Friday 8 March 2013

അമൃത മോഹന് ഒരു കത്ത്

                                                                                                                                        Date:08-03-2013
                                                                                                                                         Place:Thrissur


 പ്രിയസഹോദരി 

                                 ഇന്ന്  മാര്‍ച്ച്-8,കുറേ  ആശകളും  അതിലേറെ ആശങ്കകളുമായി   ഒരു  ലോകവനിതാ ദിനം കൂടി  കടന്ന്‍  പോകുന്നു . സ്ത്രീ സുരക്ഷയ്ക്കും  സമത്വത്തിനുമെതിരെയുള്ള  വെല്ലുവിളികള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു . ഈ  വെല്ലുവിളികള്‍ ചങ്കുറപ്പോടെ  നേരിടാനുള്ള  തന്റേടം  സ്ത്രീകള്‍ക്ക്  അനിവാര്യമാണ്‌ . ഈ  വെല്ലുവിളികള്‍  അതിസാഹസികമായി  നേരിട്ട്  വിജയിച്ച  താങ്കള്‍ക്ക് ആദ്യമായി  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍  അറിയിക്കുന്നു .യാഥാസ്തികയുടെ  നാല് ചുവരുകള്‍ക്കിടയില്‍  സ്വയം  തളയ്ക്കപ്പെട്ട് ,മനസ്സ്  മുരടിച്ച  വിരലില്‍  എണ്ണാവുന്ന  ചില  പുരുഷന്മാര്‍  താങ്കള്‍ നിയമം  കൈയിലെടുത്തു എന്ന്  ചില ചാനല്‍ ചര്‍ച്ചകളില്‍  ആരോപിക്കുന്നത്  കേട്ടു. ലജ്ജാവഹം ..... അല്ലാതെ  എന്ത്  പറയാന്‍ . എവിടെയെങ്കിലും  ഒരു  പീഡനമോ  ദുരനുഭവമോ  ഉണ്ടായതിനുശേഷം  മെഴുകുതിരികത്തിച്ചും പ്ളക്കാര്‍ഡുകളേന്തിയും  ജാഥ  നടത്തുമ്പോള്‍ ,ഒരുപക്ഷേ നേരത്തെ  നിയമം കൈയിലെടുത്തു  എന്ന്  പറഞ്ഞവര്‍ ആ ജാഥയുടെ  മുന്‍പന്തിയിലുണ്ടാകാം. ഇരട്ടത്താപ്പിന്റെ പര്യായമായ  ഈ വിചിത്രജന്തുകളെ സമൂഹം  ഒറ്റപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . 

കഴിഞ്ഞ 2011  ഫെബ്രുവരി  മാസത്തില്‍ ഷൊര്‍ണ്ണൂരിനടുത്തുവെച്ച്  സൗമ്യ എന്ന പെണ്‍കുട്ടി  അതിദാരുണമായി കൊല്ലപെട്ടു. താങ്കളെപ്പോലെ ആക്രമണങ്ങളെ  പ്രതിരോധിക്കാന്‍ ആ   സഹോദരിക്ക് കഴിവുണ്ടായിരുന്നില്ല . പ്രതി ഗോവിന്ദച്ചാമി  ഇപ്പോള്‍  ജയിലില്‍  സുഖവാസത്തിലാണ്‌ . താങ്കള്‍ കൈയിലെടുത്തു എന്ന്  ചിലര്‍ ആരോപിച്ച അതേ നിയമമാണ്‌  ഈ സുഖവാസത്തിനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നതും. വര്‍ഷം  രണ്ട്  കഴിഞ്ഞു . വധശിക്ഷ  ഗണപതികല്യാണം പോലെ  നീണ്ടുപോകുന്നു . നിയമങ്ങളാല്‍  സമ്പന്നമാണ്  നമ്മുടെ നിയമവ്യവസ്ഥ . അതേപോലെ തന്നെ സമ്പന്നമാണ്‌ കാലതാമസത്തിന്റെയും പഴുതുകളുടേയും കാര്യത്തിലും. 
ഷൊര്‍ണ്ണൂരും ഡല്‍ഹിയും,ഈ രണ്ട്  ദിവസം മുന്‍പ്  തിരൂരും നടന്ന സംഭവങ്ങള്‍ പ്രതിരോധിക്കാനറിയാത്തവരുടെ നിസ്സഹായാവസ്ഥ  വ്യക്തമാക്കുന്നു. ഇങ്ങനെയുള്ള  ദുരനുഭവങ്ങള്‍  ഇനി  ആവര്‍ത്തിക്കാതിരിക്കട്ടെ. 

കരാത്തെ,കളരി,നൃത്തം ,ഡ്രംസ്,ബൈക്ക് റൈഡിങ്ങ് ,വീണ, എന്നീ വിവിധ മേഖലകളില്‍  പ്രാവീണ്യം തെളിയിച്ചിട്ടുള്ള  താങ്കള്‍ സ്ത്രീകളുടെ സമത്വത്തിനും സുരക്ഷക്കും വേണ്ടി പോരാടുന്ന അനേകം പോരാളികള്‍ക്ക്  ഒരു  പ്രചോദനമാണ്‌ ... എല്ലാ മേഖലകളിലും  അത്യുജ്ജ്വലമായ  പ്രകടനങ്ങള്‍  കാഴ്ച്ചവെച്ച്  തിളങ്ങട്ടെ  എന്ന്  ആശംസിക്കുന്നു . 

സ്ത്രീസമത്വത്തെയും സുരക്ഷയെയും  കുറിച്ച്  പറയുമ്പോള്‍ എനിക്ക്  ഓര്‍മ്മ വരുന്ന രണ്ട്  വരികള്‍  ഞാന്‍  ഇവിടെ കുറിക്കുന്നു. 
"ഒരു  ആശയത്തിന്റെ  സമയമായാല്‍ ,അതിനെ  തടയാന്‍ ലോകത്തിലെ  ഒരു  ശക്തിക്കും  കഴിയില്ല "-വിക്ടര്‍ ഹ്യുഗോ 

എല്ലാ   ഭാവുകങ്ങളും  നേരുന്നു . 

                                                                  എന്ന് 
(യാഥാസ്തികതയുടെ നാല്‌  ചുവരുകള്‍ക്കിടയില്‍  തളയ്ക്കപ്പെടാത്ത ... മനസ്സ്  മുരടിക്കാത്ത  അനേകം സഹോദരന്‍മ്മാരില്‍ ഒരാള്‍ )