Saturday 12 October 2013

ശാരദേട്ടന്‍


 ശാരദേട്ടൻ


തൃശൂർ  നഗരത്തിലെ പൊടിപടലങ്ങൾക്കും  കാതുതുളച്ചുകയറുന്ന  വാഹനശബ്ദങ്ങൾക്കും   തീറെഴുതികൊടുത്ത ഒരു പ്രഭാതമായിരുന്നു അത് .കോളേജ്  ജീവിതത്തിലെ  അവിസ്മരണീയ  നിമിഷങ്ങളൾ  അയവിറാക്കാൻ തലേദിവസം  പൂരനഗരിയിൽ ഒത്തുകൂടിയിരുന്നു. ക്ളോക്കിലെ  സൂചികളും അവയുടെ വേഗവും കണ്ണിൽപെടാത്ത നിമിഷങ്ങളായിരുന്നു  അത് .അതുകൊണ്ട്  എപ്പോ ഉറങ്ങി എന്നറിയില്ല.ഒന്നറിയാം .....ഉണർന്നപ്പോൾ  രാവിലെ  പത്തുമണി  കഴിഞ്ഞിരിക്കുന്നു .വിശപ്പിന്റെ  വിളി  കലശലായതോടെ  ഹോട്ടൽ  തേടിയിറങ്ങി.സ്ഥിരം അത്താണിയായിരുന്ന ഇന്ത്യൻ കോഫീഹൗസും മണീസും എല്ലാം  ഒഴിവാക്കി,നഗരത്തിൽ നിന്ന്  അൽപ്പം മാറി  ഒരു  ഉഗ്രൻ  ഹോട്ടൽ  തെരഞ്ഞെടുത്തത്  ഗെഡിയാണ് .ഓ .....ഗെഡി  എന്നുപറഞ്ഞാൽനിങ്ങൾക്കറിയിലല്ലോ?ക്ഷമിക്കണം....ഗെഡി
എന്നാൽ  ആത്മമിത്രം  ജോണ്‍ .ഗെഡി  വളരെ പ്ളാനിംങ്ങോടുകൂടി  നീങ്ങുന്ന  ആളാണ്‌ .അതിപ്പോൾ   പ്രാതലിന്റെ   കാര്യത്തിലായാലും  യുണിവേഴ്സിറ്റി  പരീക്ഷക്കുള്ള  പഠനത്തിന്റെ  കാര്യത്തിലായാലും വിശപ്പിന്റെ  ആധിക്യത്താൽ വയറ്റിലേക്കുപോയ മസാലദോശയുടെയും  വടയുടെയും  എണ്ണത്തിൽ  ആർക്കും  തീരെ നിശ്ചയമുണ്ടായിരുന്നില്ല.എന്നാൽ  സപ്ളെയർക്ക്  എല്ലാം കൃത്യമായി  ഓർമ്മയുണ്ടായിരുന്നു.നീണ്ട യുദ്ധത്തിനുശേഷം  ബിൽ  വന്നു .മ്മടെ പ്ളാനർ  തന്നെയാണ്  ആദ്യം  ബിൽ   നോക്കിയത് .അവന്റെ  മുഖഭാവത്തിൽ  സർവ്വതും വ്യക്തമായിരുന്നു.മസാലദോശയുടെ വിലയിലേക്ക്  ഒന്നുരണ്ടുതവണ  കണ്ണടച്ചുതുറന്നു  നോക്കി.ആ നിമിഷം ആദ്യം മനസ്സിലൂടെ  കടന്നുപോയത്  ശാരദേട്ടന്റെ  മുഖമായിരുന്നു .
മനസ്സില്ലാമനസ്സോടെ  ആ  ബില്ലും  അടച്ച്  തിരികെ  യാത്ര  തുടരുമ്പോഴും  ശാരദേട്ടനും മസാലദോശയും മനസ്സിൽ  നിന്ന് മാഞ്ഞിരുന്നില്ല.ഇത്രയൊക്കെ  പറയാൻ ഈ  ശാരദേട്ടൻ ആരാ..... ?എന്ന്  നിങ്ങളുടെ  മനസ്സിൽ  ചോദ്യമുയരാം.അപ്പോ   ഇനി  നമുക്ക്  ശാരദേട്ടനിലേക്ക്  കടക്കാം.


കോളേജ്  ഹോസ്റ്റലിൽ  എത്തിയ  ആദ്യനാളുകളിൽ  നടത്തിയ  ഒരു  സന്ധ്യാ  സഞ്ചാരത്തിലാണ്  പൊടിപിടിച്ച  ആ  ചെറുപലക  കണ്ണിൽ  തെളിഞ്ഞത് ."ഹോട്ടൽ  ശാരദ ".ഇവിടെ ഇങ്ങനെ  ഒരു  ഹോട്ടലുണ്ടല്ലേ...എന്നാൽ  പിന്നെ   കയറിനോക്കാം.ഓടുമേഞ്ഞ  ഒരു കൊച്ചുവീടിന്റെ  മുൻഭാഗം  ഹോട്ടലാക്കി  രൂപാന്തരപെടുത്തിയിരിക്കുന്നു.ആട്ടവും ഇളക്കവും  കൈമുതലാക്കിയ  മൂന്ന്  ബഞ്ചും ഡസ്കും,എണ്ണ പുരണ്ട  ചില്ലുകൂട്ടിൽ  കുറച്ചു പലഹാരങ്ങൾ,ജാംബവാന്റെ കാലത്തുള്ള ഒരു  ടി.വി,അതിൽ  ഏതോ  തമിഴ്സിനിമയും കണ്ട്  കൈയിൽ  എരിയുന്ന  ബീഡി(നിയമപ്രകാരമുള്ള  മുന്നറിയപ്പ് :പുകവലി  ആരോഗ്യത്തിന്  ഹാനീകരം)മായി ശാരദേട്ടൻ  ഇരിക്കുന്നു.കണ്ടപ്പോൾ  തന്നെ   ചില്ലുകൂട്ടിലെ  പലഹാരങ്ങളിലേക്ക്  കൈചൂണ്ടി  പറഞ്ഞു "ഇനി ഇതുമാത്രമേയുള്ളൂ....."ഒരു  കട്ടൻചായക്കുശേഷം  ശാരദയിലെ  രാവിലത്തെ  മെനുവിനെകുറിച്ച്  വിശദമായി ചോദിച്ചറിഞ്ഞു .പിന്നീട്  എല്ലാ  ബുധനാഴ്ച്ചയും മെസ്സിലെ കരിങ്കൽ ഇഡലിയിൽ  നിന്ന്   രക്ഷനേടാനായി  ഹോട്ടൽ  ശാരദയായിരുന്നു  ശരണം.ഏകദേശം ഒരു  ആറുമാസം  കഴിഞ്ഞപ്പോഴേക്കും  ഹോട്ടൽ ശാരദ  താൽക്കാലികമായി  അടച്ചു.കാരണം  എന്താണെന്ന്  വ്യക്തമല്ലായിരുന്നു.സംഭവബഹുലമായ  അഭ്യാസങ്ങൾക്കുശേഷം ഭൂരിഭാഗം പേരും  കോളേജ്  ഹോസ്റ്റലിനോട്  വിടപറഞ്ഞു .പിന്നീടുള്ള  താമസം  വാടകയ്ക്കെടുത്ത സ്വന്തം  സാമ്രജ്യത്തിലായിരുന്നു.എപ്പോൾ വേണമെങ്കിലും  വരാം,പോകാം.അമ്പലത്തിൽ  നടതള്ളിയ കന്നുകാലികൾ  അനുഭവിക്കുന്ന  ഒരു  സ്വാതന്ത്ര്യമുണ്ടല്ലോ ..അത്  അനുഭവിച്ചു തുടങ്ങിയ  കാലമായിരുന്നു  അത്.
വൈകാതെ  തന്നെ ഹോട്ടൽ ശാരദ  വീണ്ടും  തുറന്നു.പഴയതിലും ഗംഭീര സെറ്റപ്പോടെ.അതും പാമ്പാടി ബസ് സ്റ്റോപ്പിനടുത്ത് . പിന്നീടങ്ങോട്ട്   കോളേജ്  പിള്ളേരുടെ  പ്രവാഹമായിരുന്നു.വളരെ  പെട്ടന്നുതന്നെ ശരദേട്ടൻ  പച്ച പിടിച്ചു തുടങ്ങി.പുതിയ മെസ്സിലെ  ഭക്ഷണപരീക്ഷണങ്ങളിൽ  നിന്നും  രക്ഷനേടാനായി  വീണ്ടും ഒരു വഴി തുറന്നുകിട്ടി.ഒരുരാത്രി ലക്കിടി പാലത്തിൽ  കാറ്റുകൊണ്ട്  നിൽക്കുമ്പോൾ  പ്രിയസുഹൃത്ത്  കരു  ചോദിച്ചു.."മദാ... ഹോട്ടൽ ശാരദയിലെ  ചേട്ടന്റെ  പേരെന്താണ് ?".ആ നിമിഷം വരെ അങ്ങനൊരു പേരിന്റെ  ആവശ്യം  ഉയർന്നുവന്നിട്ടില്ല.ചേട്ടൻ വിളി  മാത്രമായിരുന്നു അതുവരെ  ഉണ്ടായിരുന്നത് .ഉടൻ  അവൻ  തന്നെ പറഞ്ഞു .
ഇനി പേരൊന്നും അന്വേഷിക്കണ്ട,"ശാരദേട്ടൻ ",'ഹോട്ടൽ  ശാരദയുടെ  മുതലാളി -ശാരദേട്ടൻ '.ആ നിമിഷം  ആ  പാവം മനുഷ്യന്  ശാരദേട്ടൻ  എന്ന പേരുവീണു.
രുചിയും,ഗുണനിലവാരവും,താങ്ങാവുന്ന  വിലയും,എല്ലാം ചേർന്നപ്പോൾ  ശാരദേട്ടൻ  സ്റ്റാറായി.15 രൂപയുടെ  മസാലദോശ,5 രൂപയ്ക്ക്  കൈനിറയെ  കിട്ടുന്ന പോക്കാവട,18 രൂപയുടെ സമൃദ്ധമായ ഊണ് ,എല്ലാംകൊണ്ടും  അവിടത്തെ   വിലവിവരപ്പട്ടിക  കണ്ണിന്  കുളിർമ്മയായിരുന്നു.തകൃതിയായി  കച്ചവടം  നടക്കുന്നതിനിടെ  ശാരദേട്ടൻ  ഒരു  മണ്ടത്തരം  കാണിച്ചു.നാട്ടുകാർക്കുള്ളതുപോലെ കോളേജ്  പിള്ളേർക്കും  ഒരു  പറ്റുപുസ്തകം  തുറന്നു,വെറും അഞ്ഞൂറുരൂപ മാത്രം മുൻകൂറായി  വാങ്ങികൊണ്ട് .ഓരോ  നേരം കഴിച്ച  ഭക്ഷണത്തിന്റെ  തുക കഴിച്ച  ആൾ  തന്നെ പറ്റുപുസ്തകത്തിലെഴുതണം.ശാരദേട്ടന്റെ നിഷ്കളങ്കത  ചൂഷണം ചെയ്ത്  ചില തലതെറിച്ചവർ  കണക്കുകൾ  കുറച്ച്  എഴുതി.കുടത്തിന്റെ ചോർച്ച  അടയ്ക്കാതെ  ശാരദേട്ടൻ  വീണ്ടും വെള്ളം കോരികൊണ്ടിരുന്നു.അവസാനം കോളേജിനോട്  വിടപറയുന്ന  സമയത്ത്  ഒരു വിഷവിത്ത്  പറ്റുപുസ്തകത്തിലെ  കണക്കുകൾ  സൂത്രത്തിൽ  കീറി മാറ്റി.ആഹാരം  തന്നവനോട്  ചെയ്ത  പ്രത്യുപകാരം.




മാസങ്ങളക്ക്  ശേഷം  വീണ്ടും  പാമ്പാടിയിലെത്തിയപ്പോൾ ,ഹോട്ടൽ  ശാരദ  എന്ന  ബോർഡ്  കണ്ടില്ല .പകരം വേറൊരു ബോർഡ്  കണ്ടു "ഹോട്ടൽ  ഷൈൻ ".പുതിയ ഹോട്ടൽ മുതലാളിയോട്  ശാരദേട്ടന്റെ  വിശേഷങ്ങൾ  അന്വേഷിച്ചു.അറിഞ്ഞ വിശേഷങ്ങൾ എല്ലാം കാതിനും മനസ്സിനും സുഖം പകരുന്നതായിരുന്നു.ശാരദേട്ടന്റെ  രണ്ട്  മക്കൾക്കും  നല്ല ജോലി കിട്ടിയിരിക്കുന്നു .....ശാരദേട്ടൻ  ഇപ്പോൾ  സന്തുഷ്ടമായ  വിശ്രമം ജീവിതം നയിക്കുന്നു .ഇത്രയും കേട്ടപ്പോൾ  പണ്ടെവിടെയോ  കേട്ട  രണ്ടുവരി  ഓർമ്മ  വരുന്നു
 

"അത്യുന്നതങ്ങളിൽ  ഈശ്വരന്  സ്തുതി
ഭൂമിയിൽ  നന്മയുള്ളവർക്കുമാത്രം  സമാധാനം
"