Saturday 5 April 2014

ദൃശ്യങ്ങളില്‍ നിന്ന് ദൃശ്യങ്ങളിലേക്ക്......


 ദൃശ്യങ്ങളിൽ  നിന്ന്  ദൃശ്യങ്ങളിലേക്ക്......


"ദൃശ്യം".....പുതുവത്സരസമ്മാനമായി   പ്രിയസംവിധായകൻ  ജീത്തു ജോസഫ്  മലയാളികൾക്ക്  സമർപ്പിച്ച  ദൃശ്യവിസ്മയം.തലനാരിഴകീറി സിനിമയെ അപഗ്രഥിക്കുന്ന മലയാളികളുടെ  ഹൃദയം കീഴടക്കിയ ഈ  ദൃശ്യവിസ്മയത്തെകുറിച്ചുള്ള   ഒരു  പോസ്റ്റുമാർട്ടം റിപ്പോർട്ടാണ്  ഇനി വരുന്നത്  എന്ന്  തെറ്റുദ്ധരികരുത്.സിനിമാപോസ്റ്റുമാർട്ടം സുലഭമായ ഈ  കാലഘട്ടത്തിൽ  ഇനിയൊന്നിന്റെകൂടി  ആവശ്യമില്ല എന്ന ഉത്തമബോധ്യമുള്ളതുകൊണ്ട്  പറയട്ടെ .... ഇത്  തികച്ചും വ്യക്തിപരമായ ഒരു അവസരനഷ്ടത്ത്തിന്റെ  അഥവാ  ദൃശ്യനഷ്ടത്തിന്റെ  പകർത്തിയെഴുത്ത്  മാത്രമാണ് .

2013ലെ  വിഷു ആഘോഷത്തിന്റെ ആലസ്യത്തിലിരിക്കുമ്പോഴാണ് ,അളിയനും  ചേച്ചിയും  ഒരു കൊച്ചിയാത്രയ്ക്ക്  ക്ഷണിക്കുന്നത് .കൈനീട്ടം കിട്ടിയതെല്ലാം  ചിലവാക്കാൻ ഒരവസരമല്ലേ..പോയേക്കാം എന്ന്  തീരുമാനിച്ചു.കാറിൽ കയറിയപ്പോഴാണ്  അറിയുന്നത് ,ഇന്നത്തെ യാത്രയുടെ പ്രധാനലക്ഷ്യം ഒരു സിനിമ സംവിധായകനെ കാണുകയാണത്രെ.
"ജീത്തു ജോസഫ് "......അളിയൻ  പറഞ്ഞു.."മ്മടെ  മമ്മി&മി  സിനിമേടെ  ഗെഡി "ചേച്ചി വിവരിച്ചു.
അപ്പോൾ  തന്നെ ചേച്ചിയുമായി  ചട്ടംകെട്ടി..."എടീ....മ്മക്ക്  ഷോപ്പിംങ്ങിനു  പോകാം...സംവിധായകനെ  അളിയൻ  ഒറ്റയ്ക്ക് പോയി  കണ്ടോളും.ഇനി നിർഭഗ്യവശാൽ  നിന്നെ  സിനിമയിലെ നായിക ആക്കിയാലോ...."എന്താണ്  കാരണം  എന്നറിയില്ല....മമ്മി&മി  കാര്യമായി  ദഹിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ  സംവിധായകനെ  കാണാനുള്ള  മോഹമൊന്നും  മനസ്സിൽ  ഉദിച്ചില്ല.
ഒബറോണ്‍ മാളിൽ  കാർ  നിർത്തി  ഇറങ്ങുമ്പോൾ  അളിയൻ  വീണ്ടും  ചോദിച്ചു..."പോരുന്നോ ??..ആളെ  ഒന്ന്  പരിചയപ്പെടാം."സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു.സംവിധായകന്  നൽകാൻ  പറഞ്ഞ്  തന്റെ  ചേട്ടൻ  നൽകിയ  ടീ  ബാഗുകളുമായി അളിയൻ നടന്നുനീങ്ങി.വൈകാതെ  ചേച്ചിയുമായി  ഷോപ്പിംങ്ങിലേക്ക്  കടന്നു.അപ്പോഴൊന്നും ഇത്  ഒരു അവസരനഷ്ടമാണെന്ന്  തോന്നിയില്ല.


 മാസങ്ങൾക്കുശേഷം  ജീത്തു ജോസഫിന്റെ  അടുത്ത  സിനിമ "മൈ ബോസ് " കാണാനിടയായി.ദിലീപ്  എന്ന  ജനപ്രിയനടന്റെ  അഭിനയശേഷി വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നത്  ശ്രദ്ധയിൽപ്പെട്ടു.അപ്പോൾ  മനസ്സിൽ  തോന്നി "ഈ ഗെഡി കൊള്ളാല്ലോ....പുരോഗതിയുണ്ട് ."ഹാസ്യം  കാര്യക്ഷമമായി കൈകാര്യം ചെയ്യാനറിയാത്ത പല സംവിധായകരും ദിലീപ്  എന്ന നടനെ  വാരിവിതറി  സിനിമ  ചെയ്തിട്ടുണ്ട്.വൈവിധ്യമാർന്ന വേഷങ്ങൾ കയ്യാളി പ്രതിഭ തെളിയിച്ച  ആ  നടനിലൂടെ പലരും  മലയാളിയുടെ സാമാന്യ ഹാസ്യബോധത്തെ  വെല്ലുവിളിച്ചിട്ടുണ്ട്.അതിൽ  നിന്നെല്ലാം   വത്യസ്തമായി  ഹാസ്യത്തിൽ ചളി കലരാതെ അവതരിപ്പിക്കാൻ ഈ സംവിധായകന്  കഴിഞ്ഞു .അപ്പോഴും അവസരം  നഷ്ടപെടുത്തിയതിന്റെ കാര്യമായ കുറ്റബോധം  തോന്നിയില്ല .


അധികം  വൈകാതെ  തന്നെ  വൈവിധ്യമാർന്ന  ഒരു  കുറ്റാന്വേഷണ  കഥയുമായി  ജീത്തു ജോസഫ്  വീണ്ടും  പ്രത്യക്ഷപ്പെട്ടു."മെമ്മറീസ് ".....ഇത്തവണ  കാര്യമായി ഒന്ന്  ഞെട്ടി.ജീത്തു ജോസഫ്  എന്ന സംവിധായകന്റെ കരിയർ ഗ്രാഫ്  ഉയരുന്നത് നോക്കിനിൽക്കവേ....മനസ്സിൽ  എവിടെയോ  ഒരു അവസരം നഷ്ടപെടുത്തിയതിന്റെ  കുറ്റബോധം  മുളപൊട്ടുന്നുണ്ടായിരുന്നു.പോയകാലം ആന പിടിച്ചാലും  തിരിച്ചുകിട്ടിലല്ലോ.

മെമ്മറീസിനു  പിന്നാലെ അധികം വൈകാതെ ദൃശ്യം തിയ്യേറ്ററുകളിൽ  എത്തി .വിമർശിക്കാൻ  മുട്ടിനിൽക്കുന്നവർക്ക്   ഇത്തവണയും  കാര്യമായി  ഒന്നും ലഭിച്ചില്ല.രണ്ട്  തവണ  പോയി ടിക്കറ്റ്  കിട്ടാതെ  മടങ്ങി .അപ്പോൾ  തീരുമാനിച്ചു....ഇനിയൽപ്പം  തിരക്ക്  ഒഴിഞ്ഞിട്ടേ  ഈ  സിനിമ കാണൂ  എന്ന് .തിരക്ക്  ഒഴിയാനായി  എകദേശം  ഒന്നരമാസം മാറ്റിവെച്ചു.ഇതിനകം  കൂട്ടുകാരും ബന്ധുക്കളുമെല്ലാം സിനിമ കണ്ടുകഴിഞ്ഞിരുന്നു."നീ  ഇതുവരെ ദൃശ്യം കണ്ടില്ലേ ?" എന്ന ചോദ്യം ഓരോരുത്തരായി  ചോദിക്കാൻ തുടങ്ങി."ഇല്ല " എന്ന്  മറുപടി പറഞ്ഞ്  മടുത്തപ്പോൾ,ഒരു വെള്ളിയാഴ്ച്ച  അനിയനെയും കൂട്ടി  ഇറങ്ങി.രണ്ടുമണിക്കൂർ നേരത്തെ ദൃശ്യവിസ്മയം  തുടങ്ങുന്നതിനുമുൻപ്  തിയ്യേറ്ററിൽ മൊത്തമായി ഒന്ന്  കണ്ണോടിച്ചു.കഷ്ടി ഒരു പത്തുകസേരകൾ മാത്രം  ഒഴിഞ്ഞുകിടക്കുന്നു .ഇതിനുമാത്രം എന്ത് വെടിമാരുന്നാണ്  ഇയാൾ  ഈ  സിനിമയിൽ  നിറച്ചിരിക്കുന്നതെന്ന്  മനസ്സിൽ  ചോദ്യം ഉയർന്നു.സ്ക്രീനിൽ  ആന്റണി  പെരുമ്പാവൂരിന്റെ  മുഖം  തെളിഞ്ഞതോടെ ചോദ്യമെല്ലാം മനസ്സിൽ  നിന്ന് മാഞ്ഞുപോയി...പഷേ  ആ ചോദ്യത്തിനുള്ള   ഉത്തരം   കണ്‍മുന്നിലെ  സ്ക്രീനിൽ  തെളീഞ്ഞുകൊണ്ടേയിരുന്നു.പ്രേക്ഷക  ശ്രദ്ധയെ  തെല്ലുപോലും  വ്യതിചലിക്കാൻ  അനുവദിക്കാതെയുള്ള  അവതരണമികവിന്  മനസ്സിൽ  ഒരായിരം  സല്യൂട്ട്  നൽകി.അവസാന  സീനും കഴിഞ്ഞ്  "ജീത്തു  ജോസഫ് " എന്ന  പേര്  എഴുതികാണിക്കുമ്പോൾ ഒരു ദീർഘനിശ്വാസത്തോടെ  എഴുന്നേറ്റ്  നടന്നു.മെമ്മറീസ്  കണ്ടപ്പോൾ  മുളപ്പൊട്ടിയ  കുറ്റബോധം ഇപ്പോൾ  ഒരു മഹാവൃക്ഷമായിരിക്കുന്നു.നഷ്ടപ്പെടുത്തിയ ആ  അവസരം  ഒന്ന്  തിരിച്ചുകിട്ടിയെങ്കിൽ  എന്ന്  മനസ്സ് പലതവണ ആഗ്രഹിച്ചു.

ടീ ബാഗുകളുമായി   ചേച്ചിക്കും  അളിയനുമൊപ്പം ഇനി  എന്നാണ്  ഒരു കൊച്ചിയാത്ര ??ഒബറോണ്‍ മാളിൽ  ഒരിക്കൽ  നഷ്ടപ്പെട്ട....അല്ല നഷ്ടപ്പെടുത്തിയ ഒരു പുഞ്ചിരി നിറഞ്ഞ മുഖം എന്ന ആ  ദൃശ്യം വീണ്ടെടുക്കാൻ. മനസ്സ്  സഞ്ചരിക്കുകയാണ്  നഷ്ടപ്പെട്ട  ദൃശ്യങ്ങളിൽ  നിന്ന്  സാങ്കല്പ്പിക ദൃശ്യങ്ങളിലേക്ക്......

ദൃശ്യങ്ങളിൽ  നിന്ന്  ദൃശ്യങ്ങളിലേക്ക്