Thursday 20 December 2012

ഔട്ട്ലോസ് ഇന് ഗോവ

Malayalam Blog Directory





 ഔട്ട്‌ലോസ്   ഇന്‍ ഗോവ 
Text:Madhan
Photos:Rakesh.V.K.&Vinod Vijayan






ഔട്ട്‌ലോസ് ....(outlaws)................ നിയമങ്ങള്‍ തകര്‍ക്കുന്നവര്‍   അഥവാ  തന്തോന്നികള്‍എന്നര്‍ത്ഥം..കലാലയജീവിതത്തില്‍ അളവില്‍ കൂടുതല്‍ നിയമങ്ങള്‍ക്ക് അടിമകളാകേണ്ടിവരുമോ   എന്ന  ആശങ്കയില്‍  ഒരുകൂട്ടം  ചെറുപ്പക്കാര്‍  അവരുടെ  സംഘത്തിന്  ചാര്‍ത്തിയ പേര് .പ്ളാനിംങ്ങ്  ഇല്ലാത്ത യാത്രയുടെ ഹരം നുകരാനുള്ള  അടങ്ങാത്ത ആവേശം,വീണയിടം  വിഷ്ണുലോകമാക്കാനുള്ള  അസാമാന്യകഴിവ് ...തലയൊന്നിന്  പത്തുംപതിനഞ്ചും  ഇരട്ടപേരുകള്‍ ..ഇതൊക്കെയാണ്  ടീം ഔട്ട്ലോസിന്റെ മുഖമുദ്രകള്‍ ...

ഏപ്രില്‍  മാസത്തിലെ ഒരു ചൊവ്വാഴ്ച്ച  പുലര്‍ച്ച നാലുമണിക്കാണ്  ടീം  ഔട്ട്‌ലോസ്  ഗോവയില്‍ ലാന്‍ഡ്‌  ചെയ്യുന്നത് .മഡ്ഗാവ്  റെയില്‍വേ സ്റ്റേഷനില്‍  കാലുകുത്തിയ ഉടനെ  ഈ  ടീമിലെ പലരുടെയും  ഫേസ്ബുക്ക് ,ട്വിറ്റര്‍  സ്റ്റാറ്റസുകള്‍  അപ്ഡേറ്റടായി ..ഗോവയിലെ തങ്ങളുടെ   സാന്നിധ്യം അവര്‍ ലോകത്തെ അറിയിക്കാന്‍ തിരക്കുകൂട്ടി. റെയില്‍വേസ്റ്റേഷനില്‍ നിന്ന്  പുറത്തിറങ്ങിയപ്പോഴേക്കും  ചക്കരക്കട്ടിയില്‍ ഈച്ച  പൊതിയുന്നപോലെ  ഒരുകൂട്ടം ഓട്ടോ  ടാക്സി ഡ്രൈവര്‍മാര്‍  എത്തി .ടീം ഔട്ട്ലോസിലെ  വിലപേശലിന്റെ  തലതൊട്ടപ്പന്മാരെ  നേരിടാന്‍ ആ  ഡ്രൈവര്‍മാര്‍ക്ക് ത്രാണിയില്ലായിരുന്നു.അവര്‍ വന്ന വേഗതയില്‍ സ്കൂട്ടായി.
ബസ്‌സ്റ്റാന്റിലേക്കുള്ള  ദൂരം  നടന്നളക്കാന്‍  തീരുമാനിച്ചു.ഷോട്ട്കട്ടുകള്‍ തേടിപിടിക്കാന്‍  ചില  അഗ്രഗണ്യന്‍മാര്‍  ഉള്ളത്  ടീം ഔട്ടലോസിന്  വലിയൊരു അനുഗ്രഹമായി.നടത്തം അവസാനിച്ചത്  ഒരു ചെറിയ ചായക്കടയിലാണ്.അമ്പലം ചെറുതാണെങ്കിലും  പ്രതിഷ്ഠ  വലുതാണ്....ചായയുടെയും വടാപാവിന്റെയും രുചി അഭേദ്യം തന്നെ.പിന്നെ ഒരു മണിക്കൂര്‍  ബസ്സിനായുള്ള  കാത്തിരിപ്പ് ...അതിനിടയില്‍ ചില്ലറ അലസമായ നടത്തങ്ങള്‍ .കാത്തിരിപ്പിനൊടുവില്‍  പനാജിയിലേക്കുള്ള  ആദ്യത്തെ  ബസ്‌ പ്രത്യക്ഷപ്പെട്ടു.കുണ്ടും കുഴിയും തൊട്ടുതീണ്ടാത്ത വഴിയിലൂടെ ആ ബസ്‌ പതുക്കെ നീങ്ങി.ടീം ഔട്ട്‌ ലോസിന്റെ ഗോവയിലെ ആദ്യത്തെ  പ്രഭാതസവാരി .കാഴ്ച്ചകള്‍ക്ക്  പുതുമയുള്ളതുകൊണ്ട്   കൈയിലെ വാച്ചും,അതിലെ  സൂചികളെക്കുറിച്ചും മറന്ന്‌  പോയി . ബസ്‌ പനാജി സ്റ്റാന്റില്‍ നിര്‍ത്തി ..ഇനി കലാങ്കോട്ടേക്കുള്ള  യാത്രയാണ്...അത് റോക്കറ്റിലാണ്....കുട്ടിബസ്സുകള്‍ സുലഭമായ ഗോവയിലെ  പ്രമുഖ  സ്വകാര്യബസ്സര്‍വ്വീസ്  ആണ്  റോക്കറ്റ്‌  ഗ്രൂപ്പ്‌ ..നമ്മുടെ  കെ.എസ് .ആര്‍.ടി .സി  ബസ്‌  പകുതി മുറിച്ചാല്‍പ്പോലും  ഈ  റോക്കറ്റിനേക്കാള്‍ വലുതായിരിക്കും ..
അധികം വൈകാതെ  റോക്കറ്റ്‌  പുറപ്പെട്ടു ...കലാങ്കോട്  ലക്ഷ്യമാക്കി .റോക്കറ്റ്  എത്തുമ്പോഴേക്കും  വിക്കി അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.വിക്കി....ടീം ഔട്ട്‌ ലോസിന്റെ  ഗോവഭായ് .പിന്നെ വിക്കിയുടെ നിര്‍ദേശപ്രകാരം  എല്ലാവരും ലാ മന്നയിലേക്ക് .
"ലാ മന്ന ടൂറിസ്റ്റ്ഹോം"....ടീം ഔട്ട്‌ലോസിന്റെ അടുത്ത രണ്ടുദിവസത്തെ  സങ്കേതം .
പഞ്ചാരടിയും  വായ്‌നോട്ടവും  ഭാഷക്കതീതമായ  കലയാണെന്ന്‍  റിസപ്ഷനിസ്റ്റ്‌  പെണ്‍കുട്ടിക്ക് 
പെട്ടന്നുതന്നെ  മനസ്സിലായിക്കാണും ...അത്രമാത്രം അത്യുത്തമാമായിരുന്നു  ടീം ഔട്ട്‌ലോസിലെ  ചില അംഗങ്ങളുടെ  പ്രകടനം.വൈകാതെ യാത്രാക്ഷീണം തീര്‍ക്കാനായി  ബീച്ചിലേക്ക് ..ബീച്ചിനടുത്തുള്ള  മദ്യഷോപ്പുകളില്‍ കച്ചവടം  പൊടിപ്പൊടിക്കുന്നു..
ബിയറും വൈനും  ബ്രീസറും  പിന്നെ പേരറിയാത്ത ഒരുപാട്  ബ്രാന്‍ഡുകളും ...എല്ലാം സുലഭം 
ബക്കാടിക്ക്  നന്ദി....ബിയറിന്റെയും മറ്റുള്ളവയുടേയും രുചി ഇഷ്ടപ്പെടാത്തവര്‍ക്കുവേണ്ടി  ബ്രീസര്‍ സൃഷ്ടിച്ചതിന് .ബിയറും വൈനും  ബ്രീസറും  കൊക്കകോളയുമൊക്കെ  പലകൈകളിലും പ്രത്യക്ഷപ്പെട്ടു. വൈകാതെത്തന്നെ  ജലകേളികള്‍ക്ക്  തുടക്കമായി ...കടല്‍ ഇളക്കിമറിക്കാന്‍ 
കഷ്ടപ്പെട്ടിരുന്ന  വിദേശിസംഘത്തിനൊപ്പം ഔട്ട്‌ലോസും കൂടി....കുറച്ചുപ്പേര്‍  ഫുട്ബോള്‍ കളിക്കുന്ന കുട്ടിസംഘത്തിനൊപ്പം  തിമര്‍ത്താടി.പിന്നെ വാട്ടര്‍ ഗെയിംസിലേക്ക്‌  ...വാട്ടര്‍ ബൈക്കിംങ്ങ്,ബോട്ടില്‍ കെട്ടിവലിച്ച്  പറത്തുന്ന  പാരച്യുട്ടില്‍  ഒരല്പ്പനേരത്തെ    ആകാശസഞ്ചാരം ..അങ്ങനെ നാലോ  അഞ്ചോ  വികൃതികള്‍ .അവസാനം  മണല്‍പ്പരപ്പില്‍  വെയിലേറ്റ്  വെറുതെയുള്ള കിടപ്പ് ...സായിപ്പിനും  മദാമക്കും  ഫ്രീയായി  ഒരുപാട്  മലയാളം  കമന്റുകള്‍ ..നാലരമണിക്കൂര്‍  കടന്ന്‍  പോയി  എന്ന്  തിരിച്ചറിയാന്‍  വിശപ്പിന്റെ  സൈറന്‍  മുഴങ്ങേണ്ടിവന്നു .ധാബ കോണ്‍സപ്റ്റിന്   പഞ്ചാബി  സഹോദരങ്ങള്‍ക്ക്  നന്ദി ...സര്‍വ്വവിശപ്പും 
ബജറ്റില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ടുതന്നെ  തീര്‍ത്തു .ഇനി ഒരു മൂന്ന് മണിക്കൂര്‍  വിശ്രമം .വൈകുന്നേരങ്ങളില്‍  ഉണരുന്ന ഗോവയുടെ  പുതുമുഖം  ദര്‍ശിക്കാനായി  ഒരു ചെറിയ കാത്തിരിപ്പ്
ഔട്ട്‌ ലോസിന്റെ ക്യാമറകളില്‍  ഏറ്റവും കൂടുതല്‍ പതിഞ്ഞ മുഖം .....ഔട്ട്‌ ലോസിന്റെ  സ്വന്തം പട്ടര്‍  
ജലകേളികളില്‍ മതിമറന്ന്  നക്കീരനും പി.ആര്‍ .ഒ യും 
ആളൊഴിഞ്ഞ കസേരകള്‍ .....അസ്തമിക്കുന്ന സൂര്യന്‍ 

സൂര്യഭഗവാന്‍ ......നിദ്രയിലേക്ക് 

ബാഗ ബീച്ചിലെ  മനോഹരമായ  ഒരു സൂര്യാസ്തമയദര്‍ശനത്തോട്  കൂടി ആഘോഷങ്ങളുടെ  അടുത്ത  സെക്ഷന്‍  തുടങ്ങി .ബീച്ചില്‍ തിരക്ക്  കൂടുതലാണ് .വാട്ടര്‍ ഗെയിംസെല്ലാം അവസാനിച്ചിരിക്കുന്നു .. . .ബോട്ടുകളും  വാട്ടര്‍ ബൈക്കുകളും  തീരത്തടുക്കുന്നു .വിനോദസഞ്ചാരികള്‍ക്കുപുറമേ  ഗോവവാസികളും  ഇപ്പോള്‍  ബീച്ചിലുണ്ട് .കടലിന്റെ  അങ്ങേയറ്റങ്ങളില്‍ കണ്ണുംനട്ട്  സല്ലപിക്കുന്ന  പ്രണയജോഡികള്‍  സുലഭമായ  കാഴ്ച്ചയാണ്‌ .ബീച്ചിനടുത്തുള്ള  ഹോട്ടലുകളില്‍  കാന്റില്‍ ലൈറ്റ്  ഡിന്നറിനുള്ള  ടേബിളുകള്‍ 
നിരന്നുകഴിഞ്ഞു . ഒരു കൗതുകം കൊണ്ട് ഔട്ട്‌ ലോസിലെ പലരും ആ കലാപരിപ്പാടിയുടെ ചിലവ് 
അന്വേഷിച്ചു..ഹോട്ടലുകളിലെ വിലവിവരപ്പട്ടിക കണ്ടപ്പോള്‍ രണ്ടുവരി  മലയാളം കവിത ഓര്‍മ്മ വന്നു
."വെളിച്ചം ദുഃഖമാണുണ്ണീ,,,
   തമസല്ലോ  സുഖപ്രദം "
ഇനി നഗരപ്രദിക്ഷണത്തിനുള്ള  സമയമാണ്‌ ...നിലാവത്ത്  അഴിച്ചുവിട്ട കോഴികളേപ്പോലെയുള്ള  ഒരു  അലസസഞ്ചാരം ..വഴിവാണിഭങ്ങള്‍  തകിര്‍തിയായി  നടക്കുന്നു.ബുദ്ധപ്രതിമകളും കരകൗശലവസ്തുക്കളും  മുതല്‍  പല ഫ്ലേവറുകളിലുള്ള  സിഗാറും  മദ്യവും വരെ  ഈ  വഴിയോരങ്ങളില്‍ സുലഭമാണ്.ബോയ്ഫ്രണ്ട്സിനൊപ്പം പബിലേക്ക്  കയറാന്‍  നില്‍ക്കുന്ന  സുന്ദരികള്‍  നടത്തത്തിന്റെ  വേഗത കുറയ്ക്കാന്‍ കാരണമായി .ധാബയിലെ  രുചികരമായ  ഭക്ഷണത്തിനുശേഷം റൂമിലേക്കുള്ള നടത്തം  അല്‍പ്പം വിഷമമ്മായിരുന്നു ..പുള്ളിംങ്ങ്  തീരെ കുറവായിരുന്നു .റൂമിലെത്തി കിടക്കകണ്ടതും  ചിലര്‍ വെട്ടിയിട്ട ചക്കപോലെ  അതിലേക്ക്  വീണു.അങ്ങനെ സംഭവബഹുലമായ ഗോവയിലെ 
ആദ്യദിനം അവസാനിച്ചു.
"പൊട്ടാ മദ്യക്കുപ്പികള്‍ കാണാം "ഗോവ തെരുവുകളിലെ  സുലഭമായ കാഴ്ച്ച


 DAY -2
വസ്കോയിലെ ഹൈദ്രാബാദി ബിരിയാണി 
ഔട്ട്‌ ലോസ് @ സെന്റ്‌  ജാസിന്റോസ്  ദ്വീപ്‌ 


തലേദിവസത്തെ  ആഘോഷങ്ങളില്‍ നിന്ന്  കിട്ടിയ ക്ഷീണത്താല്‍  ഔട്ട്‌ലോസ്  അല്‍പ്പം വൈകിയാണ്‌  ഉണര്‍ന്നത് .ഇന്നത്തെ  പ്രധാന പരിപാടി  ബൈക്കിംങ്ങ് ആണ് പത്തുമണിയോടെ  യാത്ര ആരംഭിച്ചു.ആദ്യം വാസ്കോഡഗാമയിലേക്കാണ്‌  യാത്ര .കുണ്ടും കുഴികളുടെയും കാര്യത്തില്‍  ഗോവ റോഡുകള്‍ പരമദരിദ്രമാണ്‌ .ആ ദാരിദ്രം ഔട്ട്‌ലോസ് 
നന്നായി മുതലെടുത്തു.വഴിയരികില്‍ ഗോവ പോലീസിന്റെ  സാമാന്യം നല്ലോരു സ്വീകരണം 
ലഭിച്ചു .ആ സ്വീകരണം ഒഴിവാക്കാന്‍  പറ്റാത്തതുകൊണ്ട് വാസ്കോയിലെത്തുമ്പോള്‍  ഉച്ചയായി
കടലില്‍ നങ്കൂരമിട്ടിരിക്കുന്ന  കുറച്ചു കപ്പലുകള്‍ പോര്‍ട്ടിലെ മഞ്ഞത്തോപ്പിക്കാരായ .തൊഴിലാളികള്‍ ..അതല്ലാതെ  അവിടെ  കാര്യമായി ഒന്നും 
കാണാനില്ലായിരുന്നു.സോണി ആല്‍ഫയില്‍ കുറച്ചു ഫോട്ടോസ്  ശേഖരിച്ചശേഷം  അവിടെനിന്ന്  തിരിച്ചു. വിശപ്പ് മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ പഞ്ചാബി ധാബയെ സൗകര്യപൂര്‍വ്വം മറന്നു.ആദ്യം ശ്രദയില്‍പ്പെട്ട  ഒരു ചെറിയ ഹോട്ടലില്‍ നിന്ന് ഹൈദ്രാബാദി ബിരിയാണി അകത്താക്കി.തുടര്‍ന്നുള്ള യാത്രയില്‍ സൂചനാബോര്‍ഡുകള്‍ പിന്‍തുടര്‍ന്ന് സെന്റ്‌  ജാസിന്റോസ്  ദ്വീപില്‍  എത്തിചേര്‍ന്നു.മനോഹരമായ ഉദ്യാനം,ഒരു ചെറിയ പള്ളി മുന്‍പില്‍ സുന്ദരമായ പുഴ...ആ വിശാലമായ പള്ളിമുറ്റത്തുവച്ച്  ഔട്ട്‌ലോസിന്റെ സ്വന്തം ജിജിമോനുംഫുബാളുവും ബൈക്ക് റൈഡിങ്ങില്‍ ഹരിശ്രീ കുറിച്ചു.പിന്നീടുള്ള വഴികളിലും 
പോലീസിന്റെ ശല്യം അസഹനീയമായിരുന്നു.ആറുമണിയോടെ  റൂമിലെത്തുമ്പോള്‍  രാത്രി 
പബിലേക്കുള്ള ടിക്കറ്റുമായി  വിക്കി  കാത്തുനില്‍പ്പുണ്ടായിരുന്നു.പബില്‍ ആടാനുള്ള ഒരു  മൂഡിനുവേണ്ടി  ഔട്ട്‌ലോസ്  ഒരു മിനുങ്ങല്‍ പാര്‍ട്ടി  (സംശയിക്കേണ്ട ..മദ്യസേവ തന്നെ )
സംഘടിപ്പിച്ചു.മദ്യം കഴിക്കുന്നവര്‍ക്ക്  മദ്യം....,കോള  കഴിക്കുന്നവര്‍ക്ക്  കോള....
ഇനി രണ്ടും കഴിക്കുന്നവര്‍ക്ക് മിക്സ്‌ ചെയ്ത് കഴിക്കാം.ആരും ആരെയും നിര്‍ബഡിക്കില്ല.
മദ്യത്തിന്റെ മണംകൊണ്ടുമാത്രം കിക്കായ ഫുബാളുവായിരുന്നു ആ പാര്‍ട്ടിയിലെ താരം,
പബ് ....ഔട്ട്‌ലോസിന്  ഒരു പുതിയലോകമായിരുന്നു ...അത്ഭുതങ്ങളുടെ ലോകം.
സംഗീതവും നൃത്തവും ആഘോഷങ്ങളും  നിറഞ്ഞ  ഗോവ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച .
നേപ്പാളി,മണിപ്പൂരി സുന്ദരികളുമായുള്ള  മൂന്ന്മണിക്കൂര്‍ ഡാന്‍സിനുശേഷം  ഔട്ട്‌ലോസ്  പബിനോട്  വിടപറഞ്ഞു .
ഫുബാളുവാണ്‌...  താരം 

DAY -3

ഗോവയോട്  വിടപറയണം  എന്ന  ചെറിയ  വിഷമത്തോടുകൂടി   ഔട്ട്‌ലോസ്  മൂന്നാം  ദിവസത്തെ വരവേറ്റു.ഓള്‍ഡ്‌ ഗോവയാണ്  ഇന്നത്തെ ലക്ഷ്യം.സര്‍വ്വലഗേജും പാക് ചെയ്ത്  ല മന്ന ടൂറിസ്റ്റ്ഹോമിനോടും വിക്കിയോടും ഔട്ട്‌ലോസ്  യാത്ര പറഞ്ഞു.ഫ്രാന്‍സിസ് സേവ്യയര്‍പുണ്യവാളന്റെ  പള്ളിയിലേക്കയിരുന്നു ആദ്യസന്ദര്‍ശനം.ഏത്  പുണ്യവാളനെകണ്ടാലും ഔട്ട്‌ലോസിലെ മിക്കവരും ചോദിക്കുന്നത്  ഒരേ കാര്യമായിരിക്കും 
..സപ്ളികള്‍ തീര്‍ക്കുവാനുള്ള എളുപ്പവഴി .വിശദമായ പള്ളി സന്ദര്‍ശനത്തിനുശേഷം  പുണ്യവാളനോട്‌  മുട്ടിപ്പായൊന്ന്  പ്രാര്‍ത്ഥിച്ചു .പിന്നെ പതുക്കെ തൊട്ടടുത്തുള്ള ആര്‍ക്കിയോളജിക്കല്‍ മ്യുസിയത്തിലേക്ക് ..സംഗതി ചരിത്രമായതുകൊണ്ട്  ഔട്ട്‌ ലോസ് 
മ്യുസിയത്തിനകത്തേക്ക്  കയറിയില്ല .പകരം ഉദ്യാനങ്ങളില്‍ ഒരു തകര്‍പ്പന്‍ ഫോട്ടോ സെക്ഷന്‍  നടന്നു...പല വിദേശികളും ഔട്ട്ലോസിന്റെ കൂട്ടുകാരായി.സമയം നാലരയായപ്പോള്‍ ഓള്‍ഡ്‌ ഗോവയില്‍നിന്ന്  മെല്ലെ  വലിഞ്ഞു ..
മഡ്ഗാവില്‍നിന്നും  ഔട്ട്‌ലോസിന് ഒരു സ്പെഷ്യല്‍ ഗിഫ്റ്റ് വങ്ങാനുണ്ടായിരുന്നു ..,,
നിര്‍ഭാഗ്യവശാല്‍  ഈ  യാത്രയില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്ന ഔട്ട്ലോസിന്റെ സ്വന്തം 
സായിപ്പ് ടോണിക്കുവേണ്ടി.  വൃത്തിയുടെ പര്യായമായ സായിപ്പിന്   ഒരു വെള്ള ഗോവ 
ടീഷര്‍ട്ട് തന്നെ വാങ്ങി..
സായിപ്പും മദാമയും പിന്നെ ഔട്ട്‌ലോസും 
ഔട്ട്‌ ലോസ് @ആര്‍ക്കിയോളജിക്കല്‍ മ്യുസിയം -ഓള്‍ഡ്‌ ഗോവ 

ഗോവയിലെ അവസാനനിമിഷങ്ങള്‍ പകര്‍ത്താന്‍ സോണി ആല്‍ഫ തയ്യാറായി ...
സെല്‍ഫ്  ടൈമര്‍ മോഡില്‍  ഒരു  ഗ്രൂപ്പ്‌  ഫോട്ടോ....
ഭാഗ്യം ആരും കണ്ണടച്ചിട്ടില്ല.......അതെ ...ഫുബാളൂ ,കരു ,സുരേഷ് ,പി.ആര്‍ ഒ ,നക്കീരന്‍ ,പട്ടര്‍ ട്രബന്‍ ,ജിജി ,സുധാകരന്‍ ,പെട്ടി.ജമാല്‍ ,ഷേരു,പൊയ്ക്കാല്‍ ,തുള്ളാക്ക,കുതിര.മദന്‍ ,പോത്തന്‍ ,ചുണ്ടു,അണ്ണന്‍ ......എല്ലാവരുടെയും കണ്ണുകള്‍ തുറന്നിരിക്കുന്നു.ഗോവ വിസ്മയങ്ങള്‍ കണ്ട്  കൊതിതീരാത്ത  കണ്ണുകളുമായി ഔട്ട്‌ലോസ് ഗോവയോട്  യാത്ര പറഞ്ഞു .