Friday 4 July 2014

അക്ഷരങ്ങളിൽ നിന്ന് അനുഭവങ്ങളിലേക്ക്........ (ഒരു കുടജാദ്രി യാത്രയുടെ ഓർമ്മകുറിപ്പുകൾ )





അക്ഷരങ്ങളിൽ നിന്ന്  അനുഭവങ്ങളിലേക്ക്........ (ഒരു  കുടജാദ്രി  യാത്രയുടെ ഓർമ്മകുറിപ്പുകൾ )


Photos: Gouthaman,Rahul,Aswin,Hrithik,Madhan 

ആദ്യ മൂകാംബികാദർശനത്തിന്റെ  നിർവൃതിയിൽ  നിൽക്കുമ്പോഴും മനസ്സിൽ  കുടജാദ്രി  എന്ന അടുത്ത ലക്ഷ്യം  ഒരു  ചോദ്യചിഹ്നമായി  ഉയർന്നു നിന്നിരുന്നു.എങ്ങനെ പോകണം,എപ്പോൾ പോകണം,എന്നീ ചോദ്യങ്ങൾ  മനസ്സിൽ കിടന്നുമറിയാൻ  തുടങ്ങിയിട്ട്  സമയം കുറച്ചായി.അതിനിടയിലേക്ക്  ദാ  വീണ്ടും  ഒരു ചോദ്യം...."മുരുഡ്വേശർ  പോരുന്നോ ?"തലേദിവസം തീവണ്ടിയിൽ  നിന്ന്  പരിചയപ്പെട്ട  സുഹൃത്തുകളുടെ  വകയായിരുന്നു  ആ ചോദ്യം.സ്നേഹപൂർവ്വം  "ഇല്ല" എന്ന്  മറുപടി  പറഞ്ഞുകൊണ്ട്  ആ ചോദ്യത്തിൽ നിന്ന്  രക്ഷപ്പെട്ടു.വിചാരിച്ചതിലും ഏകദേശം രണ്ടുമണിക്കൂർ വൈകിയാണ്  ദർശനം കഴിഞ്ഞിറങ്ങിയത്.മുരുഡേശ്വർ യാത്രികരോട്  വിടപറഞ്ഞ്  വീണ്ടും ഏകാന്തസഞ്ചാരി എന്ന  റോളിലേക്ക്  മടങ്ങി.കുടജാദ്രി...കുടജാദ്രി  എന്ന്  ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട്  ജീപ്പ്  ഡ്രൈവർമാർ വഴിയരികിലുണ്ടായിരുന്നു.മൂകാംബിക യാത്രയ്ക്ക്  ഒരാഴ്ച്ച  മുൻപേ,കുദജാദ്രിയിലേക്കുള്ള ട്രെക്കിംങ്ങ്  റൂട്ടിന്റെ  അൽപസ്വൽപ്പം വിവരം തലയിൽകയറിയിരിന്നു.പ്രിയസുഹൃത്തും  സർവ്വോപരി നല്ലൊരു  യാത്രാഭ്രാന്തനുമായ സന്ദീപേട്ടനായിരുന്നു ആദ്യമായി ആ കാട്ടുവഴിയുടെ വിവരങ്ങൾ പറഞ്ഞുതന്നത്.കൂട്ടത്തിൽ  സാഹസികത  മണക്കുന്ന  ഒരു  മുന്നറിയിപ്പും നൽകി ,"രാജവെമ്പാലകളാൽ സമൃദ്ധമായ  കാടാണ്.സൂക്ഷിക്കണം".ഈ  കാര്യങ്ങളെല്ലാം മനസ്സിൽ  റീവൈന്റ്  ചെയ്തപ്പോൾ ജീപ്പ് ഡ്രൈവർമാരുടെ "കുടജാദ്രി....കുടജാദ്രി " എന്ന  ശബ്ദം    നേർത്ത്  ഇല്ലാതായി.ആദ്യചോദ്യത്തിന്  ഉത്തരവും  കിട്ടി.നടന്നുതന്നെ പോകണം.എപ്പോൾ പോകണം  എന്ന ചോദ്യത്തിന്  ഉത്തരം  നൽകിയത്  കാവിവസ്ത്രധാരിയായ  കോട്ടയംകാരൻ  ഗോപാലേട്ടനായിരുന്നു."ഇപ്പോൾ  ഒരു ബസ്സുണ്ട്.....വേഗം വിട്ടോളൂ....ഏകദേശം 14 കിലോമീറ്റർ  നടക്കാനുണ്ട്."അങ്ങനെ രണ്ടാമത്തെ  ചോദ്യവും അപ്രത്യക്ഷമായി.


യാത്രയിൽ  കണ്ടുമുട്ടുന്ന  വഴികാട്ടികളിൽ ഒരാൾ :ഗോപാലേട്ടൻ



കാനനയാത്ര  ഇവിടെ  തുടങ്ങുന്നു..........

 
ഏകദേശം  11 മണിയോടുകൂടി  വിജനമായ ആ  കാട്ടുവഴിയുടെ  മുൻപിൽ ബസ്സിറങ്ങി.കാടിന്റെ വിസ്മയങ്ങളിലേക്ക്  കൈപിടിച്ചുനടത്തിയ  ഗുരുനാഥമാരെ  മനസ്സിൽ ധ്യാനിച്ചുകൊണ്ട്  കാലെടുത്തുവച്ചു.ആദ്യത്തെ ഏകാന്തവനയാത്ര.ശ്രീശങ്കരാചാര്യരുടെയും ദേവിയുടെയും പാദസ്പർശമേറ്റ വനഭൂമിയിലൂടെ...ഒരോ നിമിഷവും കാട് തരാൻ പോകുന്ന  വിസ്മയങ്ങളെ  കുറിച്ചുള്ള ചിന്തയായിരുന്നു  മനസ്സ്  നിറയെ.14കി.മീ. എന്ന  ദൂരം മനസ്സിൽ  നിന്ന്  അപ്രത്യക്ഷമായി.കിളിപ്പാട്ടുകൾക്ക്  കാതുകൊടുത്ത് ,കാടിന്റെ വിസ്മയങ്ങളിലേക്ക്  കണ്ണെറിഞ്ഞ്.....മുന്നോട്ട്.

സന്ദീപേട്ടന്റെ സാഹസികതയുടെ  മണമുള്ള  മുന്നറിയിപ്പ്  മനസ്സിലേക്ക്  വരുമ്പോൾ...ഞാൻ എന്നോട്  തന്നെ പറഞ്ഞു "നാളിതുവരെ  ഞാൻ  കാടിനെതിരായി  ഒന്നും ചെയ്തിട്ടില്ല,ഇനി ചെയ്യുകയുമില്ല......ഗുരുനാഥൻമാർ  പറഞ്ഞു  തന്ന എല്ലാ അതിഥിമര്യാദകളും പാലിച്ചുകൊണ്ടാണ് ഇപ്പോഴും ഈ  കാട്ടിലൂടെ യാത്രചെയ്യുന്നത് ....അതുകൊണ്ട്  തന്നെ ഞാൻ എകനാണെങ്കിലും ഈ  കാട്  എന്നെ  ഉപദ്രവിക്കില്ല."വിശ്വാസത്തിന്റെ കൈപിടിച്ചു കൊണ്ടുള്ള യാത്രയിൽ  വിഷമതകളൊന്നും വരാതെ  കാട്  നോക്കികൊള്ളും.....

മരക്കൊമ്പുകളിൽ ചാടികളിച്ചിരുന്ന  കുരങ്ങന്മാർ   ചോരകുടിക്കുന്ന നോട്ടത്തോടെയാണ്  വരവേറ്റത്....എന്നാൽ  ഒരു ഫോട്ടോ എടുക്കാൻ നോക്കിയാൽ  അതിനും സമ്മതിക്കില്ല.വെയിലിൽ  നടത്തത്തിന്  വേഗതകൂട്ടിയും  മരതണലിൻറെ തണുപ്പിൽ വേഗതകുറച്ചും മുന്നോട്ട് നീങ്ങി.വഴിയരികിൽ വീണുകിടക്കുന്ന കാട്ടുചക്കയുടെ രുചിനുകരുന്ന അണ്ണാർകണ്ണൻമാർക്ക്  മനുഷ്യഗന്ധം തീർച്ചയായും അലോസരമായിരിക്കാം....അവർ ക്ഷമിക്കട്ടെ.ആരുടെയോ ചവിട്ടേറ്റ്  ജീവൻ വെടിഞ്ഞ ഒരു ചിത്രശലഭവും വഴിയരികലെ  കാഴ്ച്ചയായി.കല്ലിൽ ഗുസ്തി പിടിച്ച്  ഇഴഞ്ഞുനീങ്ങുന്ന  ഒരു തേരട്ടയുടെ ഫോട്ടോ എടുക്കുന്നതിനിടയിലാണ്  ഒരു കുഞ്ഞൻ പാമ്പ്‌  കുറച്ചപ്പുറത്തുകൂടി  പാഞ്ഞ് പോയത്.തേരട്ടയെ പോലെ അത്  ഫോട്ടോക്ക്  പോസ് ചെയ്യാൻ നിന്നില്ല.പേരറിയാത്ത ഒരുപാട്  കായ്കൾ   കാട്  വഴിയിൽ  വിതറിയിരുന്നു.ചെറുതും വലുതുമായ  ഒരോ  കാഴ്ച്ചകളും നിരീക്ഷിച്ച് മുന്നോട്ട് നീങ്ങി.ദൂരത്തിനനുസരിച്ച്  ആ  കാട്ടുവഴിയിൽ ചില്ലറ മാറ്റങ്ങളൊക്കെ  കണ്ടുതുടങ്ങി.തുടക്കത്തിൽ ഇലകളും കായ്കളും  നിറഞ്ഞ വഴിയിൽ  മാലിന്യങ്ങൾ  പ്രത്യക്ഷപ്പെട്ടുതുടങ്ങി.പ്ളാസ്റ്റിക്ക്  കുപ്പികൾ ,ബിസ്ക്കറ്റ്  കവറുകൾ ,എന്തിനേറെ പറയുന്നു മദ്യകുപ്പികൾ വരെ ആ വഴിയിൽ  കണ്ടു.


  മാലിന്യങ്ങൾ  നിറയുന്ന കാനനപാത
കാട്ടുവഴിയിൽ  പ്രത്യക്ഷപ്പെട്ട മദ്യകുപ്പികവർ

കല്ലിൽ  ഗുസ്തിപിടിച്ച്  നീങ്ങുന്ന  തേരട്ട


അതിനിടയിൽ  നടന്ന ഒരു ഹൃദ്യമായ സംഭവം ഒരു ഈച്ച  യാത്രയിൽ പങ്കുചേർന്നതാണ്.തലയ്ക്കുചുറ്റും  വട്ടമിട്ട്  കളിച്ചിരുന്ന അതിനെ പലതവണ പേടിപ്പിച്ചു നോക്കി,രക്ഷയില്ല....വിരട്ടലുകൾ കൂസാതെ  ഒരു മൂളിപാട്ടോടുകൂടി  അത്  പിന്നിൽ തന്നെ കൂടി.വഴികൾ  ഒന്നുരണ്ടിടത്ത്  രണ്ടായി പിരിയുന്നുണ്ടായിരുന്നു.പ്ളാസ്റ്റിക്ക്  ബോട്ടിലുകളും  ബിസ്കറ്റ് കവറുകളും  സുലഭമായിരുന്നതിനാൽ  വഴിയെക്കുറിച്ച്  കൂടുതൽ ശങ്കയുണ്ടായില്ല.ഈച്ച  മൂളിപാട്ട്  തുടർന്നുകൊണ്ടേയിരുന്നു.ആദ്യമൊക്കെ അലോസരമുണ്ടാക്കിയ ആ പാട്ട്  പിന്നീട്  ആസ്വാദ്യകരമായി തോന്നി.അകലെ  ഒന്നു രണ്ട്   ചെറിയ  കെട്ടിടങ്ങൾ  കണ്ടപ്പോൾ നടത്തത്തിന്  അൽപ്പം വേഗം കൂട്ടി.കഴിഞ്ഞ രണ്ട്  മണിക്കൂറായി  ഒരു  മനുഷ്യകുഞ്ഞിനെപ്പോലും  കണ്ടിട്ടില്ല....വഴി തെറ്റിയിട്ടില്ല  എന്ന്  ഉറപ്പിക്കാനുള്ള ആദ്യത്തെ ആശ്രയം.




കാട്ടിലെ  ഹോട്ടൽ :തങ്കപ്പേട്ടന്റെ  സന്തോഷ്  ഹോട്ടലിന്  മുൻപിൽ  സഹയാത്രികർ


നടത്തത്തിന്റെ കിതപ്പോടെ ചെന്നുനിന്നത്  കോതമംഗലം  സ്വദേശി  തങ്കപ്പേട്ടന്റെ സന്തോഷ്  ഹോട്ടലിനു  മുൻപിലാണ് .കാടിന്റെ ഒത്ത നടുവിലും ഒരു മലയാളി ഹോട്ടൽ...!!!വിസ്മയം നിറഞ്ഞ മുഖത്തോടെ  അകത്തേക്ക്  കയറിയപ്പോൾ  അതാ ഉള്ളിൽ  നാല്  കുന്നംകുളം അണ്ണന്മാർ.ഒരു ദിവസത്തെ കുടജാദ്രി വാസത്തിനുശേഷം  വീട്ടിലേക്ക്  മടങ്ങുകയായിരുന്നു  അവർ.



രണ്ടുമണിക്കൂർ  നേരത്തെ   നടത്തതിനിടയിലെപ്പോഴോ  രണ്ട്  ലിറ്റർ കുടിവെള്ളം  തീർന്നിരുന്നു.പുതിയ രണ്ട്  ലിറ്റർ  വെള്ളവും കുറച്ച്  വിക്സ് മിഠായിയും വാങ്ങി തങ്കപ്പേട്ടനോടും കുന്നംകുളം അണ്ണന്മാരോടും  വിടപറഞ്ഞു.വഴിയരികിൽ ആദ്യമായി  ഒരു ഫോറസ്റ്റ്  ബോർഡ്  കണ്ടതും  തങ്കപ്പേട്ടന്റെ  ഹോട്ടലിനടുത്തുവെച്ചാണ്,അതും കന്നഡയിൽ.കന്നഡ  വശമില്ലാത്തതുകൊണ്ട്  അത് കാര്യമായി ശ്രദ്ധിച്ചില്ല.തങ്കപ്പേട്ടൻ ചൂണ്ടികാണിച്ച  വഴിയിലൂടെ മുന്നോട്ടുനീങ്ങി.വഴി താരതമ്യേന ദുർഘടമായിരുന്നു..ചെമ്മണ്ണും വേരുകളും  നിറഞ്ഞ കയറ്റങ്ങൾ  കയറാൻ ശരീരം പലതവണ മടികാണിച്ചു.ലോഡുമായി ചുരം കയറുന്ന ലോറിയ്ക്ക്  സമാനമായിരുന്നു   അന്നേരത്തെ അവസ്ഥ.ഇതുവരെയുള്ള നടത്തത്തിൽ കാര്യമായ  കയറ്റിറക്കങ്ങൾ  ഉണ്ടായിരുന്നില്ല.എന്നാൽ  യാത്രയുടെ  രണ്ടാം പകുതിയിൽ  ഓരോ ചുവടും മുന്നോട്ടുവച്ചത്  മനസ്സിലെ ആഗ്രഹം ഒന്നിന്റെ മാത്രം ശക്തിയിലാണ്.അട്ടകൾ ഉണ്ടായിരുന്നെങ്കിലും  കാര്യമായി  ആക്രമിച്ചില്ല.കയറ്റിറക്കമായാലും സമതലമായാലും  വഴിയിൽ  മാലിന്യങ്ങൾക്ക്  കാര്യമായ  പഞ്ഞമുണ്ടായിരുന്നില്ല.ഒരു ലിറ്റർ വെള്ളത്തിന്റെ  ബലത്തിൽ  കുത്തനെയുള്ള കയറ്റങ്ങൾ തരണം ചെയ്ത്  മനോഹരമായ ഒരു പുൽമേട്ടിലെത്തി.ഇളംവെയിലും  മഞ്ഞുകലർന്ന കാറ്റും  കൂടിചേർന്ന്  ഉജ്ജ്വല സ്വീകരണം  നൽകി.വിയർപ്പുകണങ്ങളും മഞ്ഞുകാറ്റും കൂടിചേർന്ന  വിസ്മയപ്രക്രിയയിൽ ശരീരത്തിലും മനസ്സിലും ഊർജം നിറഞ്ഞു.പിന്നീടുള്ള ഏതാനും കിലോമീറ്ററുകൾ താരതമ്യേന നല്ല വേഗത്തിൽ പിന്നിട്ടു.അതിനിടയിൽ സമപ്രായക്കാരായ   നാല്  യുവ എൻജിനീയർമാരെ(ഗൗതമൻ,അശ്വിൻ,രാഹുൽ,ഹൃത്വിക്ക് )പരിചയപ്പെട്ടു.ഏകാന്തയാത്രകൾ  എന്നും പുതിയ  സൗഹൃദങ്ങളിലേക്കുള്ള വാതിലാണ്.... അനുഭവങ്ങൾ  അത്  വീണ്ടും സാധൂകരിച്ചു.പിന്നീടുള്ള  കുത്തനെയുള്ള  കയറ്റങ്ങൾ തരണം ചെയ്തത് അവർക്കൊപ്പമായിരുന്നു.


ഏകാന്തയാത്രകൾ പുതിയ  സൗഹൃദങ്ങളിലേക്കുള്ള  വാതിലാണ് :കാട്ടിൽ  വിരിഞ്ഞ പുതിയ  സൗഹൃദങ്ങൾ




                                               
നാലുമണിക്കൂർ നേരത്തെ  വനയാത്ര കഴിഞ്ഞ്  രണ്ടുമണിയോടുകൂടി  കുടജാദ്രിയിൽ കാലുകുത്തി.മനസ്സിലെ ആഗ്രഹത്തിന്റെയും നാല് ലിറ്റർ വെള്ളത്തിന്റെയും  ഏഴ്  വിക്സ്  മിഠായിയുടെയും  ബലത്തിൽ  സഫലമായ  ഒരു യാത്ര......പതിനഞ്ചുമിനിട്ട് നേരത്തെ വിശ്രമത്തിനിടയിൽ  ധാരാളം കക്കരിയും തണ്ണിമത്തനും പൈനാപ്പിളും അകത്തേക്ക് പോയി.അമ്പലദർശനത്തിനുശേഷം സർവ്വജ്ഞപീഠത്തിലേക്ക് ...


                                     
കുടജാദ്രി......കോടമഞ്ഞിന്റെ സ്വന്തം മലനിരകൾ  
                                                    
മനം മയക്കുന്ന  താഴ്‌വരകൾ

 ഇടയ്ക്കിടെ ശരീരത്തെ പുൽകാനെത്തിയെ  കോടമഞ്ഞിന്റെ  നേർത്ത പടലം  പിന്നീടുള്ള കയറ്റത്തിന്റെ കാഠിന്യം ലഘൂകരിച്ചു.ഹരിതാഭമായ താഴ്‌വരകളിൽ പ്രകാശവിന്യാസത്താൽ പ്രകൃതി ചില്ലറ മാജിക്കുകൾ  കാണിക്കുന്നുണ്ടായിരുന്നു.ആ മാജിക്കുകളിൽ മതിമറന്ന്   അകലങ്ങളിലേക്ക്  ചൂണ്ടുവിരൽ നീട്ടി എത്രതവണ നിന്നു  എന്ന്  നിശ്ചയമില്ല.ഇതിനിടെ കുടജാദ്രിയിലെ  സവിശേഷ ഊർജ്ജത്തെ(ഓർഗോണ്‍ ലൈഫ്  എനർജി )ക്കുറിച്ചും അത്  മനുഷ്യനിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും സഹായാത്രികർക്കിടയിൽ തകൃതിയായി  ചർച്ച  നടക്കുന്നുണ്ടായിരുന്നു.കണ്ണിൽ  തെളിഞ്ഞ കൽമണ്ഡപം  കാലിന്  ശക്തിയേകി.കയറ്റങ്ങൾ പിന്നിട്ട്  അതിനു മുന്നിൽ  ചെന്നപ്പോൾ ചെറുപുഞ്ചിരിയോടെ പൂജാരി  അണ്ണാപ്പ ജോഗി  അടുത്തേക്ക്  വിളിച്ചു.പടികൾ കയറി  ആ  കൽമണ്ഡപത്തിൽ ഇരിക്കുമ്പോൾ ഒരു കൂട്ടം ഈച്ചകൾ ശരീരത്തിനുചുറ്റും പാറി നടകുന്നുണ്ടായിരുന്നു.ഈ യാത്രയിൽ ഈച്ചയ്ക്ക് എന്തോ സ്പെഷ്യൽ റോൾ  ഉള്ളതുപോലെ തോന്നി.കാട്ടിൽ കിലോമീറ്ററുകളോളം  കൂട്ടുവന്നതും ഒരു ഈച്ച ...ദാ ഇപ്പോൾ ഇവിടെയും ഈച്ചമയം.മുൻപിൽ കുങ്കുമാഭിഷേകവും കഴിഞ്ഞ്  ഇരുചെവിയിലും  തലയിലും  ചെമ്പരത്തിപൂവും ചൂടി  ശങ്കരാചാര്യർ  ആശീർവാദഭാവത്തിലിരിക്കുന്നു.


സർവ്വജ്ഞപീഠം...
ആശീർവാദം  ചൊരിഞ്ഞ് ............ ജഗദ് ഗുരു



       
ഐതിഹ്യ കഥകളിലേക്കുള്ള  താക്കോൽ:പൂജാരി  അണ്ണാപ്പ  ജോഗി  ഗുരുവിനോപ്പം


ഈച്ചകളെ തുരത്താൻ ഒരുകെട്ട്  ചന്ദനത്തിരി  കത്തിച്ചുവെച്ചുകൊണ്ട്   അണ്ണാപ്പ  ഐതിഹ്യകഥകളിലേക്ക്  കടന്നു.തറയിൽ കാവി നിറത്തിൽ ഒരു ശ്രീചക്രം വരച്ചിട്ടുണ്ട്,അവിടെയാണത്രെ  ദേവി പ്രത്യക്ഷപ്പെട്ടത്.ഒരൊറ്റ നിമിഷത്തെ  ആദിശങ്കരന്റെ  സംശയം......അതില്ലായിരുന്നെങ്കിൽ കേരളത്തിലെത്തേണ്ട  ദേവിയായിരുന്നു......മനസ്സ്  വെറുതെ മന്ത്രിച്ചു.വിശദമായ കഥയ്ക്ക്  ശേഷം  അണ്ണാപ്പ ചിത്രമൂലയിലേക്കുള്ള വഴി പറഞ്ഞു തന്നു.കുത്തനെയുള്ള ഇറക്കത്തിലൂടെ യാത്ര തുടർന്നു.മിന്നിമറയുന്നു മൊബൈൽ റെയ്ഞ്ചിനൊപ്പം ഒരു കോൾ  വന്നു.തിരികെ യാത്രയ്ക്കുള്ള ജീപ്പുമായി  ഡ്രൈവർ  അരമണിക്കൂറിനുള്ളിൽ എത്തുമെന്നായിരുന്നു സന്ദേശം...അതിവിദഗ്ദ്ധമായി  വിലപേശലിലൂടെ  സഹയാത്രികരാണ്  ആ  ജീപ്പ്  ഡ്രൈവറെ കൈയ്യിലെടുത്തത്.കാത്തുനിൽക്കുന്ന  മറ്റുയാത്രക്കാരെ അധികം  വെറുപ്പിക്കാൻ തോന്നിയില്ല.മനസ്സില്ലാമനസ്സോടെ  തിരിച്ചു നടന്നു.യാത്ര നിരാശപ്പെടുത്തലിന്റെ കലയാണെന്ന്  പണ്ടേതോ മഹാൻ പറഞ്ഞിട്ടുണ്ട്.ചിലപ്പോഴൊക്കെ  അത്  ശരിയാണെന്ന്  തോന്നിയിട്ടുണ്ട്.ഒരൽപ്പം നിരാശയോടെ അതിവേഗം തിരിച്ചിറങ്ങി.തിരിച്ചിറങ്ങുന്നതിനിടെ  ഗണപതി ഗുഹയും സന്ദർശിച്ചു.നല്ലൊരു ടോർച്ചിന്റെയും സമയത്തിന്റെയും  അഭാവത്തിൽ  ഗുഹയുടെ അകത്തേക്കുള്ള സഞ്ചാരം  വേണ്ടന്നുവെച്ചു.പൂജാരി സുരേഷ് ജോഗി വേഗത്തിൽ  തന്നെ ഗുഹയുടെ ചരിത്രം  വളരെ ചുരുക്കി പറഞ്ഞു.



                                                                                                   ഗണപതി ഗുഹയ്ക്ക്  മുൻപിൽ  സഹയാത്രികർ 

തിരിച്ചിറങ്ങുന്നതിതിനിടെ കുടജാദ്രിയിലെ കാറ്റും മൂടൽമഞ്ഞും പറഞ്ഞു ..."പോയി വേഗം തിരിച്ചുവരൂ ".കാണാൻ ബാക്കിവെച്ച കാഴ്ച്ചകൾ വീണ്ടും ഈ കാടും മലകളും താണ്ടി ഇവിടേയ് ക്കെത്താനുള്ള ഊർജ്ജമാകും....തീർച്ച.വിസ്മയങ്ങളിലേക്ക്  തിരിച്ചുവിളിക്കുന്ന കുടജാദ്രി....നിനക്ക്  തൽക്കാലത്തേക്ക്  വിട.

ഇന്നലെ വരെ  കുടജാദ്രിയെ അക്ഷരങ്ങളിലൂടെ മാത്രമേ  പരിചയമുണ്ടായിരുന്നുള്ളൂ...അനുഭവങ്ങളിലൂടെ ഈ പ്രകൃതിവിസ്മയത്തെ  അറിയുമ്പോൾ ഒന്നേ പറയാനുള്ളൂ....അക്ഷരങ്ങൾ കൊണ്ട്  വിസ്മയങ്ങൾ  തീർക്കുന്ന  ദേവിയുടെ മുന്നിൽ  നിന്നും തുടങ്ങിയ യാത്ര ....അത്  അക്ഷരങ്ങളിൽ  നിന്ന്  അനുഭവങ്ങളിലേക്കുള്ള യാത്രയായിരുന്നു.