Thursday 11 July 2013

ഇങ്ങനെയും ഒരു യാത്രയോ........?


 ഇങ്ങനെയും  ഒരു  യാത്രയോ ....? ഇനിയുള്ള  വരികൾ  വായിച്ചുതീരുമ്പോൾ   ഒരുപക്ഷേ   നിങ്ങളുടെ  മനസ്സിലും  ഈ  ചോദ്യം  ഉയർന്നുവരാം .
ഇവിടെ .... ഈ  നിമിഷം ,ഒഴിഞ്ഞ പേപ്പറും മഷിനിറഞ്ഞ  പേനയുമായി ഇരിക്കുമ്പോൾ മനസ്സിൽ  തെല്ലും പരിഭ്രമമില്ല.എന്ത്  എഴുതുണം എങ്ങനെ തുടങ്ങണം  എന്ന  നൂറ്  ചിന്തകളുമില്ല .രണ്ടുവർഷം മുൻപ്  ഒരു രാത്രിയിൽ  സംഭവിച്ചുപോയ  ഒരു യാത്രയെ  യാത്രാവിവരണമാക്കാൻ  ശ്രമിക്കുമ്പോഴുണ്ടാകാവുന്ന  വിഷമങ്ങൾ  ഒന്നും തന്നെയില്ല .കാരണം  ആ യാത്രയെപോലെ ഈ യാത്രാവിവരണത്തിന്റെ ഉത്ഭവവും  ഒരു  ഉൾവിളിയാണ്‍.രണ്ടുവർഷങ്ങൾക്കുമുൻപ് ഒരു ഉൾവിളിയിൽ തുടങ്ങിയ ആ  യാത്ര   യാത്രാവിവരണമാകാൻ  ഇപ്പോൾ വീണ്ടും ഒരു  ഉൾവിളി വേണ്ടിവന്നു.ഉൾവിളികൾക്ക്  സ്തുതി.

ലക്ഷ്യങ്ങൾ  നിശ്ചയിക്കാത്ത യാത്രയിൽ  വഴികൾക്ക് ഭംഗി കൂടും എന്നുതോന്നുന്നു.ലക്ഷ്യസ്ഥാനത്തെപ്പറ്റി  യാതൊരാശങ്കകളുമില്ലാതെ ....തൽക്ഷണത്തിൽ  കാണുന്ന എല്ലാ കാഴ്ച്ചകളും പൂർണ്ണമായി മനസ്സിലേക്കാവാഹിച്ചുകൊണ്ടുള്ള  ഒരു  യാത്ര .
അത്തരമൊരു  യാത്രയുടെ ഓർമ്മകൾ കാലത്തിന്റെ  കുത്തൊഴുക്കിൽ  മനസ്സിൽ  നിന്ന് മാഞ്ഞുപോകുന്നില്ല.വർഷങ്ങൾ കഴിയുമ്പോഴും ആ ഓർമ്മകൾ  മനസ്സിൽ  തെളിഞ്ഞുനിൽക്കും .വീണ്ടും അങ്ങനെ ഒരു യാത്ര  ജീവിതത്തിൽ സംഭവിക്കാൻ  മനസ്സ്  കൊതിക്കും.ഈ വരികളെഴുതുന്ന  ഈ നിമിഷവും മനസ്സ് അങ്ങനെ ഒരു യാത്രക്കുവേണ്ടി കൊതിക്കുകയാണ് .പുഴയിൽ വീണ   ഒരിലപോലെ ഓളത്തിനൊപ്പം  ഒഴുകാൻ .ഓളത്തിനൊപ്പമുള്ള  ഈ  ഒഴുക്ക്  തുടങ്ങുന്നത്  ഭാരതപ്പുഴയുടെ തീരത്തുനിന്നാണ് .

സമയംഏഴരയോടടുത്തിരിക്കും ....ലക്കിടി പാലത്തിൽ  പമ്പാടിയിലെ  കനത്ത ചൂടിനെ  പഴിപറഞ്ഞ്  ഭാരതപ്പുഴയിലേക്ക്  നോക്കി നിൽക്കുമ്പോഴാണ് ആ  ചൂളംവിളി കാതുകളിൽ  മുഴങ്ങിയത് .അരികിലൂടെ  പാഞ്ഞുപോയ ട്രെയിനിന്റെ  നീട്ടിയുള്ള  ചൂളംവിളി .ഹോസ്റ്റൽ റൂമിലെ
ചൂടിൽ നിന്ന് രക്ഷനേടാനുള്ള  വഴികൾ  തേടിയുള്ള ചൂടേറിയ ചർച്ചയായിരുന്നു  അതുവരെ  ആ സഭയിൽ  നടന്നിരുന്നത് .കാതിൽ മുഴിങ്ങിയ ചൂളംവിളി കരു എന്ന ആത്മമിത്രത്തിന്റെ  മനസ്സിൽ ഒരു  ഉൾവിളി  സൃഷ് ടിച്ചു .ശരവേഗത്തിൽ  ഒരു  ചോദ്യം  പുറത്തുവന്നു ."മ്മക്ക്  ഒരു    യാത്ര പോയാലോ ?"ചോദ്യം തീരുന്നതോടെ ഒരേസ്വരത്തിൽ ഉത്തരവും പുറത്തുവന്നു ."പോകാം "
മെസ്സിനും റൂം വാടകയ്ക്കും മാറ്റിവെച്ച  തുകയിൽ നിന്ന്  ഒരു  ചെറിയ തുക  മറിച്ചു .10  മണിയോടുകൂടി  ലക്കിടി  റെയിൽവേ സ്റ്റേഷനിൽ  എത്തി."ലെസ്സ് ലെഗേജ്  മോർ    കംഫർട്ടബിൾ " എന്നല്ലേ  റെയിൽവേ പഴമൊഴി ....അതുകൊണ്ടുതന്നെ  ഒരോർത്തർക്കും ലെഗേജ്  എന്ന്  പറയാൻ  ഒരു  മൊബൈലും പേഴ്സും മാത്രമേ  ഉണ്ടായിരുന്നുള്ളൂ ..    .അക്ഷരാർത്ഥത്തിൽ  കൈയും  വീശിയൊരു  യാത്ര .നിലമ്പൂർ -പാലക്കാട്  പാസഞ്ചറിന്റെ  ചൂളംവിളി  കാതുകളിൽ  മുഴങ്ങി .പിന്നെ ആ  ചൂളംവിളിക്കൊപ്പമായി  യാത്ര .ഓരോ ബോഗിയിലും  നാലോ അഞ്ചോ ആളുകൾ  മാത്രം.ചിലതിൽ അതുമില്ല.രാജകീയമായ  യാത്ര.സീറ്റുണ്ടെങ്കിലും  ഇരിപ്പുറക്കുന്നില്ല.ഓരോരുത്തരും ഓരോ  വാതിൽക്കലായി  നിലയുറപ്പിച്ചു.പകൽ  പലവട്ടം  ആ  വഴിയിലൂടെ  സഞ്ചരിച്ചിട്ടുണ്ടെങ്കിലും  രാത്രിയാത്ര  ആദ്യമായിട്ടായിരുന്നു.നിലാവിൽ കുളിച്ചുനിൽകുന്ന  ഭാരതപ്പുഴയോരം.അതിന്റെ മാസ്മരികതയിൽ  ലയിച്ചങ്ങനെ  നിന്നു.ട്രെയിൻ  മങ്കരയും  പറളിയും  കടന്ന്  പാലക്കാട്  എത്തിയപ്പോഴാണ്  ആ  ചോദ്യം  മനസ്സിലുദിച്ചത് .
"ഇനി എങ്ങോട്ടാണ്  യാത്ര ?" ഉടനടി  അതിനുള്ള  മറുപടി  വന്നു,"സ്റ്റേഷനിൽ  ഇറങ്ങി  ആദ്യം വരുന്ന ട്രെയിനിൽ യാത്ര തുടരാം".ആദ്യ  ട്രെയിൻ  മംഗലാപുരത്തേക്കയിരുന്നു.ചെന്നൈ -മംഗലാപുരം സൂപ്പർഫാസ്റ്റ്  എക്സ്പ്രസ്സ്‌ .ജനറൽ  കംമ്പാർട്ട്മെന്റിലെ  തിരക്കിൽ  പലരുടെയും  മുഖംഅസ്വസ്ഥമായിരുന്നു.അസ്വസ്തതകൾക്കുനേരെ  പുഞ്ചിരി തൂകി യാത്ര തുടങ്ങി . ട്രെയിനിന്റെ  വാതിലിൽ,ഓടിമറയുന്ന  കാഴ്ച്ചകളിലേക്ക്  കണ്ണെത്തിച്ച്  ഇരുപ്പുറപ്പിച്ചു.        
പല കാഴ്ചകൾക്കൊപ്പം ചില കഥകളും ചേർന്നപ്പോൾ  യാത്ര ജോറായി .ഉറക്കത്തിന്  തടയിടാൻ ,ഇടക്കിടയ്ക്കുള്ള  ചായകുടിയിലൂടെ  ആവശ്യത്തിന്  കാഫീൻ ശരീരത്തിൽ  സംഭരിച്ചു.തിരൂരും പരപ്പനങ്ങാടിയും കടന്ന്  വണ്ടി കോഴിക്കോടെത്തിയപ്പോൾ അവില്മിൽക്കിന്റെ  ഓർമ്മ  മനസ്സിലുദിച്ചു.ഈ  വഴി  കടന്നുപോകുമ്പോൾ  ഒരിക്കലും  ഒഴിവാക്കാത്ത  ഐറ്റമാണ്‌ .എന്തായാലും ഇത്തവണ  അതില്ല .വടക്കൻകേരളത്തിലൂടെയുള്ള  യാത്ര എന്നും അതീവഹൃദ്യവും ഊർജം പകരുന്നതുമായിരുന്നു .ഇത്തവണയും അതിന് മാറ്റമില്ല .സൗഹൃദപരമായ  പെരുമാറ്റത്തിലൂടെ അതിഥികളുടെ മനസ്സ്  കൈയിലെടുക്കാൻ  ഈ ജനതക്കുള്ള  കഴിവ്  പലതവണ  ഈ യാത്രയിൽ  ചർച്ചാവിഷയമായി .വണ്ടിയപ്പോഴും  വടക്കോട്ട്‌  പാഞ്ഞുകൊണ്ടിരുന്നു .നാലുമണി  കഴിഞ്ഞിരിക്കുന്നു.മുൻപത്തെ  ആഴ്ച്ച  നടന്ന  സിരീസ്  ടെസ്റ്റിന്  പഠിക്കാൻ പോലും  അങ്ങനെ   ഉണർന്നിരുന്നിട്ടില്ല.കൊയിലണ്ടി ,പയ്യോളി,വടകര , എന്നീ  റെയിൽവേസ്റ്റേഷനുകൾ ദൂരേക്ക്‌  ഓടി മറഞ്ഞു .ട്രെയിൻ  തലശ്ശേരിയോടടുക്കുമ്പോൾ  ഒരു  പുതിയ വിഷയം ചർച്ചക്ക്  കിട്ടി ."ട്രിപ്പിൾ  സി "(C CC-  CAKE,CRICKET,CIRCUS ).ഒരൽപ്പം  ബഡായിവീരനായ  തലശ്ശേരിക്കാരനായ  സുഹൃത്ത്  ക്ളാസിൽ  ഇടയ്ക്കിടക്ക്  വിളമ്പാറുള്ള  തലശ്ശേരിചരിത്രത്തിൽ  ട്രിപ്പിൾ-സി  ഒരു സ്ഥിരം  വിഭവമായിരുന്നു.ട്രിപ്പിൾ-സി  പിന്നെ  സിംഗിൾ-സി  ആയി.ചർച്ച  കേക്കിലേക്കും അതിന്റെ  രുചിക്കൂട്ടിലേക്കും  മാത്രമായി  ഉതുങ്ങി.ട്രെയിൻ  ധർമ്മടത്തെത്തിയപ്പോഴാണ്  ആ  ചർച്ച  അവസാനിച്ചത് .പിന്നീടുള്ള  ചർച്ച  ധർമ്മടം തുരുത്തിനെ  കുറിച്ചായിരുന്നു.തുരുത്തിനെ കുറിച്ച്  അറിയാവുന്നതെല്ലാം  കരു  എന്ന  സുഹൃത്ത്  വിവരിച്ചു .പ്രകൃതിയുടെ വിസ്മയങ്ങൾ   എത്ര  വിവരിച്ചാലും  മതിവരിലല്ലോ?.പിന്നീടങ്ങോട്ടുള്ള  യാത്രയിൽ  പ്രകൃതിയുദെ  വിസ്മയങ്ങൾ തന്നെയായിരുന്നു  ചർച്ച.ഈ  യാത്രയിൽ  എത്രയോ  പ്രകൃതിവിസ്മയങ്ങൾ  പുറകിലേക്കോടിപോയി.ഭാരതപ്പുഴ ,കടലുണ്ടിപ്പുഴ ,മയ്യഴിപ്പുഴ  എന്നിവയൊക്കെ  അതിൽ  ചിലതുമാത്രം.കണ്ണൂരും  വളപട്ടണംപുഴയും  കടന്ന്   കാഞ്ഞങ്ങാട്  എത്തിയപ്പോഴാണ്  നിത്യാനന്ദ  ആശ്രമത്തെകുറിച്ച്ചുള്ള  ചിന്ത  മനസ്സിലുദിച്ചത്.ഇറങ്ങണോ ? ഒരു ചോദ്യം  ഉയർന്നുവന്നു.യാത്രയിൽ  തൽക്കാലം  ഒരു  ഷോർട്ട്  ബ്രേക്കിന്റെ  ആവശ്യം തൽക്കാലം  ഇല്ലെന്ന്   സഹയാത്രികർ  പറഞ്ഞു .ബേക്കൽ  കടൽത്തീരത്തുകൂടിയുള്ള  പ്രഭാതസവാരി  അവിസ്മരണീയമായിരുന്നു.കടൽതീരത്തെ  തൊട്ടൊരുമ്മിയുള്ള  ആ  യാത്ര  ഗോവ  എന്ന യാത്രസ്വപ്നത്തെ ഊതികത്തിച്ചു.ആദ്യ  ഗോവ  യാത്രക്കുള്ള  സമ്പാദ്യത്തിന്റെ  ആദ്യ പ്ളാനിംങ്ങ് 
നടന്നത്  ആ  യാത്രയിലായിരുന്നു.വൈകാതെ മഞ്ചേശ്വരവും  നേത്രവതിപുഴയും കടന്ന്   ട്രെയിൻ  കന്നഡ  മണ്ണിൽ  പ്രവേശിച്ചു .മംഗലാപുരം  സെൻട്രൽ  റെയിൽവേ  സ്റ്റേഷനിൽ  കാലു കുത്തുമ്പോൾ സമയം  രാവിലെ  എട്ടര കഴിഞ്ഞിരുന്നു.

രണ്ട്  പൊറോട്ടയിൽ  ഒരുപകൽ  മുഴുവൻ  തള്ളിനീക്കാൻ  കഴിയും  എന്ന്  ബോധ്യപ്പെട്ട  ദിവസമായിരുന്നു അന്ന് .പൊറോട്ട  വളരെ  മൈലേജ്  കൂടുതലുള്ള  ഇന്ധനമാണ്,മാത്രമല്ല ഇക്കണോമിക്കൽ കൂടിയാണ്.അതുകൊണ്ടായിരിക്കാം  പ്രാതലിന്  പൊറോട്ട  എന്ന പദം  ഒരേസ്വരത്തിൽ  ഉയർന്നത് .ഇന്ധനം നിറയ്ക്കലിനുശേഷം  ഒരു  നഗരപ്രദിക്ഷണം  നടത്താൻ  തീരുമാനിച്ചു.ആദ്യം ചെന്നുകയറിയത് പണിപൂർത്തിയായികൊണ്ടിരിക്കുന്ന  ഒരു ഷോപ്പിംങ്ങ് മാളിലേക്കാണ് .തുറന്നിരിക്കുന്ന ഒരുവിധം എല്ലാ  ഷോപ്പുകളിലും  കയറി,വെറുതെ  വിലവിവരങ്ങൾ  തിരക്കി,വാങ്ങില്ല എന്നുറപ്പിച്ചുകൊണ്ടുതന്നെ പലതിനും അന്യായമായി വിലപേശി.ഇങ്ങനെയൊക്കെ ചെയ്തിട്ട്  എന്താ കിട്ടുകാ?എന്ന്  ചോദിച്ചാൽ ...വെറുതെ  ഒരു സുഖം...അത്രതന്നെ .പിന്നീടുള്ള  യാത്ര  നഗരത്തിലെ  മാർക്കറ്റിലേക്കായിരുന്നു.പലരുടെയും 
കച്ചവടതന്ത്രങ്ങൾ  നിരീക്ഷിച്ച്  മീൻമണവും ആസ്വദിച്ച്  ഒരു നടത്തം .സഹയാത്രികരിൽ  ഒരാൾ  നാട്ടിലെ  മീൻ വിലയുമായുള്ള  താരതമ്യപറനത്തിലായിരുന്നു.മാർക്കറ്റ്  മുഴുവൻ  നടന്നുതീർന്നപ്പോൾ  ഇനിയെന്തെന്നായി  ചോദ്യം.വഴിപോക്കനായ  ഒരു  മഞ്ചേശ്വരക്കാരനിൽ  നിന്ന്  പുതിയൊരു തുമ്പ്  വീണുകിട്ടി."പിലിക്കുള ",പാർക്കോ  ഗാർഡനോ  എന്തൊക്കെയോ  ഉണ്ടെന്ന്  പറഞ്ഞു .അങ്ങനെ പിലിക്കുളക്ക്  ഇറങ്ങിതിരിച്ചു.ഗാർഡനോടും  പാർക്കിനോടും ആർക്കും  ഒരുതാൽപര്യവും  തോന്നിയില്ല .അതിന്റെ ചുറ്റുവട്ടങ്ങളിലായി   വെറുതെ കറങ്ങിതിരിഞ്ഞു നടന്നു.അപ്പോഴാണ്‌   ഒരു കൊച്ചുതടാകം  ശ്രദ്ധയിൽപ്പെട്ടത് .മഞ്ഞമുളകൾ  തണലേകുന്ന  അതിന്റെ  തീരത്ത്  ഒന്നുരണ്ട്  മുളങ്കൂടാരങ്ങൾ  കണ്ടു .തൊട്ടടുത്തുള്ള  ടീസ്റ്റാളിൽ  നിന്ന്  മൂന്ന്  ചായയും  വാങ്ങി  ഒരു മുളങ്കൂടാരത്തിൽ  ഇരുപ്പുറപ്പിച്ചു.
ചൂടുചായ  ഊതികുടിക്കുമ്പോൾ  കൂട്ടത്തിലൊരുവൻ   ചോദിച്ചു "ശരിക്കും നമ്മൾ  എന്തിനാ  ഇത്ര ദൂരം  സഞ്ചരിച്ചത് ?".വെറുതെ  ഒരു ഭ്രാന്ത്..... ചോദ്യം തീർന്ന  ഉടനടി  അവൻ  തന്നെ   ഉത്തരവും  പറഞ്ഞു.ചായകുടിക്ക്  ശേഷം .... യാത്ര തിരിക്കാം  എന്ന  ഉദ്ധേശത്തിൽ  റെയിൽവേ സ്റ്റേഷനിൽ  എത്തി.സമയം  രണ്ട്  കഴിഞ്ഞിരിക്കുന്നു.വിശപ്പിന്റെ  വിളി  ഇതുവരെ  വന്നിട്ടില്ല.പൊറോട്ടയുടെ  ഒരു മൈലേജേ ......അപാരം തന്നെ. ഉടനടി   മംഗലാപുരം-തിരുവനന്തപുരം  എക്സ്പ്രസ്സിൽ  കന്നഡ മണ്ണിനോട്  വിടപറഞ്ഞു.യാത്ര തുടങ്ങി  കുറച്ചുകഴിഞ്ഞപ്പോഴാണ്  എല്ലാവർക്കും  ഒരു  ബേക്കൽ  മോഹം  ഉദിച്ചത്.ഇവിടെവരെ  വന്നതല്ലേ....എന്നാൽ  പിന്നെ അത്കൂടി കണ്ടാലെന്താ....കാസർകോഡ്  എത്തിയപ്പോൾ  യാത്രയുടെ  ഗതിമാറി.കാസർകോഡ്  ടൗണിൽ  ഒന്ന്  കറങ്ങിയശേഷം ബേക്കൽ കോട്ടയിലേക്ക്  ബസ്കയറി.ബേക്കൽ കോട്ടയിലെത്തുമ്പോൾ സമയം  അഞ്ച്  കഴിഞ്ഞിരുന്നു .കോട്ടയും  പരിസരവുമെല്ലാം  ആവശ്യത്തിന്  സമയമെടുത്തുതന്നെ  ആസ്വദിച്ചു.പിന്നെ  ഒരു മുക്കാൽ  മണിക്കൂറോളം  കടപ്പുറത്ത്  കാറ്റുകൊണ്ടിരുന്നു.ഇതിനിടയിൽ  മാന്യമായ  രീതിയിൽ  വായനോട്ടവും നടന്നു.ബീച്ചിനോട്  ചേർന്നുള്ള  പാർക്കിലും  നല്ല തിരക്കായിരുന്നു.സർവ്വം  ബഹളമയം.ടൂറിസം  വികസനത്തിന്റെ  കാൽപ്പാടുകൾ  ഈ മണ്ണിൽ  നന്നായി  പതിഞ്ഞിട്ടുണ്ട്.

ഏഴരയോടുകൂടി  ബേക്കലിനോട് യാത്ര  പറഞ്ഞു .ബേക്കൽ  റെയിൽവേ സ്റ്റേഷൻനിന്ന്  കണ്ണൂർക്ക്  വണ്ടികയറി.രണ്ടുമണിക്കൂർ നീണ്ട  യാത്രക്ക്ശേഷം  കണ്ണൂരെത്തുമ്പോൾ സമയം  പത്തിനോടടുത്തിരുന്നു. വിശപ്പിന്റെ  വിളി  ശകലം ഉഷാറായിരിക്കുന്നു.മാന്യമായി  ഈ  പ്രശ്നം  പരിഹരിക്കാൻ  ഒരാൾക്ക്  ചുരുങ്ങിയത്  75 രൂപയെങ്കിലും  വരും തൽക്കാലം  മാന്യത  അൽപ്പം  കുറച്ചുകൊണ്ട്  പ്രശ്നം  പരിഹരിച്ചു. രണ്ട്  പാക്കറ്റ് ബ്രഡും ഒരുകുപ്പി  വെള്ളവും.മൂന്നുപേർക്കും കൂടി ചിലവായത്  ആകെ അമ്പതുരൂപ.പിന്നെ  ഒരൊന്നര മണിക്കൂർ  കണ്ണൂർ  നഗരത്തിന്  സമർപ്പിച്ചു.നഗരപ്രദിക്ഷണത്തിനുശേഷം  റെയിൽവേ സ്റ്റേഷനിലെത്തി.പിന്നെ വെസ്റ്റ്‌ കോസ്റ്റ്  എക്സ്പ്രസ്സിനായുള്ള  കാത്തിരിപ്പ് .ട്രെയിനുകൾ  വന്നും പോയികൊണ്ടുമിരിക്കുന്നു.വത്യസ്തരായ  അനേകം  മനുഷ്യർ  വത്യസ്തമായ  ലക്ഷ്യങ്ങൾക്കുവേണ്ടി  ക്ഷണനേരത്തേക്കാണെങ്കിലും ഇവിടെ കൂടുന്നു.ഒരു വണ്ടി  വരുമ്പോഴോൾ   അവർ  പിരിയുന്നു ...പിന്നെയും  ചിലർ  വരുന്നു ...പോകുന്നു.ഒരൽപ്പം  ആഴത്തിൽ  ചിന്തിച്ചാൽ  ഈ  പ്രക്രിയയുടെ ഭംഗി ആസ്വദിക്കാനാകും.ട്രെയിൻ  വരുന്നവരെ  ആ  ഭംഗി  ആസ്വദിച്ചു.അതിനെകുറിച്ച് ചർച്ച ചെയ്തു .ക്ളോക്കിലെ  സൂചികൾ  ചലിച്ചത്  എത്ര പെട്ടന്നാണെന്ന്  തോന്നിപോയി.കാത്തിരിപ്പിനൊടുവിൽ ബോഗിനിറയെ ആളുകളുമായി വെസ്റ്റ്‌  കോസ്റ്റ് എത്തി.തിക്കിലും തിരക്കിലും  എങ്ങനെയോ  നുഴഞ്ഞുകയറി.നുഴഞ്ഞുകയറ്റത്തിനിടെ  ഒരു  റെയിൽവേ  പോലീസുകാരന്റെ  കൈ  പുറത്ത്  പതിഞ്ഞു.കൂടെ ഒരു ആജ്ഞയും "അകത്തേക്ക്  കയറി നിൽക്കടാ ".ഈ  യാത്രയെ  കുറിച്ചോർക്കുമ്പോൾ  ഇന്നും  പുറം ഭാഗം 
അറിയാതൊന്ന്  തടവിപോകാറുണ്ട്.ഉറക്കം അതിന്റെ  പലിശയും  കൂട്ടുപലിശയുമായി  വന്നുമൂടിയപ്പോൾ ഇരിക്കാൻ  കിട്ടിയ ഇത്തിരി സ്ഥലം  ധാരാളമായിരുന്നു 

ഒറ്റപാലത്തെത്തുമ്പോൾ  സമയം  നാലര കഴിഞ്ഞിട്ടേയുള്ളു.പിന്നേയും ഒന്നരമണിക്കൂർ  കാത്തിരിക്കേണ്ടിവന്നു  പാമ്പാടിക്കുള്ള  ആദ്യബസിനായി.അത്രയും നേരം  ഒറ്റപാലം  ബസ്‌ സ്റ്റാന്റിനൊടുചേർന്നുള്ള  വെയിറ്റിങ്ങ്  ഷെഡിൽ ചെറുമയക്കം.അന്നുരാവിലെ  പമ്പാടിയിലെ  ശാരദേട്ടന്റെ (ശാരദ ഹോട്ടൽ നടത്തുന്ന ചേട്ടൻ  ശാരദേട്ടൻ അത്രതന്നെ )ഹോട്ടലിൽ നിന്ന്  ഒരോരുത്തരും  കഴിച്ചത്  രണ്ട്  മസാലദോശയും നാല്  ഉഴുന്നുവടയുമായിരുന്നു.ആ  മാസം  അറ്റൻഡസ് 80 ശതമാനത്തിന്  മുകളിലുള്ളതുകൊണ്ട്  ആ തിങ്കളാഴ്ച്ച  ഉറക്കത്തിനുവേണ്ടി  മാറ്റിവെച്ചു.പാമ്പാടിയിലെ  അത്യുഷ്ണത്തിലും  ഉറക്കം  സുഖകരമായിരുന്നു.

ആ  യാത്രയെ  കുറിച്ചോർക്കുമ്പോൾ  പ്രിയകവി എ.അയ്യപ്പന്റെ  സ്മൃതി  എന്ന കവിതയിലെ  രണ്ടുവരി ഓർമ്മവരുന്നു.
"അന്നത്തെയുഷസ്സുകൾ,സന്ധ്യകൾ,നിശീഥങ്ങൾ;
  ഇന്നുമെൻ ഹൃത്തിൽ  വർണ്ണഭേദങ്ങൾ  സൃഷ്ടിക്കുന്നു."