  തെറ്റ്  പറയാൻ പറ്റില്ലല്ലോ ?!!..... ചൂടുവെള്ളത്തിൽ ചാടിയ പൂച്ച  പച്ചവെള്ളം കണ്ടാലും പേടിക്കും  എന്നല്ലേ  പഴമൊഴി . വികസനങ്ങളിലെ  അസാസ്ത്രീയതയും  വികസനത്തിന്റെ  അനിവാര്യതയും  വിശദമായി  വിശകലനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.വികസനങ്ങളിലെ  അശാസ്ത്രീയത  പ്രകൃതി  കുറച്ചുകാലത്തേക്ക്  ക്ഷമിച്ചേക്കാം..... സ്വന്തം  കുട്ടിയുടെ  വികൃതി  ഒരു അമ്മ ക്ഷമിക്കുന്നതുപോലെ . പക്ഷേ  ഒന്ന്  ഓർക്കുക  നിരന്തരമായ  വികൃതികൾ  പലപ്പോഴും കുട്ടിയുടെ കണ്ണുനീരിൽ  മാത്രമാണ്  അവസാനിക്കാറുള്ളത് . അതുകൊണ്ടുതന്നെ പ്രകൃതിയുമായി  രമ്യതയിൽ  പോകുന്നതാണ്  വികസനത്തിന്  നല്ലത് .

ശക്തമായ നേതൃത്വത്തിന്റെ  അഭാവമാണ്  വികസനപദ്ധതികൾ  നേരിടുന്ന  മറ്റൊരു പ്രധാന  വെല്ലുവിളി . നേതാവിന്റെ  സത്യസന്ധതയും  കാര്യക്ഷമതയും  വികസനപദ്ധതികളുടെ  വിജയത്തിന്  അനിവാര്യഘടകമാണ്‌ .  

മുകളിൽ  സൂചിപ്പിച്ചതുപോലുള്ള  ചില്ലറ  ആശങ്കകൾ   മാറ്റിനിർത്തിയാൽ  വികസനം  എന്ന  വാക്ക്   എല്ലാവർക്കും  പ്രിയപ്പെട്ടതാണ് . വർഷങ്ങൾക്ക്  മുൻപേ  തുടങ്ങിയ  ശാസ്ത്രീയമായ  വികസനപദ്ധതികളിൽ  പലതും  ഇന്നും അവയുടെ  വിജയഗാഥ  തുടർന്നുകൊണ്ടേയിരിക്കുന്നു . അനുയോജ്യമായ  ഒരു  ഉദാഹരണം നിങ്ങൾക്ക്  മുൻപിൽ  സമർപ്പിക്കാതിരിക്കാൻ  എനിക്കാവില്ല. 



1946-ൽ  ഗുജറാത്തിലെ  കെയ്റ  ജില്ലയിലെ ക്ഷീരകർഷകരുടെ  കൂട്ടായ്മയിൽ നിന്ന് ജന്മംകൊണ്ട് ... ഇന്ന്  ഇന്ത്യയുടെ  രുചിയായി മാറിയ  അമുൽ (AMUL -Anand Milk Union Limited) ശാസ്ത്രീയമായ  വികസനപദ്ധതികളുടെ  ഉത്തമോദാഹരണമാണ് . മുൻപ്  സൂചിപ്പിച്ച  ആശങ്കകൾ  ഒന്നും തന്നെയില്ല. ആനന്ദിലെ  ക്ഷീരകർഷകരുടെ  ജീവിതസാഹചര്യത്തിൽ  സുസ്ഥിരമായ  ഉയർച്ച  കൈവന്നു. ഈ വികസനത്തിൽ ധനച്ചോർച്ചക്കുള്ള  സുഷിരങ്ങൾ  ഇല്ലേയില്ല. പ്രകൃതിയോട്  വികൃതികൾ കാണിച്ചിട്ടുമില്ല. ശ്രീ :ത്രിഭുവൻദാസ് ,ഡോ : വർഗ്ഗീസ് കുര്യൻ ,ശ്രീ : ദലയ  എന്നിവരടങ്ങുന്ന ശക്തമായ  നേതൃത്വം  ഈ വികസനപദ്ധതിയെ  വിജയത്തിന്റെ  നെറുകയിലെത്തിച്ചു. 


വളരുന്ന ഇന്ത്യ ഇനിയും ഇതുപോലുള്ള അനേകം ശാസ്ത്രീയമായ         വികസനപദ്ധതികൾക്കായ്  കാത്തിരിക്കുന്നു, വികസനം  എന്ന വാക്ക്  അർത്ഥപൂർണ്ണമാക്കുന വികസനപദ്ധതികൾക്കായ്  . 






 

Friday, 8 March 2013

അമൃത മോഹന് ഒരു കത്ത്

                                                                                                                                        Date:08-03-2013
                                                                                                                                         Place:Thrissur


 പ്രിയസഹോദരി 

                                 ഇന്ന്  മാര്‍ച്ച്-8,കുറേ  ആശകളും  അതിലേറെ ആശങ്കകളുമായി   ഒരു  ലോകവനിതാ ദിനം കൂടി  കടന്ന്‍  പോകുന്നു . സ്ത്രീ സുരക്ഷയ്ക്കും  സമത്വത്തിനുമെതിരെയുള്ള  വെല്ലുവിളികള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു . ഈ  വെല്ലുവിളികള്‍ ചങ്കുറപ്പോടെ  നേരിടാനുള്ള  തന്റേടം  സ്ത്രീകള്‍ക്ക്  അനിവാര്യമാണ്‌ . ഈ  വെല്ലുവിളികള്‍  അതിസാഹസികമായി  നേരിട്ട്  വിജയിച്ച  താങ്കള്‍ക്ക് ആദ്യമായി  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍  അറിയിക്കുന്നു .യാഥാസ്തികയുടെ  നാല് ചുവരുകള്‍ക്കിടയില്‍  സ്വയം  തളയ്ക്കപ്പെട്ട് ,മനസ്സ്  മുരടിച്ച  വിരലില്‍  എണ്ണാവുന്ന  ചില  പുരുഷന്മാര്‍  താങ്കള്‍ നിയമം  കൈയിലെടുത്തു എന്ന്  ചില ചാനല്‍ ചര്‍ച്ചകളില്‍  ആരോപിക്കുന്നത്  കേട്ടു. ലജ്ജാവഹം ..... അല്ലാതെ  എന്ത്  പറയാന്‍ . എവിടെയെങ്കിലും  ഒരു  പീഡനമോ  ദുരനുഭവമോ  ഉണ്ടായതിനുശേഷം  മെഴുകുതിരികത്തിച്ചും പ്ളക്കാര്‍ഡുകളേന്തിയും  ജാഥ  നടത്തുമ്പോള്‍ ,ഒരുപക്ഷേ നേരത്തെ  നിയമം കൈയിലെടുത്തു  എന്ന്  പറഞ്ഞവര്‍ ആ ജാഥയുടെ  മുന്‍പന്തിയിലുണ്ടാകാം. ഇരട്ടത്താപ്പിന്റെ പര്യായമായ  ഈ വിചിത്രജന്തുകളെ സമൂഹം  ഒറ്റപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . 

കഴിഞ്ഞ 2011  ഫെബ്രുവരി  മാസത്തില്‍ ഷൊര്‍ണ്ണൂരിനടുത്തുവെച്ച്  സൗമ്യ എന്ന പെണ്‍കുട്ടി  അതിദാരുണമായി കൊല്ലപെട്ടു. താങ്കളെപ്പോലെ ആക്രമണങ്ങളെ  പ്രതിരോധിക്കാന്‍ ആ   സഹോദരിക്ക് കഴിവുണ്ടായിരുന്നില്ല . പ്രതി ഗോവിന്ദച്ചാമി  ഇപ്പോള്‍  ജയിലില്‍  സുഖവാസത്തിലാണ്‌ . താങ്കള്‍ കൈയിലെടുത്തു എന്ന്  ചിലര്‍ ആരോപിച്ച അതേ നിയമമാണ്‌  ഈ സുഖവാസത്തിനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നതും. വര്‍ഷം  രണ്ട്  കഴിഞ്ഞു . വധശിക്ഷ  ഗണപതികല്യാണം പോലെ  നീണ്ടുപോകുന്നു . നിയമങ്ങളാല്‍  സമ്പന്നമാണ്  നമ്മുടെ നിയമവ്യവസ്ഥ . അതേപോലെ തന്നെ സമ്പന്നമാണ്‌ കാലതാമസത്തിന്റെയും പഴുതുകളുടേയും കാര്യത്തിലും. 
ഷൊര്‍ണ്ണൂരും ഡല്‍ഹിയും,ഈ രണ്ട്  ദിവസം മുന്‍പ്  തിരൂരും നടന്ന സംഭവങ്ങള്‍ പ്രതിരോധിക്കാനറിയാത്തവരുടെ നിസ്സഹായാവസ്ഥ  വ്യക്തമാക്കുന്നു. ഇങ്ങനെയുള്ള  ദുരനുഭവങ്ങള്‍  ഇനി  ആവര്‍ത്തിക്കാതിരിക്കട്ടെ. 

കരാത്തെ,കളരി,നൃത്തം ,ഡ്രംസ്,ബൈക്ക് റൈഡിങ്ങ് ,വീണ, എന്നീ വിവിധ മേഖലകളില്‍  പ്രാവീണ്യം തെളിയിച്ചിട്ടുള്ള  താങ്കള്‍ സ്ത്രീകളുടെ സമത്വത്തിനും സുരക്ഷക്കും വേണ്ടി പോരാടുന്ന അനേകം പോരാളികള്‍ക്ക്  ഒരു  പ്രചോദനമാണ്‌ ... എല്ലാ മേഖലകളിലും  അത്യുജ്ജ്വലമായ  പ്രകടനങ്ങള്‍  കാഴ്ച്ചവെച്ച്  തിളങ്ങട്ടെ  എന്ന്  ആശംസിക്കുന്നു . 

സ്ത്രീസമത്വത്തെയും സുരക്ഷയെയും  കുറിച്ച്  പറയുമ്പോള്‍ എനിക്ക്  ഓര്‍മ്മ വരുന്ന രണ്ട്  വരികള്‍  ഞാന്‍  ഇവിടെ കുറിക്കുന്നു. 
"ഒരു  ആശയത്തിന്റെ  സമയമായാല്‍ ,അതിനെ  തടയാന്‍ ലോകത്തിലെ  ഒരു  ശക്തിക്കും  കഴിയില്ല "-വിക്ടര്‍ ഹ്യുഗോ 

എല്ലാ   ഭാവുകങ്ങളും  നേരുന്നു . 

                                                                  എന്ന് 
(യാഥാസ്തികതയുടെ നാല്‌  ചുവരുകള്‍ക്കിടയില്‍  തളയ്ക്കപ്പെടാത്ത ... മനസ്സ്  മുരടിക്കാത്ത  അനേകം സഹോദരന്‍മ്മാരില്‍ ഒരാള്‍ )


 

Thursday, 17 January 2013

മരുഭൂമിയിലെ മഴ ദൈവത്തിന്റെ കുസൃതി

പ്രണയം ........അത്  മരുഭൂമിയിലെ കുളിര്‍മഴയാണെങ്കില്‍ ...ഈയുള്ളവന്റെ മരുഭൂമിയില്‍ ഇന്നേവരെ ആ മഴ പെയ്തിട്ടില്ല ...പക്ഷേ  ആ  മഴക്കുവേണ്ടി  മനസ്  ഒരുപാട്  കൊതിച്ചിരുന്നു.
അച്ചടക്കത്തിന്റെയും ആത്മസംയമനത്തിന്റെയും  പര്യായമായ  ഒരു ശാലീന സുന്ദരിയെ  കലാലയജീവിതത്തില്‍  കണ്ടുമുട്ടിയതില്‍  നിന്നാവാം  ആ  ആഗ്രഹത്തിന്റെ ഉത്ഭവം .ആഗ്രഹത്തിന്  അല്‍പ്പം അത്യാഗ്രഹത്തിന്റെ  ടച്ച്  ഉണ്ടെന്നുതോന്നിയിട്ടാവാം 
ഈശ്വരന്‍  ആ  ആഗ്രഹം  മുളയിലേ നുള്ളി.അന്നല്‍പ്പം ദേഷ്യവും പിണക്കവും ഈശ്വരനോട്  തോന്നി  എന്നത്  സത്യം തന്നെ...എന്നാലും  നൂപ്പര്‌   നല്ല ദീര്‍ഘവീക്ഷണത്തോടുകൂടിയാണ്‌ 
കരുക്കള്‍  നീക്കിയത്  എന്ന്  ഇപ്പോള്‍  തോന്നുന്നു.വര്‍ഷങ്ങള്‍  നാലഞ്ച്  കഴിഞ്ഞിട്ടും    ആ സംഭവവികാസങ്ങളെല്ലാം  കലാലയജീവിതത്തിലെ ഹിമാലയന്‍വിഡ്ഢിത്തമായി മനസ്സില്‍  മായാതെ  നില്‍ക്കുന്നു . കണ്ടത്  സുന്ദരം ....കാണാത്തത്  അതിസുന്ദരം  എന്നല്ലേ 
പറയുക .അതുകൊണ്ട്  ഈ  മരുഭൂമിയില്‍  മഴ പെയ്തിട്ടിലെങ്കിലും ...ആ മഴ അത് സുന്ദരമാണ്‌.

 മഴപെയ്ത്  കുതിര്‍ന്ന  കുറേ  മരുഭൂമികള്‍  കലാലയജീവിതത്തില്‍  കണ്ടിട്ടുണ്ട് .മൂന്നോ നാലോ 
വര്‍ഷം  തുടര്‍ച്ചയായി  പെയ്ത  മഴയ്ക്കുശേഷം  വരള്‍ച്ച ബാധിച്ച  മരുഭൂമികളും  വിരളമല്ല .
അത്യപൂര്‍വ്വമായി  ചില മരുഭൂമികള്‍ക്ക്  മഴ എന്നെന്നേക്കും  സ്വന്തമായി .
പ്രണയം..... അതിപ്പോഴും ചിലര്‍ക്കെങ്കിലും  കിട്ടാത്ത മുന്തിരിയാണ്‌ .കിട്ടാത്ത  മുന്തിരി  പുളിക്കുമോ മധുരിക്കുമോ  എന്നറിയാന്‍ ഏറ്റവും എളുപ്പമുള്ള  മാര്‍ഗ്ഗം  ആ മുന്തിരി തിന്നവരോട്  ചോദിക്കുകയാണല്ലോ?അങ്ങനെ മുന്തിരി തിന്ന  പലരോടായി  അതിന്റെ രുചി ചോദിച്ചു.
പലര്‍ക്കും  പല രുചിയായിരുന്നു.അതങ്ങനെയാണ്‌ ...വൈവിധ്യങ്ങള്‍     സൃഷ്ടിക്കുന്നതില്‍ ഈശ്വരന്‍  നന്നേ തല്പരനാണ്‌ .
കിട്ടാത്ത മുന്തിരിയുടെ  രുചി  മനസ്സില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു .

മ്മടെ  ഒരു ഗെഡിടെ  പടര്‍ന്ന്‍  പന്തലിച്ച്  പുഷ്പ്പിച്ചുനിന്ന  പ്രണയം  ഒറ്റരാത്രികൊണ്ട്  കത്തികരിഞ്ഞുപോയ   വാര്‍ത്തയാകാം  പ്രണയത്തെക്കുറിച്ച്  ഇങ്ങനെ ചിലവരികള്‍  കുത്തികുറിക്കാന്‍  പ്രജോദനമായത് .ആ  വാര്‍ത്ത അറിഞ്ഞതിനുശേഷമുള്ള  കുറേ  ദിവസങ്ങളില്‍  സെക്കന്റ്ഷോ സിനിമയിലെ കുരുടിമുക്കിലെ പിള്ളേരുടെ  ഉപദേശം  കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.അതെ ....അതുതന്നെ"അന്നും ഇന്നും എന്നും പണമൊന്നുതന്നെ  പെണ്ണിന്‌  കാമുകന്‍ ."കുറേ ദിവങ്ങളോളം  ആ  പെണ്‍കുട്ടിയുടെ  പുഞ്ചിരിച്ച മുഖം  ചതിയുടെ  പര്യായമായി  മനസ്സില്‍ നിന്നിരുന്നു,ക്രമേണ ദൈവത്തിന്റെ കുസൃതിയുടെ  ആംഗിളില്‍  ചിന്തിക്കാന്‍ തുടങ്ങി .ആ ആംഗിളില്‍  ചിന്തിക്കുമ്പോള്‍  ആരെയും തെറ്റുപറയാന്‍ തോന്നുന്നില്ല .ആ  കുസൃതി  നിറഞ്ഞ സിനിമയ്ക്ക്  തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതെല്ലാം  അദേഹമാണല്ലോ...!!സ്ക്രിപ്റ്റില്‍  എന്ത്  ട്വിസ്റ്റ്‌  ഉണ്ടാക്കാനും ആ തിരക്കഥാകൃത്തിനു  പൂര്‍ണ്ണ  അധികാരമുണ്ടല്ലോ..?!!.വെറുതെ നടനെയും നടിയെയും പഴിച്ചിട്ട്  എന്ത് കാര്യം ?.ഇങ്ങനെ എത്രയോ സിനിമകള്‍ അദ്ധേഹം   സംവിധാനം ചെയ്തിരിക്കുന്നു.ചിലതെല്ലാം ഹിറ്റായി ...കുറേയധികം  സിനിമകള്‍ വെളിച്ചം കണ്ടതുമില്ല.മരുഭൂമിയിലെ  കുളിര്‍മഴ  ഇതുവരെ  കൊള്ളാത്തതുകൊണ്ടാവാം  ഈ സിനിമകളുടെ  തോല്‍വിയെ ദൈവത്തിന്റെ കുസൃതിയായെ ഈയുള്ളവന്  കാണാന്‍  കഴിയുന്നുള്ളു .

തകര്‍ന്നുപോയ  ഒരു പ്രണയംകൊണ്ട്  ആര്‍ക്ക്  എന്ത് നേട്ടമുണ്ടായി എന്ന്  ചിന്തിക്കുന്നവര്‍  കുറവല്ല.പലര്‍ക്കും അത് നേട്ടമുണ്ടാക്കിയിട്ടുണ്ട് .പ്രണയം എന്ന പ്രതിഭാസം ഇല്ലായിരുന്നെങ്കില്‍  കേരളത്തിലെ  അല്ല  ഇന്ത്യയിലെതന്നെ പല  മൊബൈല്‍ഫോണ്‍  സേവനദാതക്കളുടെയും നൈറ്റ് കോള്‍  ഓഫറുകള്‍ ,ജോഡി സിം ഓഫറുകള്‍ ,എസ് .എം.എസ്  ഓഫറുകള്‍ ,മറ്റ്  അല്ലറ  ചില്ലറ ഓഫറുകള്‍ എന്നിവ ഇത്രയധികം വിജയിക്കില്ലായിരുന്നു.
എത്രയോ അധികം കോഫിഷോപ്പുകള്‍ക്കും  സിനിമാതിയേറ്ററുകള്‍ക്കും ..എന്തിന്  ബീച്ചില്‍  ഐസ്ക്രീമും  കപ്പലണ്ടിയും  വില്‍ക്കുന്നവര്‍ക്കുപോലും ആ തകര്‍ന്ന പ്രണയം എത്രയോ  ഉപകാരപ്രദമായിട്ടുണ്ട് .ദൈവം എന്ന  തിരക്കഥാകൃത്ത്  ഒന്നും കാണാതെ ഒരു തിരക്കഥയും  എഴുതില്ലല്ലോ?!ദൈവത്തിന്റെ  കുസൃതിയില്‍ നേട്ടവും കോട്ടവും സംഭവിച്ചവര്‍ക്കും  ഇനി ആ  കുസൃതി അനുഭവിക്കാന്‍ പോകുന്നവര്‍ക്കും ..ഇന്നേവരെ ആ കുസൃതി അനുഭവിക്കാത്ത ഈയുള്ളവന്‍ ഇത് സമര്‍പ്പിക്കുന്നു .





Thursday, 20 December 2012

ഔട്ട്ലോസ് ഇന് ഗോവ

Malayalam Blog Directory





 ഔട്ട്‌ലോസ്   ഇന്‍ ഗോവ 
Text:Madhan
Photos:Rakesh.V.K.&Vinod Vijayan






ഔട്ട്‌ലോസ് ....(outlaws)................ നിയമങ്ങള്‍ തകര്‍ക്കുന്നവര്‍   അഥവാ  തന്തോന്നികള്‍എന്നര്‍ത്ഥം..കലാലയജീവിതത്തില്‍ അളവില്‍ കൂടുതല്‍ നിയമങ്ങള്‍ക്ക് അടിമകളാകേണ്ടിവരുമോ   എന്ന  ആശങ്കയില്‍  ഒരുകൂട്ടം  ചെറുപ്പക്കാര്‍  അവരുടെ  സംഘത്തിന്  ചാര്‍ത്തിയ പേര് .പ്ളാനിംങ്ങ്  ഇല്ലാത്ത യാത്രയുടെ ഹരം നുകരാനുള്ള  അടങ്ങാത്ത ആവേശം,വീണയിടം  വിഷ്ണുലോകമാക്കാനുള്ള  അസാമാന്യകഴിവ് ...തലയൊന്നിന്  പത്തുംപതിനഞ്ചും  ഇരട്ടപേരുകള്‍ ..ഇതൊക്കെയാണ്  ടീം ഔട്ട്ലോസിന്റെ മുഖമുദ്രകള്‍ ...

ഏപ്രില്‍  മാസത്തിലെ ഒരു ചൊവ്വാഴ്ച്ച  പുലര്‍ച്ച നാലുമണിക്കാണ്  ടീം  ഔട്ട്‌ലോസ്  ഗോവയില്‍ ലാന്‍ഡ്‌  ചെയ്യുന്നത് .മഡ്ഗാവ്  റെയില്‍വേ സ്റ്റേഷനില്‍  കാലുകുത്തിയ ഉടനെ  ഈ  ടീമിലെ പലരുടെയും  ഫേസ്ബുക്ക് ,ട്വിറ്റര്‍  സ്റ്റാറ്റസുകള്‍  അപ്ഡേറ്റടായി ..ഗോവയിലെ തങ്ങളുടെ   സാന്നിധ്യം അവര്‍ ലോകത്തെ അറിയിക്കാന്‍ തിരക്കുകൂട്ടി. റെയില്‍വേസ്റ്റേഷനില്‍ നിന്ന്  പുറത്തിറങ്ങിയപ്പോഴേക്കും  ചക്കരക്കട്ടിയില്‍ ഈച്ച  പൊതിയുന്നപോലെ  ഒരുകൂട്ടം ഓട്ടോ  ടാക്സി ഡ്രൈവര്‍മാര്‍  എത്തി .ടീം ഔട്ട്ലോസിലെ  വിലപേശലിന്റെ  തലതൊട്ടപ്പന്മാരെ  നേരിടാന്‍ ആ  ഡ്രൈവര്‍മാര്‍ക്ക് ത്രാണിയില്ലായിരുന്നു.അവര്‍ വന്ന വേഗതയില്‍ സ്കൂട്ടായി.
ബസ്‌സ്റ്റാന്റിലേക്കുള്ള  ദൂരം  നടന്നളക്കാന്‍  തീരുമാനിച്ചു.ഷോട്ട്കട്ടുകള്‍ തേടിപിടിക്കാന്‍  ചില  അഗ്രഗണ്യന്‍മാര്‍  ഉള്ളത്  ടീം ഔട്ടലോസിന്  വലിയൊരു അനുഗ്രഹമായി.നടത്തം അവസാനിച്ചത്  ഒരു ചെറിയ ചായക്കടയിലാണ്.അമ്പലം ചെറുതാണെങ്കിലും  പ്രതിഷ്ഠ  വലുതാണ്....ചായയുടെയും വടാപാവിന്റെയും രുചി അഭേദ്യം തന്നെ.പിന്നെ ഒരു മണിക്കൂര്‍  ബസ്സിനായുള്ള  കാത്തിരിപ്പ് ...അതിനിടയില്‍ ചില്ലറ അലസമായ നടത്തങ്ങള്‍ .കാത്തിരിപ്പിനൊടുവില്‍  പനാജിയിലേക്കുള്ള  ആദ്യത്തെ  ബസ്‌ പ്രത്യക്ഷപ്പെട്ടു.കുണ്ടും കുഴിയും തൊട്ടുതീണ്ടാത്ത വഴിയിലൂടെ ആ ബസ്‌ പതുക്കെ നീങ്ങി.ടീം ഔട്ട്‌ ലോസിന്റെ ഗോവയിലെ ആദ്യത്തെ  പ്രഭാതസവാരി .കാഴ്ച്ചകള്‍ക്ക്  പുതുമയുള്ളതുകൊണ്ട്   കൈയിലെ വാച്ചും,അതിലെ  സൂചികളെക്കുറിച്ചും മറന്ന്‌  പോയി . ബസ്‌ പനാജി സ്റ്റാന്റില്‍ നിര്‍ത്തി ..ഇനി കലാങ്കോട്ടേക്കുള്ള  യാത്രയാണ്...അത് റോക്കറ്റിലാണ്....കുട്ടിബസ്സുകള്‍ സുലഭമായ ഗോവയിലെ  പ്രമുഖ  സ്വകാര്യബസ്സര്‍വ്വീസ്  ആണ്  റോക്കറ്റ്‌  ഗ്രൂപ്പ്‌ ..നമ്മുടെ  കെ.എസ് .ആര്‍.ടി .സി  ബസ്‌  പകുതി മുറിച്ചാല്‍പ്പോലും  ഈ  റോക്കറ്റിനേക്കാള്‍ വലുതായിരിക്കും ..
അധികം വൈകാതെ  റോക്കറ്റ്‌  പുറപ്പെട്ടു ...കലാങ്കോട്  ലക്ഷ്യമാക്കി .റോക്കറ്റ്  എത്തുമ്പോഴേക്കും  വിക്കി അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.വിക്കി....ടീം ഔട്ട്‌ ലോസിന്റെ  ഗോവഭായ് .പിന്നെ വിക്കിയുടെ നിര്‍ദേശപ്രകാരം  എല്ലാവരും ലാ മന്നയിലേക്ക് .
"ലാ മന്ന ടൂറിസ്റ്റ്ഹോം"....ടീം ഔട്ട്‌ലോസിന്റെ അടുത്ത രണ്ടുദിവസത്തെ  സങ്കേതം .
പഞ്ചാരടിയും  വായ്‌നോട്ടവും  ഭാഷക്കതീതമായ  കലയാണെന്ന്‍  റിസപ്ഷനിസ്റ്റ്‌  പെണ്‍കുട്ടിക്ക് 
പെട്ടന്നുതന്നെ  മനസ്സിലായിക്കാണും ...അത്രമാത്രം അത്യുത്തമാമായിരുന്നു  ടീം ഔട്ട്‌ലോസിലെ  ചില അംഗങ്ങളുടെ  പ്രകടനം.വൈകാതെ യാത്രാക്ഷീണം തീര്‍ക്കാനായി  ബീച്ചിലേക്ക് ..ബീച്ചിനടുത്തുള്ള  മദ്യഷോപ്പുകളില്‍ കച്ചവടം  പൊടിപ്പൊടിക്കുന്നു..
ബിയറും വൈനും  ബ്രീസറും  പിന്നെ പേരറിയാത്ത ഒരുപാട്  ബ്രാന്‍ഡുകളും ...എല്ലാം സുലഭം 
ബക്കാടിക്ക്  നന്ദി....ബിയറിന്റെയും മറ്റുള്ളവയുടേയും രുചി ഇഷ്ടപ്പെടാത്തവര്‍ക്കുവേണ്ടി  ബ്രീസര്‍ സൃഷ്ടിച്ചതിന് .ബിയറും വൈനും  ബ്രീസറും  കൊക്കകോളയുമൊക്കെ  പലകൈകളിലും പ്രത്യക്ഷപ്പെട്ടു. വൈകാതെത്തന്നെ  ജലകേളികള്‍ക്ക്  തുടക്കമായി ...കടല്‍ ഇളക്കിമറിക്കാന്‍ 
കഷ്ടപ്പെട്ടിരുന്ന  വിദേശിസംഘത്തിനൊപ്പം ഔട്ട്‌ലോസും കൂടി....കുറച്ചുപ്പേര്‍  ഫുട്ബോള്‍ കളിക്കുന്ന കുട്ടിസംഘത്തിനൊപ്പം  തിമര്‍ത്താടി.പിന്നെ വാട്ടര്‍ ഗെയിംസിലേക്ക്‌  ...വാട്ടര്‍ ബൈക്കിംങ്ങ്,ബോട്ടില്‍ കെട്ടിവലിച്ച്  പറത്തുന്ന  പാരച്യുട്ടില്‍  ഒരല്പ്പനേരത്തെ    ആകാശസഞ്ചാരം ..അങ്ങനെ നാലോ  അഞ്ചോ  വികൃതികള്‍ .അവസാനം  മണല്‍പ്പരപ്പില്‍  വെയിലേറ്റ്  വെറുതെയുള്ള കിടപ്പ് ...സായിപ്പിനും  മദാമക്കും  ഫ്രീയായി  ഒരുപാട്  മലയാളം  കമന്റുകള്‍ ..നാലരമണിക്കൂര്‍  കടന്ന്‍  പോയി  എന്ന്  തിരിച്ചറിയാന്‍  വിശപ്പിന്റെ  സൈറന്‍  മുഴങ്ങേണ്ടിവന്നു .ധാബ കോണ്‍സപ്റ്റിന്   പഞ്ചാബി  സഹോദരങ്ങള്‍ക്ക്  നന്ദി ...സര്‍വ്വവിശപ്പും 
ബജറ്റില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ടുതന്നെ  തീര്‍ത്തു .ഇനി ഒരു മൂന്ന് മണിക്കൂര്‍  വിശ്രമം .വൈകുന്നേരങ്ങളില്‍  ഉണരുന്ന ഗോവയുടെ  പുതുമുഖം  ദര്‍ശിക്കാനായി  ഒരു ചെറിയ കാത്തിരിപ്പ്
ഔട്ട്‌ ലോസിന്റെ ക്യാമറകളില്‍  ഏറ്റവും കൂടുതല്‍ പതിഞ്ഞ മുഖം .....ഔട്ട്‌ ലോസിന്റെ  സ്വന്തം പട്ടര്‍  
ജലകേളികളില്‍ മതിമറന്ന്  നക്കീരനും പി.ആര്‍ .ഒ യും 
ആളൊഴിഞ്ഞ കസേരകള്‍ .....അസ്തമിക്കുന്ന സൂര്യന്‍ 

സൂര്യഭഗവാന്‍ ......നിദ്രയിലേക്ക് 

ബാഗ ബീച്ചിലെ  മനോഹരമായ  ഒരു സൂര്യാസ്തമയദര്‍ശനത്തോട്  കൂടി ആഘോഷങ്ങളുടെ  അടുത്ത  സെക്ഷന്‍  തുടങ്ങി .ബീച്ചില്‍ തിരക്ക്  കൂടുതലാണ് .വാട്ടര്‍ ഗെയിംസെല്ലാം അവസാനിച്ചിരിക്കുന്നു .. . .ബോട്ടുകളും  വാട്ടര്‍ ബൈക്കുകളും  തീരത്തടുക്കുന്നു .വിനോദസഞ്ചാരികള്‍ക്കുപുറമേ  ഗോവവാസികളും  ഇപ്പോള്‍  ബീച്ചിലുണ്ട് .കടലിന്റെ  അങ്ങേയറ്റങ്ങളില്‍ കണ്ണുംനട്ട്  സല്ലപിക്കുന്ന  പ്രണയജോഡികള്‍  സുലഭമായ  കാഴ്ച്ചയാണ്‌ .ബീച്ചിനടുത്തുള്ള  ഹോട്ടലുകളില്‍  കാന്റില്‍ ലൈറ്റ്  ഡിന്നറിനുള്ള  ടേബിളുകള്‍ 
നിരന്നുകഴിഞ്ഞു . ഒരു കൗതുകം കൊണ്ട് ഔട്ട്‌ ലോസിലെ പലരും ആ കലാപരിപ്പാടിയുടെ ചിലവ് 
അന്വേഷിച്ചു..ഹോട്ടലുകളിലെ വിലവിവരപ്പട്ടിക കണ്ടപ്പോള്‍ രണ്ടുവരി  മലയാളം കവിത ഓര്‍മ്മ വന്നു
."വെളിച്ചം ദുഃഖമാണുണ്ണീ,,,
   തമസല്ലോ  സുഖപ്രദം "
ഇനി നഗരപ്രദിക്ഷണത്തിനുള്ള  സമയമാണ്‌ ...നിലാവത്ത്  അഴിച്ചുവിട്ട കോഴികളേപ്പോലെയുള്ള  ഒരു  അലസസഞ്ചാരം ..വഴിവാണിഭങ്ങള്‍  തകിര്‍തിയായി  നടക്കുന്നു.ബുദ്ധപ്രതിമകളും കരകൗശലവസ്തുക്കളും  മുതല്‍  പല ഫ്ലേവറുകളിലുള്ള  സിഗാറും  മദ്യവും വരെ  ഈ  വഴിയോരങ്ങളില്‍ സുലഭമാണ്.ബോയ്ഫ്രണ്ട്സിനൊപ്പം പബിലേക്ക്  കയറാന്‍  നില്‍ക്കുന്ന  സുന്ദരികള്‍  നടത്തത്തിന്റെ  വേഗത കുറയ്ക്കാന്‍ കാരണമായി .ധാബയിലെ  രുചികരമായ  ഭക്ഷണത്തിനുശേഷം റൂമിലേക്കുള്ള നടത്തം  അല്‍പ്പം വിഷമമ്മായിരുന്നു ..പുള്ളിംങ്ങ്  തീരെ കുറവായിരുന്നു .റൂമിലെത്തി കിടക്കകണ്ടതും  ചിലര്‍ വെട്ടിയിട്ട ചക്കപോലെ  അതിലേക്ക്  വീണു.അങ്ങനെ സംഭവബഹുലമായ ഗോവയിലെ 
ആദ്യദിനം അവസാനിച്ചു.
"പൊട്ടാ മദ്യക്കുപ്പികള്‍ കാണാം "ഗോവ തെരുവുകളിലെ  സുലഭമായ കാഴ്ച്ച


 DAY -2
വസ്കോയിലെ ഹൈദ്രാബാദി ബിരിയാണി 
ഔട്ട്‌ ലോസ് @ സെന്റ്‌  ജാസിന്റോസ്  ദ്വീപ്‌ 


തലേദിവസത്തെ  ആഘോഷങ്ങളില്‍ നിന്ന്  കിട്ടിയ ക്ഷീണത്താല്‍  ഔട്ട്‌ലോസ്  അല്‍പ്പം വൈകിയാണ്‌  ഉണര്‍ന്നത് .ഇന്നത്തെ  പ്രധാന പരിപാടി  ബൈക്കിംങ്ങ് ആണ് പത്തുമണിയോടെ  യാത്ര ആരംഭിച്ചു.ആദ്യം വാസ്കോഡഗാമയിലേക്കാണ്‌  യാത്ര .കുണ്ടും കുഴികളുടെയും കാര്യത്തില്‍  ഗോവ റോഡുകള്‍ പരമദരിദ്രമാണ്‌ .ആ ദാരിദ്രം ഔട്ട്‌ലോസ് 
നന്നായി മുതലെടുത്തു.വഴിയരികില്‍ ഗോവ പോലീസിന്റെ  സാമാന്യം നല്ലോരു സ്വീകരണം 
ലഭിച്ചു .ആ സ്വീകരണം ഒഴിവാക്കാന്‍  പറ്റാത്തതുകൊണ്ട് വാസ്കോയിലെത്തുമ്പോള്‍  ഉച്ചയായി
കടലില്‍ നങ്കൂരമിട്ടിരിക്കുന്ന  കുറച്ചു കപ്പലുകള്‍ പോര്‍ട്ടിലെ മഞ്ഞത്തോപ്പിക്കാരായ .തൊഴിലാളികള്‍ ..അതല്ലാതെ  അവിടെ  കാര്യമായി ഒന്നും 
കാണാനില്ലായിരുന്നു.സോണി ആല്‍ഫയില്‍ കുറച്ചു ഫോട്ടോസ്  ശേഖരിച്ചശേഷം  അവിടെനിന്ന്  തിരിച്ചു. വിശപ്പ് മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ പഞ്ചാബി ധാബയെ സൗകര്യപൂര്‍വ്വം മറന്നു.ആദ്യം ശ്രദയില്‍പ്പെട്ട  ഒരു ചെറിയ ഹോട്ടലില്‍ നിന്ന് ഹൈദ്രാബാദി ബിരിയാണി അകത്താക്കി.തുടര്‍ന്നുള്ള യാത്രയില്‍ സൂചനാബോര്‍ഡുകള്‍ പിന്‍തുടര്‍ന്ന് സെന്റ്‌  ജാസിന്റോസ്  ദ്വീപില്‍  എത്തിചേര്‍ന്നു.മനോഹരമായ ഉദ്യാനം,ഒരു ചെറിയ പള്ളി മുന്‍പില്‍ സുന്ദരമായ പുഴ...ആ വിശാലമായ പള്ളിമുറ്റത്തുവച്ച്  ഔട്ട്‌ലോസിന്റെ സ്വന്തം ജിജിമോനുംഫുബാളുവും ബൈക്ക് റൈഡിങ്ങില്‍ ഹരിശ്രീ കുറിച്ചു.പിന്നീടുള്ള വഴികളിലും 
പോലീസിന്റെ ശല്യം അസഹനീയമായിരുന്നു.ആറുമണിയോടെ  റൂമിലെത്തുമ്പോള്‍  രാത്രി 
പബിലേക്കുള്ള ടിക്കറ്റുമായി  വിക്കി  കാത്തുനില്‍പ്പുണ്ടായിരുന്നു.പബില്‍ ആടാനുള്ള ഒരു  മൂഡിനുവേണ്ടി  ഔട്ട്‌ലോസ്  ഒരു മിനുങ്ങല്‍ പാര്‍ട്ടി  (സംശയിക്കേണ്ട ..മദ്യസേവ തന്നെ )
സംഘടിപ്പിച്ചു.മദ്യം കഴിക്കുന്നവര്‍ക്ക്  മദ്യം....,കോള  കഴിക്കുന്നവര്‍ക്ക്  കോള....
ഇനി രണ്ടും കഴിക്കുന്നവര്‍ക്ക് മിക്സ്‌ ചെയ്ത് കഴിക്കാം.ആരും ആരെയും നിര്‍ബഡിക്കില്ല.
മദ്യത്തിന്റെ മണംകൊണ്ടുമാത്രം കിക്കായ ഫുബാളുവായിരുന്നു ആ പാര്‍ട്ടിയിലെ താരം,
പബ് ....ഔട്ട്‌ലോസിന്  ഒരു പുതിയലോകമായിരുന്നു ...അത്ഭുതങ്ങളുടെ ലോകം.
സംഗീതവും നൃത്തവും ആഘോഷങ്ങളും  നിറഞ്ഞ  ഗോവ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച .
നേപ്പാളി,മണിപ്പൂരി സുന്ദരികളുമായുള്ള  മൂന്ന്മണിക്കൂര്‍ ഡാന്‍സിനുശേഷം  ഔട്ട്‌ലോസ്  പബിനോട്  വിടപറഞ്ഞു .
ഫുബാളുവാണ്‌...  താരം 

DAY -3

ഗോവയോട്  വിടപറയണം  എന്ന  ചെറിയ  വിഷമത്തോടുകൂടി   ഔട്ട്‌ലോസ്  മൂന്നാം  ദിവസത്തെ വരവേറ്റു.ഓള്‍ഡ്‌ ഗോവയാണ്  ഇന്നത്തെ ലക്ഷ്യം.സര്‍വ്വലഗേജും പാക് ചെയ്ത്  ല മന്ന ടൂറിസ്റ്റ്ഹോമിനോടും വിക്കിയോടും ഔട്ട്‌ലോസ്  യാത്ര പറഞ്ഞു.ഫ്രാന്‍സിസ് സേവ്യയര്‍പുണ്യവാളന്റെ  പള്ളിയിലേക്കയിരുന്നു ആദ്യസന്ദര്‍ശനം.ഏത്  പുണ്യവാളനെകണ്ടാലും ഔട്ട്‌ലോസിലെ മിക്കവരും ചോദിക്കുന്നത്  ഒരേ കാര്യമായിരിക്കും 
..സപ്ളികള്‍ തീര്‍ക്കുവാനുള്ള എളുപ്പവഴി .വിശദമായ പള്ളി സന്ദര്‍ശനത്തിനുശേഷം  പുണ്യവാളനോട്‌  മുട്ടിപ്പായൊന്ന്  പ്രാര്‍ത്ഥിച്ചു .പിന്നെ പതുക്കെ തൊട്ടടുത്തുള്ള ആര്‍ക്കിയോളജിക്കല്‍ മ്യുസിയത്തിലേക്ക് ..സംഗതി ചരിത്രമായതുകൊണ്ട്  ഔട്ട്‌ ലോസ് 
മ്യുസിയത്തിനകത്തേക്ക്  കയറിയില്ല .പകരം ഉദ്യാനങ്ങളില്‍ ഒരു തകര്‍പ്പന്‍ ഫോട്ടോ സെക്ഷന്‍  നടന്നു...പല വിദേശികളും ഔട്ട്ലോസിന്റെ കൂട്ടുകാരായി.സമയം നാലരയായപ്പോള്‍ ഓള്‍ഡ്‌ ഗോവയില്‍നിന്ന്  മെല്ലെ  വലിഞ്ഞു ..
മഡ്ഗാവില്‍നിന്നും  ഔട്ട്‌ലോസിന് ഒരു സ്പെഷ്യല്‍ ഗിഫ്റ്റ് വങ്ങാനുണ്ടായിരുന്നു ..,,
നിര്‍ഭാഗ്യവശാല്‍  ഈ  യാത്രയില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്ന ഔട്ട്ലോസിന്റെ സ്വന്തം 
സായിപ്പ് ടോണിക്കുവേണ്ടി.  വൃത്തിയുടെ പര്യായമായ സായിപ്പിന്   ഒരു വെള്ള ഗോവ 
ടീഷര്‍ട്ട് തന്നെ വാങ്ങി..
സായിപ്പും മദാമയും പിന്നെ ഔട്ട്‌ലോസും 
ഔട്ട്‌ ലോസ് @ആര്‍ക്കിയോളജിക്കല്‍ മ്യുസിയം -ഓള്‍ഡ്‌ ഗോവ 

ഗോവയിലെ അവസാനനിമിഷങ്ങള്‍ പകര്‍ത്താന്‍ സോണി ആല്‍ഫ തയ്യാറായി ...
സെല്‍ഫ്  ടൈമര്‍ മോഡില്‍  ഒരു  ഗ്രൂപ്പ്‌  ഫോട്ടോ....
ഭാഗ്യം ആരും കണ്ണടച്ചിട്ടില്ല.......അതെ ...ഫുബാളൂ ,കരു ,സുരേഷ് ,പി.ആര്‍ ഒ ,നക്കീരന്‍ ,പട്ടര്‍ ട്രബന്‍ ,ജിജി ,സുധാകരന്‍ ,പെട്ടി.ജമാല്‍ ,ഷേരു,പൊയ്ക്കാല്‍ ,തുള്ളാക്ക,കുതിര.മദന്‍ ,പോത്തന്‍ ,ചുണ്ടു,അണ്ണന്‍ ......എല്ലാവരുടെയും കണ്ണുകള്‍ തുറന്നിരിക്കുന്നു.ഗോവ വിസ്മയങ്ങള്‍ കണ്ട്  കൊതിതീരാത്ത  കണ്ണുകളുമായി ഔട്ട്‌ലോസ് ഗോവയോട്  യാത്ര പറഞ്ഞു .

 

 

























Tuesday, 20 November 2012

ഒരു തടിയന്റെ വേദനകളും ആഗ്രഹങ്ങളും

Malayalam Blog Directory
ഈശ്വരന്‍  ഈ  ഇരുപത്തിമുന്നാം  വയസില്‍  എനിക്ക്  തന്നിട്ടുള്ള  ഉയരം 170 സെ .മീ .ഇന്നലെ ശരീരഭാരം അളന്നപ്പോള്‍  കിട്ടിയ സംഖ്യ  93(93കിലോ ).ശാസ്ത്രീയമായി വിശകലനം ചെയ്‌താല്‍ ഞാന്‍ ഇപ്പോള്‍ ഒരു തടിയനാണ്..വെറും തടിയനല്ല...പൊണ്ണത്തടിയന്‍ ..ഈ  തടി  എപ്പോഴാണ്  എന്റെ ജീവിതത്തിന്റെ ഭാഗമായത്  എന്ന്  എനിക്ക്  കൃത്യമായി  തിട്ടപെടുത്താന്‍  പറ്റുന്നില്ല.ഒന്നറിയാം ... ബാല്യകാലത്ത്‌  ഞാനും മെലിഞ്ഞവനായിരുന്നു ....
ഒരു തടിയനുമുന്പില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടാല്‍ അവന്‍ ആദ്യം ചോദികുന്നത്  ഒരു വരമയിരിക്കും ...മെലിയാനുള്ള  വരം...വെറുതെ ഭംഗിവാക്ക്  പറയുന്നതല്ല....വര്‍ഷങ്ങളായി ഈ തടിയന്‍ കണ്ട  പല  സ്വപ്നങ്ങളിലും പലതവണ ഈശ്വരന്‍  പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ...അന്നെല്ലാം  ഞാന്‍  ചോദിച്ചത്  ഒരേയൊരു  വരാമായിരുന്നു .....മെലിയാനുള്ള വരം .

സമൂഹം തടിയന്മാര്‍ക്ക് നല്‍കുന്ന  അവഗണനയും പരിഹാസവും കാണുമ്പോള്‍ ...മെലിയാന്‍ വരം തരാത്ത  ഈശ്വരനോട് പലവട്ടം പരിഭവം തോന്നിയിട്ടുണ്ട് .തടിയന്മാരുടെ ഭക്ഷണശൈലിയെ 
സംബന്ധിച്ച  ചില പതിവുചോദ്യങ്ങള്‍  എന്നില്‍ ആശ്ചര്യം ഉണര്‍ത്തിയിട്ടുണ്ട് ..ആദ്യമായി പരിചയപ്പെടുന്ന പലരും  ചോദിക്കാറുണ്ട് .."ചിക്കനും മട്ടനും ബീഫുമൊക്കെ  നല്ല വെട്ടാണല്ലേ..?" എന്ന്.കഴിഞ്ഞ എട്ടുവര്‍ഷമായി  സമ്പൂര്‍ണ്ണ  സസ്യാഹാരിയായ  ഈ തടിയന്  ഈ ചോദ്യത്തിന്റെ ഗുട്ടന്‍സ് എന്താണെന്നു  ഇപ്പോഴും പിടികിട്ടിയിട്ടില്ല..സസ്യാഹാരി  എന്ന്  കേള്‍ക്കുമ്പോള്‍  ചോദ്യം ചോദിക്കുന്നവരുടെ  കണ്ണില്‍ പ്രത്യക്ഷമാകുന്ന ആശ്ചര്യത്തിന്റെ  തിളക്കം വളരെ കൂടുതലാണ്.സമ്പൂര്‍ണ്ണ  സസ്യാഹാരിയായ ആന  തടിച്ചിരിക്കുന്നതും ..സമ്പൂര്‍ണ്ണ മാംസാഹാരിയായ  പുലി മെലിഞ്ഞിരിക്കുന്നതും പ്രകൃതിയുടെ  രൂപകല്പ്പനയിലെ  വൈവിധ്യം!!.ആ വൈവിധ്യം  പ്രകൃതി  മനുഷ്യനിലും  പ്രയോഗിച്ചിരിക്കുന്നു ..മെലിഞ്ഞവര്‍ മാത്രമുള്ള വൈവിധ്യങ്ങളില്ലാത്ത  ഒരു ലോകത്തെ  വൈവിധ്യപൂര്‍ണ്ണമാക്കാന്‍  ഈശ്വരന്‍  തടിയന്മാര്‍ക്ക്  ജന്മം നല്‍കി ...


മെലിയണം  എന്ന ആഗ്രഹം മൂത്ത് ..ഈ തടിയനും പലവട്ടം മെലിയാന്‍ ശ്രമിച്ചിരുന്നു...അല്ല  കുറച്ചൊക്കെ  മെലിഞ്ഞു എന്ന്  തന്നെ  പറയാം.പക്ഷേ ..ആ നാളുകളില്‍ എനിക്ക് നഷ്‌ടമായ 
ലഡുകളും ,ചോക്ലേറ്റുകളും  മറ്റു  മധുരപലഹാരങ്ങളും എല്ലാം  നഷ്ടം തന്നെയല്ലേ ....?!!
മെലിഞ്ഞവന്‍  രണ്ടും മൂന്നും ലഡു ഒറ്റയിരുപ്പിന്  അകത്താക്കുമ്പോള്‍ ....ഒരു തടിയന്‍ ഒരു  ലഡുവിന്റെ  പകുതിപൊട്ടിചച്  വായിലേക്കിടുംപോഴേക്കും  ചുറ്റുമുള്ളവരില്‍  ആരെങ്കിലും  ഒരാള്‍  പറയും ..."മധുരം കഴിക്കണ്ടാട്ടോ ...തടി കൂടും ".

എന്തൊക്കെതന്നെ  പറഞ്ഞാലും  എല്ലാ തടിയന്മാരെപോലെ  ഈ തടിയന്റെയും  ആഗ്രഹം  മെലിയനാണ് ..ലഡുവും ,ചോക്ലേറ്റും ,ബര്‍ഗറും ,ചോറും  പപ്പടവും  അങ്ങനെ  ഒരു മെലിഞ്ഞവന്‍ കഴിക്കുന്ന എല്ലാ  ഭക്ഷണസാധനങ്ങളും  കഴിച്ചുകൊണ്ട്  മെലിയണം ..
ഈശ്വരന്‍  ഈ ഡിമാഡുകള്‍  അംഗീകരിച്ചുകൊണ്ട്  മെലിയാനുള്ള  വരം തരും  എന്ന്  ഈ  തടിയന്‍  ഇപ്പോഴും പ്രതീക്ഷിക്കുന്നു....




Saturday, 10 November 2012

ഒരു രാത്രിസഞ്ചാരതിന്റെ ഓര്മ്മകള്



ഒരു രാത്രിസഞ്ചാരത്തിന്റെ ഓര്മ്മകള്
Text:Madhan
Photos:Rakesh.V.K
ഉള്‍വിളി അവനാളൊരു സംഭവം തന്നെ.ഈ രാത്രിസഞ്ചാരത്തിന്റെ തുടക്കം ഒരു ഉള്വിളിയില്‍ നിന്നാണ്..ഒറ്റപാലം അരമന ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുനപോള്‍  വന്ന ഒരു ഉള്‍വിളി.മുന്നാര്‍ പോകണം.കൈയില്‍ കാശും പോവാന്‍ വണ്ടിയും റെഡി ആയതുകൊണ്ട്.രണ്ടു മണികൂരിനുള്ളില്‍ യാത്ര തുടങ്ങി....പാമ്പാടി....പാലക്കാട്‌...പൊള്ളാച്ചി ..ഉദുമല്‍പേട്ട ..മറയൂര്‍ വഴി മുന്നാര്. ഈ രാത്രി സ്വാതന്ത്രത്തിന്റെ രാത്രിയാണ്‌.....ലാബ്‌ റെക്കോര്‍ഡ്‌ ഇല്ല....സീരീസ്‌ ടെസ്റ്റ്‌ ഇല്ല .....അസൈന്‍മെന്റ്  ഇല്ല  അങ്ങനെ ഞങ്ങളെ  ബുദ്ധിമുട്ടിക്കുന്ന ഒന്നും ഇല്ല ... കാര്‍ പാലക്കാടും കടന്ന് പൊള്ളാച്ചി  ലക്ഷ്യമാക്കി  നീങ്ങി
 വഴിയരികില്‍ തമിഴ് ബോര്‍ഡുകള്‍ കണ്ടുതുടങ്ങി ...പൊള്ളാച്ചി തെരുവ് ഇപ്പോള്‍ ശാന്തമാണ്‌ ....പഴനിയിലേക്ക് കാല്‍നടയായി പോകുന്ന കുറെ  തമിഴ് ഭക്തന്മാരെ കണ്ടു.....പോളച്ചി നഗരം പിന്നിട്ടു അരമനികൂര്‍ പോലും കഴിഞ്ഞില്ല ....ഹൈവേ പോലീസ് കൈ കാട്ടി....ഹൈവേ പോലീസിന്റെ നേര്ച്ചപെട്ടിയിലേക്ക്  ഒരു 300 രൂപ  ഇട്ടു  യാത്ര തുടര്‍ന്നു (ഈ നേര്ച്ച ഈ വഴി വരുമ്പോള്‍ ഒഴിവാക്കാന്‍ ഒരല്പം ബുദ്ധിമുട്ടാണ് ) . ഉദുമല്‍പേട്ട  വഴി ചിന്നാര്‍  ചെക്പോസ്റ്റില്‍  എത്തിയപ്പോള്‍ സമയം 5 മണി..ചെക്ക്പോസ്ടിനടുത്തു വാനരസേനയുടെ സാനിധ്യം തരകേടില്ലാത്ത രീതിയില്‍ ഉണ്ടായിരുന്നു....ഇനിയങ്ങോട്ട്  വന്യമൃഗങ്ങളെ പ്രതീക്ഷിക്കാം ...ആനയുടെ സനിധ്യതെപറ്റി ചെക്ക്പോസ്റ്റിലെ അണ്ണാച്ചി  സൂചനകള്‍ നല്‍കിയിരുന്നു ..കാറിലെ സംസാരം കുറഞ്ഞു.....എല്ലാവരും നിരീക്ഷണത്തിലാണ് .... വന്യ മൃഗങ്ങള്‍ എപ്പോള്‍  വേണമെങ്കിലും പ്രത്യക്ഷപ്പെടാം രണ്ടുമണികൂര്‍  നീണ്ട ആ നീരീക്ഷനത്തിന്റെ റിസള്‍ട്ട്‌ .പൂജ്യം  ആയിരുന്നു. മയൂര്‍ ചന്ദനക്കാടുകള്‍ പിന്നിട്ടു  ഞങള്‍ തേയില സാമ്രാജ്യത്തിലേക്ക്  കടന്നു... കുറേനേരത്തെ  ഇരുപ്പിനുശേഷം ...ഒന്ന് നടുനിവര്ത്നായി കാര്‍  വഴിയരികില്‍  നിര്‍ത്തി...സൂര്യഭഗവാന്‍  ഉറക്കം കഴിഞ്ഞു പതുക്കെ പൊന്തിവരുന്നു... മഞ്ഞ് പൂര്‍ണ്ണമായും മറഞ്ഞിട്ടില്ല...അപ്പോഴാണ്  ബാക്ക് സീറ്റില്‍ ഇരിക്കുന്ന  ക്യാമറ കണ്ണില്‍പ്പെട്ടത് ...ഇനി രക്ഷയില്ല...പിന്നീടങ്ങോട്ട് ഒരു അരമണിക്കൂര്‍  അതിനു വിശ്രമം ഇല്ലായിരുന്നു...എല്ലാവരുടെയും മുഖം ആവശ്യത്തില്‍ അധികം  കിട്ടി  എന്ന് തീര്‍ച്ചയാക്കിയശേഷം എല്ലാവരും കാറില്‍ കയറി  യാത്ര തുടര്‍ന്നു ...അരമണിക്കൂര്‍ ഡ്രൈവ് ..ഞങ്ങള്‍ മുന്നാര്‍ എത്തി.ഇനി ഒരു ചെറിയ ബ്രേക്ക്‌. ...മുന്നാരിന്റെ തണുപ്പില്‍  നിന്ന് രക്ഷനേടാന്‍ ചൂടുവെള്ളത്തില്‍ ഒരുകുളി.. അല്‍പ്പം ഇന്ധനം (വയറ്റിലേക്കും ,വണ്ടിയിലെക്കും) നിറയ്ക്കല്‍..മൊബൈല്‍,ക്യാമറ  ചാര്‍ജിംഗ് ....പിന്നെ അല്പം ഫ്രീക്ക് ആവുക ..എല്ലാത്തിനും കൂടി  2 മണിക്കൂര്‍.

രണ്ടു മണിക്കൂര്‍ ദാ എന്നപോലെ പോയി  ..യാത്ര  തുടങ്ങാന്‍ ഒരുമണിക്കൂര്‍ വൈകി..ഇനി യാത്ര പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിലേക്കാണ്..ഫോറസ്റ്റ് ഓഫീസിനുമുന്പില്‍ കാര്‍ പാര്‍ക്ചെയ്തു ഒരു ഗൈഡിനെ തരപ്പെടുത്തി .അണ്ണാച്ചി  മുന്‍പേ നടന്നു.
നടത്തത്തിനിടയില്‍  അണ്ണാച്ചി അവിടെ കണ്ണാന്‍ സാധ്യതയുള്ള  മൃഗങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു...പ്രതീക്ഷയുടെ  എവറസ്റ്റില്‍ നിന്ന് വീണ്ടും വീഴാന്‍ ആഗ്രഹ്മില്ലതതുകൊണ്ട്  കാര്യമായെടുത്തില്ല.കുറച്ചുനേരത്തെ നടത്തത്തിനുശേഷം ഞങ്ങള്‍ അതിസുന്ദരമായ ഒരു കൊച്ചുവീടിന് മുന്‍പിലെത്തി.പുല്ലുകള്‍ നിറഞ്ഞ  താഴ്വര മുന്‍പില്‍ ....ബാക്കി നാലുവശവും    കാട്..മുനിപില്‍ കണ്ട താഴ്‌വരയില്‍ വൈകുന്നേരങ്ങളില്‍  കട്ടുപോത്തുക്കള്‍     
 മേയാന്‍ വരുമെന്ന് അണ്ണാച്ചി പറഞ്ഞു .യാത്ര ബജറ്റ് അല്‍പ്പം ദരിദ്രമാനെന്നാലും  ഞങ്ങള്‍ അണ്ണനോട് ആ വീടിന്റെ വാടക തിരക്കി...സാമ്പത്തികം മാച്ച്  ആവത്തതുകൊണ്ട് ആഗ്രഹങ്ങള്‍ എന്ന ഫോല്ടെരിലേക്ക് ഒരു പുതിയ ഫയല്‍ കൂടി സേവ് ചെയ്തു തിരിച്ചു നടന്നു 


കാടിനോട്‌ റ്റാറ്റ പറഞ്ഞു  ഇക്കോപോയിന്റ്‌ലേക്ക്  യാത്ര തുടര്‍ന്നു’വിശപിന്റെ സൈറന്‍  മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു....ഇക്കോപോയിന്റില്‍   ചെന്നിറങ്ങിയ ഉടനെ  കണ്ണില്‍ പെട്ടത് പേരക്ക വില്‍ക്കുന്ന  ഒരു അണ്ണിയെ  ആണ്.ബജറ്റ് ഫുഡ്‌  ആയതുകൊണ്ട് എല്ലാവരും  പേരക്കയില്‍ ഉച്ചഭക്ഷണം ഒതുക്കി. വ്യൂ പോയിന്റ്‌ലേക്ക്  നടക്കുന്ന വഴിയില്‍  ഒരുകൂട്ടം മധ്യവയസ്കര്‍  അവരുടെ  കോളേജ്  ഗെറ്റ് ടുഗേതെര്‍ ആഘോഷിക്കുന്നു...ഞങ്ങളും അവരും പരസ്പരം നോക്കി ...സൗഹൃദത്തിന്റെ രണ്ട് വത്യസ്ത മുഖങ്ങള്‍ ...






ഇളംകാറ്റില്‍  പ്രകൃതി തീര്‍ത്ത  ആ മായാജാലത്തില്‍  കിക്ക്   ആയി  കുറേനേരം  ഇരുന്നു ....ഇതിനിടെ  ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.ഗ്രഹിണിപിള്ളേര്‍  ചക്കകൂട്ടാന്‍ കണ്ടപോലെ  ഓരോരുത്തരും  (ഞാനടക്കം ) ലെന്‍സിനു മുന്പിലെത്താന്‍  ധൃതി  പിടിച്ചു .ഒന്നര മണിക്കൂറിനുശേഷം മനസ്സില്ലാമനസ്സോടെ ആണെന്ഗ്കിലും അവിടെനിന്ന് തിരിച്ചു.ഇനിയും കുറേ സ്ഥലങ്ങള്‍ കാണാന്‍  ഉള്ളതല്ലേ  എന്നാ ആശ്വാസം മാത്രം.അടുത്ത ലക്‌ഷ്യം തീരുമാനിച്ചിട്ടില്ല .വഴിയോരകാഴ്ചകളില്‍  ഭ്രമിച്ച് കാറിന്റെ സ്പീഡ്  കുറയുന്നുണ്ടായിരുന്നെങ്ങ്കിലും ആര്‍ക്കും അതില്‍ പരിഭവമുണ്ടയിരുനില്ല.വഴിയരിക്കില്‍ നിന്ന്  ചുളുവിലക്ക്  കുറേ കാരറ്റ്  വാങ്ങി.വീണ്ടും ഒരു ബജറ്റ് ഫുഡിങ് ...

 അടുത്ത ലക്ഷ്യത്തെകുറിച്ചുള്ള  ഡിസ്കഷന്‍  നടന്നുകൊണ്ടിരിക്കെ   ഒരു മൊബൈല്‍ ചിലച്ചു ....ഒരു മെസ്സേജ്  ..."All the 7th semester  students  should  submit their fair  record to  the Director Acadamic on  or   before tuesday "  ഇങ്ങനെയുള്ള എസ്എംഎസുകള്‍  ഓരോ സെമെസ്റെരിന്റെ അവസാനവും ഞങ്ങള്‍ക്ക്  കിട്ടാറുണ്ട് .. ജീവിതത്തില്‍ കൃത്യനിഷ്ഠ  കുറവിനെ കുറിച്ച്  കുറ്റബോധം  തോന്നിയ  അപൂര്‍വ്വം ചില നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്.പോംവഴികള്‍ പലതും ആലോചിച്ചു...ഒന്നും കൃത്യമായി നടക്കും എന്ന് ഉറപ്പില്ല.അങ്ങനെ ആ എസ് എം എസ് ഞങ്ങളുടെ അടുത്ത ലക്‌ഷ്യം തീരുമാനിച്ചു......."പാമ്പാടി (ഹോസ്റ്റല്‍ )".5 .1/2  മണിക്കൂറില്‍  കാര്‍  പാമ്പാടിയില്‍ എത്തി ....ഒരുമണിക്കൂര്‍  കഴിഞ്ഞ് Analog   communication     റെക്കോര്‍ഡ്‌നു മുന്‍പില്‍ ഇരിക്കുമ്പോഴും  മനസ്  ആ രാത്രി സഞ്ചാരത്തിന്റെ  ഓര്‍മകളില്‍  നിന്ന്  മുക്തി നേടാന്‍ ആഗ്രഹിചിരുനില്ല.