Friday 24 January 2014

ചളിമിസ്സ്.......

                               ചളിമിസ്സ്


ചളി……...ഇവിടെ ചളി എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത് ഫലഭൂവിഷ്ടമായ മണ്ണ് അല്ല എന്ന് വിനയപൂർവ്വം ഓർമ്മിപ്പിച്ചുകൊണ്ട്  തുടങ്ങട്ടെ.അതിവികൃതവും സാഹചര്യങ്ങൾക്ക് യോജിക്കാത്തതുമായ  തമാശകൾക്ക് കേരളത്തിന്റെ പല ഭാഗങ്ങളിലും ചളി എന്ന് വിശേഷിപ്പിക്കുന്നുണ്ട്.തമാശയുടെ മൂല്യം പിന്നെയും താഴ്ന്നാൽ ചേറ്  എന്നും വിളിക്കാം.

ദുരനുഭവങ്ങളുടെ  ഈറ്റില്ലമായിരുന്ന കോളേജ്  ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ  എപ്പോഴോ  
ആണ്  ചളി എന്ന ഇരട്ടപ്പേര്  ആദ്യമായി കാതുകളിൽ  എത്തിയത് ."ചളി ,ചെളി ,ചളീ"...കേരളത്തിന്റെ വിവിധഭാഗങ്ങളിൽ  നിന്നെത്തിയ കൂട്ടുകാർക്കിടയിൽ ചെറിയ ഉച്ചാരണവത്യാസങ്ങളോടെയാണെങ്കിലും  ആ പേര്  സജീവമായിരുന്നു.സ്വയം
സൃഷ്ടിച്ച ചളികളിൽ  മതിമറന്ന്  ചിരിച്ച് ,വളരെ  അധ്വാനിച്ചാണ്  ഈ പഴയന്നൂർക്കാരി   ചളിപട്ടം  സമ്പാദിച്ചത് ."രഞ്ജിനി.ബി" എന്ന സ്വന്തം പേര്  അറ്റൻഡൻസ്  രജിസ്റ്റർ ,മാർക്ക്ലിസ്റ്റ്  എന്നീ ചില കടലാസുകളിൽ  മാത്രം അവശേഷിച്ചു.അങ്ങനെ ചളി  രഞ്ജിനിയുടെ ഔദ്യോഗിക  ഇരട്ടപ്പേരായി.

 2011 ജൂലൈയോടുകൂടി  കോളേജ്  ജീവിതം  എന്ന കൊടുങ്കാറ്റ്  അവസാനിച്ചു.ഇനിയെന്ത്  എന്ന  ചോദ്യത്തിന്  മുൻപിൽ പകപ്പോടെ  നിന്ന നിമിഷങ്ങൾ.ആഘോഷങ്ങളിൽ അവശേഷിച്ച ഓർമ്മകളുമായി ഓരോരുത്തരും  ഓരോ വഴിക്ക്  പിരിഞ്ഞു.ജോബ്‌ഹണ്ട്, പച്ചമലയാളത്തിൽ പറഞ്ഞാൽ ജോലിതെണ്ടൽ...പിന്നീടുള്ള കുറച്ചുമാസം അതായിരുന്നു ചളീടെ പ്രധാനപരിപാടി.അവിടെയും അധികം വൈകിയില്ല.കൊച്ചിയിൽ നടന്ന ഇന്റർവ്യൂ വഴി ഒരു ഐടി കമ്പനിയിൽ ജോലി കിട്ടി.ഒരു വർഷം ട്രെയിനിംങ്ങ്  പൂനൈയിൽ.കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല...വിശന്നുനിൽക്കുന്നവന്റെ  മുൻപിൽ വിഭവസമൃദ്ധമായ ഒരു സദ്യ  പ്രത്യക്ഷപ്പെട്ടപോലെ...തോരനുപ്പുണ്ടോ,അച്ചാറിന്  എരിവ്  കൂടുതലുണ്ടോ  എന്നൊന്നും നോക്കാൻ  നേരമില്ലായിരുന്നു.വിശപ്പടക്കുക...അതായിരുന്നു പ്രധാനം. ഈശ്വരന്  സ്തുതി....പ്ളസ്ടു  വരെ പഠിച്ച  ഹിന്ദി പാഴായില്ല എല്ലാ ഹിന്ദിഗുരുക്കന്മാരെയും മനസ്സിൽ  ധ്യാനിച്ച്  ചളി പൂനൈയിലേക്ക്  വണ്ടി കയറി.ഒരു ആറേഴ് മാസം മാത്രമേ പൂനൈയ്ക്ക്  ചളിയെ സഹിക്കേണ്ടിവന്നുള്ളൂ.ജോലിഭാരം,ശബളം,ഭക്ഷ്ണപ്രശ്ങ്ങൾ അങ്ങനെ നിരവധി  കാരണങ്ങളാൽ  ചളി പൂനൈയോട്  വിടപറഞ്ഞു.തൊഴിൽരഹിതരുടെ ലോകത്തേക്ക് വിസിറ്റിംങ്ങ് വിസയിൽ  ഒരു സന്ദർശനം.

ഇനിയാണ്  ട്വിസ്റ്റ്‌ ....ചളി  ചളിമിസ്സാകുന്നു.....!!!!

വളരെ അപ്രതീക്ഷിതമായാണ്  ആ സന്ധ്യാസമയത്ത്  ചളീടെ  ഫോണ്‍  വരുന്നത് 

"ഡാ ...എനികൊരു  ജോലി കിട്ടി,ചേലക്കര ഗവ:പോളിടെക്നിക്കിൽ  ഗസ്റ്റ് ലക്ചറർ"
ഒരു ജോലി കിട്ടിയതിന്റെ സന്തോഷമൊന്നും ആ ശബ്ദത്തിലുണ്ടായിരുന്നില്ല.

"ഞാൻ ഈ ജോലിക്ക് പോകണോ ?" ഇതായിരുന്നു ആദ്യചോദ്യം 

പോകണം.....മറുപടി നൽകാൻ രണ്ടാമാതൊന്ന് ആലോചിക്കേണ്ടി വന്നില്ല,കാരണം ഒരു കുട്ടിയുടെയും ഭാവി നശിപ്പിക്കാനാവശ്യമായ വിഷം അവളുടെ മനസ്സിൽ  ഇല്ല.ഈ ജോലിക്ക് വേണ്ട ഏറ്റവും വലിയതും അടിസ്ഥാനപരവുമായ  യോഗ്യത.ഈ വരികൾ വായിച്ചപ്പോൾ  ചളി അങ്ങേയറ്റത്തെ പുണ്യവതിയാണെന്ന്  നിങ്ങൾ തെറ്റുദ്ധരിക്കരുത്.സ്ത്രീസഹജമായ അൽപ്പസ്വൽപ്പം പരദൂഷണവും  കുശുമ്പുമൊക്കെ  ഇവിടെയും ഉണ്ട്.സംഭാഷണം തുടരുന്നതിനിടെ അടുത്ത ചോദ്യം.....

"ഇനി നിനക്ക് വല്ല ടീച്ചിംങ്ങ് ടിപ്സ്  തരാനുണ്ടോ ?"

ആ ചോദ്യത്തിനുത്തരം തേടി ഞങ്ങൾ കോളേജ്  ജീവിതത്തിലേക്ക് തിരിച്ചുനടന്നു.അവിടെ കണ്ട ഭൂരിഭാഗം അദ്ധ്യാപകമുഖങ്ങൾക്കും ആജ്ഞയുടെയും മാനസ്സിക മർദ്ധനമുറകളുടെയും  ടിപ്സ് മാത്രമേ തരാനുണ്ടായിരുന്നുള്ളൂ.ഇന്റേണൽമാർക്ക്  എന്ന കൂച്ചുവിലങ്ങ്  ഉയർത്തിക്കാട്ടി  ബഹുമാനം ഇരന്നുവാങ്ങുന്നവർ.സാഡിസ്റ്റുകളാൽ സമ്പന്നമായിരുന്നു ആ അദ്ധ്യാപകലോകം.അവരിൽ  നിന്നും ഒരുപാട്  ടിപ്സ് കിട്ടി....ഒരു അദ്ധ്യാപിക എങ്ങനെയൊക്കെ ആവരുത്  എന്ന  അമൂല്യമായ പാഠങ്ങൾ.ആ നാലുവർഷത്തിൽ ഈ സാഡിസ്റ്റുകളൊക്കെ  അരങ്ങുവാഴുമ്പോഴും ദൈവദൂതരെപോലെ  നാലോ അഞ്ചോ പേർ  ഞങ്ങൾക്കിടയിയിലേക്ക് ഇറങ്ങി വന്നിരുന്നു.അവരിൽ നിന്നും കിട്ടി  ചളിക്ക്  കുറച്ച്  ടിപ്സ്.ഒരു നല്ല അദ്ധ്യാപികക്കുവേണ്ട  ഗുണങ്ങൾ  ചളിക്ക്  പറഞ്ഞുകൊടുത്തത്  അവരായിരുന്നു.

അങ്ങനെ കിട്ടിയ ടിപ്സ്  എല്ലാം മനസ്സിലോർത്തുകൊണ്ട്  ചളി കളത്തിലേക്കിറങ്ങി....2013 ജൂണ്‍  ആദ്യവാരത്തിൽ.പിന്നെ ഏകദേശം ഒരു മാസത്തോളം ചളിയെക്കുറിച്ച്  യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഗവണ്‍മെന്റ് കോളേജല്ലേ.....നല്ല മുട്ടൻ പണി കിട്ടികാണും  എന്നാ  വിചാരിച്ചത്.പിള്ളേര്  പുതിയ ടീച്ചറെ  നല്ലരീതിയിൽ  റാഗ്  ചെയ്തോ എന്നറിയാൻ ആകാംഷയുണ്ടായിരുന്നു.
ആകാംഷ ഉള്ളിലൊതുക്കി കാത്തിരുന്നു.ക്ഷമആട്ടിൻസൂപ്പിന്റെ  ഫലം ചെയ്യും എന്നല്ലേ പഴമൊഴി.ആഴ്ച്ചകൾക്കുശേഷം ചളീടെ ഫോണ്‍  വന്നു.തിക്താനുഭവങ്ങളുടെ വിവരണം പ്രതീക്ഷിച്ചാണ് ഫോണെടുത്തത്.
പക്ഷേ കണക്കുകൂട്ടലുകളെല്ലാം തെറ്റി.ചളി പറഞ്ഞുതുടങ്ങി,

"ഡാ .....പ്രതീക്ഷിച്ചപോലെ പണികിട്ടില്ലാട്ടാ ....ദൈവാനുഗ്രഹന്നാ തോന്നണേ.ഞാൻ പിള്ളേരുമായി സിങ്കായി.ഇപ്പോ ഇവിടെ സ്വർഗ്ഗാ...." 

സ്വർഗത്തിലേക്കുള്ള പാത കല്ലും മുള്ളും നിറഞ്ഞതാണെന്നാ  പറഞ്ഞു കേട്ടിട്ടുള്ളത്.പക്ഷേ ഇവിടെയും ചളിക്ക്  കാര്യമായി കല്ലും മുള്ളും ചവിട്ടേണ്ടി വന്നില്ല.പിന്നീടങ്ങോട്ടുള്ള  ഓരോ  ഫോണ്‍കോളിലും നിരവധി കോളേജ്  വിശേഷങ്ങൾ കാതിലെത്തി.പഠനവും പരീക്ഷയും സൗഹൃദവും പ്രണയവും ആർട്സും സ്പോർട്സും  രാഷ്ട്രീയവും....എല്ലാ രുചികളും നിറഞ്ഞിരുന്നു ആ വിശേഷങ്ങളിൽ.ശിഷ്യഗണങ്ങളുടെ  വിജയശതമാനം കണക്കിലെടുത്താലും ചളിമിസ്സ് മുൻപന്തിയിലാണ് .ആഹ്ളാദപൂർണ്ണമായ അദ്ധ്യാപകജീവിതത്തിലൂടെ ചളി വിജയത്തിന്റെ പടവുകൾ ചവിട്ടുമ്പോൾ,ഞങ്ങൾ സുഹൃത്തുക്കൾ അതീവസന്തുഷ്ടാരാണ്.
നെഞ്ചിൽ കൈവെച്ചുകൊണ്ട്  ഞങ്ങൾക്ക്  പറയാം..."ചളി.....അവൾ  കുട്ടികളുടെ മനസ്സറിയുന്നഅദ്ധ്യാപികയാണെന്ന്."


സ്വന്തം കോളേജ് ജീവിതത്തിൽ നഷ്ടപ്പെട്ട സ്വാതന്ത്ര്യവും സന്തോഷവും  ചളിമിസ്സ്  വീണ്ടെടുക്കുന്നു....തന്റെ ശിഷ്യരിലൂടെ....


ഇതിനൊക്കെ  സാക്ഷി  എന്ന  നിലയിൽ  ഒന്നേ പറയാനുള്ളൂ....
ജീവിതത്തിലെ ചില ട്വിസ്റ്റുകൾ  ഒരു നിയോഗമാണ് 
ചളി.....ചളിമിസ്സായതും  ഒരു നിയോഗമാണ് .

നല്ല അദ്ധ്യാപകർ എന്നും ഒരു നിയോഗമാണ്.....!!!!

"Of all the hard jobs around,one of the hardest is being a good teacher."-Maggie Gallagher