Saturday 13 April 2013

ആ വാക്കിന് പിന്നാലെ ...... ഒരു യാത്ര

വികസനം ....... പൊതുപ്രവർത്തകരുടെ  നിഘണ്ടുവിലെ ഏറ്റവും മൂർച്ചയേറിയ  വാക്ക് . മനുഷ്യമനസുകളിലേക്ക് തുളച്ചുകയറി  സ്വപ്നങ്ങൾ സൃഷ്ടിക്കുന്ന  വാക്ക് .വരൂ  നമ്മുക്ക്  ഈ  വാക്കിന്  പിന്നാലെ  അൽപ്പം  സഞ്ചരിക്കാം . 

ഒരു സമൂഹത്തിന്റെ വർത്തമാനകാല  ജീവിതസാഹചര്യത്തിൽ  സുസ്ഥിരമായ  ഉയർച്ച  സൃഷ്ടിക്കുന്ന ഏത്  പദ്ധതിയും  വികസനമാണ് . അങ്ങനെ  ഒരുപാട്   പദ്ധതികൾ  ഈ   മണ്ണിൽ  വിജയകരമായി  വിളഞ്ഞിട്ടുണ്ട് . വികസനപദ്ധതികൾക്ക്  ഒരു പഞ്ഞവും  ഇല്ലാത്ത നാടാണ്  ഇന്നത്തെ ഇന്ത്യ . എന്നാൽ ഈ  വികസനങ്ങളിൽ ചിലതെങ്കിലും   സാധാരണ  ജനങ്ങളിലേക്ക്  എത്തുന്നില്ല  എന്നത്  ഒരു സത്യം തന്നെ . ചിലപ്പോഴെങ്കിലും  വികസനം  കോടമഞ്ഞിന്റെ സ്വഭാവം കൈകൊള്ളാറുണ്ട് ... മുൻപിൽ  വരുന്ന  അപകടങ്ങളെ  അവ സൗകര്യപൂർവ്വം കണ്ണിൽ  നിന്ന്  മറയ്ക്കുന്നു .സുസ്ഥിരമായ പല  വികസനത്തിന്റെയും  ഗുണഭോക്താവ്  എന്ന  നിലയിൽ  വികസനം  എന്ന  വാക്കിന്  അയിത്തം  കല്പ്പിക്കാൻ  എനിക്കാവില്ല . പക്ഷേ  ചില ആശങ്കകൾ .... അവ  മനസ്സിൽ  നിന്ന് മായുന്നില്ല . അങ്ങനെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കുറേ  ആശങ്കകളുടെ  പരിണിതഫലമാകാം  നിങ്ങൾ വായിക്കുന്ന  ഈ  ബ്ളോഗ് . എനിക്ക്  മുൻപേ  എത്രയോപേർ  ഈ  വിഷയത്തിൽ  അവരുടെ  ആശങ്കകൾ  പങ്കുവെച്ചു . ഇവിടെ ഞാനും പങ്കുവെക്കുന്നു  എന്റെ ആശങ്കകൾ . 

"ദീർഘവീക്ഷണം" .... അതില്ലാത്ത  വികസനം  കടിഞ്ഞാണില്ലാത്ത കുതിരമേലുള്ള  ഒരു  സവാരിപോലെയാണ് ..... കുതിര എങ്ങോട്ടോ  ഓടുന്നു ,നമ്മൾ അതിനുമേൽ  നിസ്സഹായരായി  ഇരിക്കുന്നു . ഒരുപക്ഷേ  നിലത്ത്  വീഴാം ... വീഴതിരിക്കാം  എല്ലാം നമ്മുടെ  ഭാഗ്യം പോലെ . പക്ഷേ....   ഒരു  കാര്യം ഇവിടെ, നമ്മുടെ   ലക്ഷ്യം  അപ്രസക്തമാകുന്നു . അഞ്ചുവർഷം ഭരിക്കാനായി  നമ്മുടെ  വോട്ട്  അഭ്യർത്ഥിച്ചെത്തുന്ന "സ്ഥാനാർത്തി"കളോട് നിങ്ങൾ എപ്പോഴെങ്കിലും  ചോദിച്ചിട്ടുണ്ടോ .... ഇരുപത് വർഷം  കഴിഞ്ഞാൽ  ഈ  നാടിന്റെ  മുഖം  എങ്ങനെയായിരിക്കുമെന്ന് ,ഇന്ന്  കാണുന്നതിൽ നിന്ന് എന്ത്  വത്യാസമാണ്  അന്നത്തെ  നാടിന്  ഉണ്ടായിരിക്കുക  എന്ന് . ഒരിക്കൽ ഒരു  പഞ്ചായത്ത് മെമ്പറോട്  ഈ  ചോദ്യം  ചോദിക്കാൻ ഒരു  അവസരം  കിട്ടി . വളരെ  രസാവഹമായ  ഒരു  മറുചോദ്യമായിരുന്നു  ഇതിനുള്ള  മറുപടിയായി  കിട്ടിയത് ... "ഇരുപത് വർഷം നാം ജീവിച്ചിരിക്കും  എന്ന്  ഉറപ്പില്ലാത്ത  ഈ  ജീവിതത്തിൽ  അങ്ങനെ  ഒരു  ചോദ്യത്തിന്  പ്രസക്തിയുണ്ടോ  കുട്ടാ...  ?" ഉത്തരതിനുവേണ്ടി മെമ്പറെ പിന്നെ ശല്യം ചെയ്തിട്ടില്ല .... ഭരണ-പ്രതിപക്ഷത്തെ  വമ്പൻ സ്രാവുകളോട്  അവസരം കിട്ടിയാൽ നിങ്ങൾ  ഈ  ചോദ്യം  ചോദിക്കുക . നിങ്ങൾക്കും  കിട്ടാം  എനിക്ക്  കിട്ടിയപോലെ  ഒരു  മറുചോദ്യം. 

ചില  വികസനപദ്ധതികളുടെ  പുരോഗതി  പരിശോധിക്കുമ്പോൾ  ഒരു ചിത്രം  മനസ്സിലേക്ക്  കടന്നുവരും .... ഒരുപാട്  നേർത്ത സുഷിരങ്ങളുള്ള  ഒരു ബലൂണിന്റെ  ചിത്രം . ആ ബലൂണ്‍ എത്ര  ഊതിയാലും  വികസിക്കുകയില്ലലോ.... ?.അതുപോലെ തന്നെ കോടികൾ  ചിലവിട്ടിട്ടും  എങ്ങും  എത്താതെ  നിന്നുപോയ  ചില  വികസനപദ്ധതികൾ ..... വികസിക്കാത്ത  വികസനപദ്ധതികൾ
. ഈ  അവസ്ഥയിലാണ്  വികസനം എന്ന വാക്ക്  അർത്ഥശൂന്യമാകുന്നത് . എന്നിട്ടും വീണ്ടും വീണ്ടും  കോടികൾ  ഒഴുകുന്നു .... വികസിക്കാത്ത  വികസനപദ്ധതികൾ  വികസിപ്പിക്കുന്നതിനായി .വികസനവാദികളായ   ഭരണാധികാരികൾ  ബജറ്റിൽ  കണ്ണടച്ച്  കോടികൾ  എഴുതിതള്ളുമ്പോൾ  അവർ  അറിയുന്നില്ല തങ്ങൾ സുഷിരങ്ങൾ  നിറഞ്ഞ ബലൂണാണ്   ഊതിവീർപ്പിക്കാൻ  ശ്രമിക്കുന്നതെന്ന് . ആ സുഷിരങ്ങളിലൂടെ പാഴാവുന്ന  കോടികൾ ഏതോ സ്വകാര്യഖജനാവിലേക്ക് ഒഴുകിചേരുന്നു . വർഷങ്ങളായി  പണിതീരാത്ത  കാരാപ്പുഴ ജലസേചന പദ്ധതിയും ഇടമലയാർ വാലി  പ്രോജക്റ്റുമെല്ലാം സുഷിരങ്ങളൾ   നിറഞ്ഞ ബലൂണുകളിൽ  ചിലത്  മാത്രം . ചില ദേശീയതല വികസനപദ്ധതികളിലും ഈ  ധനച്ചോർച്ച  സുവ്യക്തമാണ് . 
വികസനപദ്ധതികളിലെ  നിരന്തര മൂല്യനിർണ്ണയത്തിന്റെ  അഭാവമാണ്  പല പദ്ധതികളുടെയും ശോചനീയാവസ് ഥയ്ക്ക്  പ്രധാനകാരണം . ദീർഘവീക്ഷണവും  നിരന്തരമൂല്യനിർണ്ണയവുമുള്ള  വികസനപദ്ധതികൾ  വികസനം എന്ന  വാക്ക്             അർത്ഥപൂർണ്ണമാക്കുന്നു . 

പ്രകൃതിയും  വികസനവും  മിക്കപ്പോഴും  നേർക്കുനേർ  ഏറ്റുമുട്ടുന്ന  രണ്ട്  വാക്കുകളാണ് . അശാസ്ത്രീയവികസനത്തിന്റെ കയ്പ്പേറിയ  രുചി  അറിഞ്ഞിട്ടുള്ള  പലരും വികസനം എന്ന വാക്കിനെ അൽപ്പം  ഭയത്തോടെയാണ്  കാണുന്നത് . അവരെ  തെറ്റ്  പറയാൻ പറ്റില്ലല്ലോ ?!!..... ചൂടുവെള്ളത്തിൽ ചാടിയ പൂച്ച  പച്ചവെള്ളം കണ്ടാലും പേടിക്കും  എന്നല്ലേ  പഴമൊഴി . വികസനങ്ങളിലെ  അസാസ്ത്രീയതയും  വികസനത്തിന്റെ  അനിവാര്യതയും  വിശദമായി  വിശകലനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.വികസനങ്ങളിലെ  അശാസ്ത്രീയത  പ്രകൃതി  കുറച്ചുകാലത്തേക്ക്  ക്ഷമിച്ചേക്കാം..... സ്വന്തം  കുട്ടിയുടെ  വികൃതി  ഒരു അമ്മ ക്ഷമിക്കുന്നതുപോലെ . പക്ഷേ  ഒന്ന്  ഓർക്കുക  നിരന്തരമായ  വികൃതികൾ  പലപ്പോഴും കുട്ടിയുടെ കണ്ണുനീരിൽ  മാത്രമാണ്  അവസാനിക്കാറുള്ളത് . അതുകൊണ്ടുതന്നെ പ്രകൃതിയുമായി  രമ്യതയിൽ  പോകുന്നതാണ്  വികസനത്തിന്  നല്ലത് .

ശക്തമായ നേതൃത്വത്തിന്റെ  അഭാവമാണ്  വികസനപദ്ധതികൾ  നേരിടുന്ന  മറ്റൊരു പ്രധാന  വെല്ലുവിളി . നേതാവിന്റെ  സത്യസന്ധതയും  കാര്യക്ഷമതയും  വികസനപദ്ധതികളുടെ  വിജയത്തിന്  അനിവാര്യഘടകമാണ്‌ .  

മുകളിൽ  സൂചിപ്പിച്ചതുപോലുള്ള  ചില്ലറ  ആശങ്കകൾ   മാറ്റിനിർത്തിയാൽ  വികസനം  എന്ന  വാക്ക്   എല്ലാവർക്കും  പ്രിയപ്പെട്ടതാണ് . വർഷങ്ങൾക്ക്  മുൻപേ  തുടങ്ങിയ  ശാസ്ത്രീയമായ  വികസനപദ്ധതികളിൽ  പലതും  ഇന്നും അവയുടെ  വിജയഗാഥ  തുടർന്നുകൊണ്ടേയിരിക്കുന്നു . അനുയോജ്യമായ  ഒരു  ഉദാഹരണം നിങ്ങൾക്ക്  മുൻപിൽ  സമർപ്പിക്കാതിരിക്കാൻ  എനിക്കാവില്ല. 



1946-ൽ  ഗുജറാത്തിലെ  കെയ്റ  ജില്ലയിലെ ക്ഷീരകർഷകരുടെ  കൂട്ടായ്മയിൽ നിന്ന് ജന്മംകൊണ്ട് ... ഇന്ന്  ഇന്ത്യയുടെ  രുചിയായി മാറിയ  അമുൽ (AMUL -Anand Milk Union Limited) ശാസ്ത്രീയമായ  വികസനപദ്ധതികളുടെ  ഉത്തമോദാഹരണമാണ് . മുൻപ്  സൂചിപ്പിച്ച  ആശങ്കകൾ  ഒന്നും തന്നെയില്ല. ആനന്ദിലെ  ക്ഷീരകർഷകരുടെ  ജീവിതസാഹചര്യത്തിൽ  സുസ്ഥിരമായ  ഉയർച്ച  കൈവന്നു. ഈ വികസനത്തിൽ ധനച്ചോർച്ചക്കുള്ള  സുഷിരങ്ങൾ  ഇല്ലേയില്ല. പ്രകൃതിയോട്  വികൃതികൾ കാണിച്ചിട്ടുമില്ല. ശ്രീ :ത്രിഭുവൻദാസ് ,ഡോ : വർഗ്ഗീസ് കുര്യൻ ,ശ്രീ : ദലയ  എന്നിവരടങ്ങുന്ന ശക്തമായ  നേതൃത്വം  ഈ വികസനപദ്ധതിയെ  വിജയത്തിന്റെ  നെറുകയിലെത്തിച്ചു. 


വളരുന്ന ഇന്ത്യ ഇനിയും ഇതുപോലുള്ള അനേകം ശാസ്ത്രീയമായ         വികസനപദ്ധതികൾക്കായ്  കാത്തിരിക്കുന്നു, വികസനം  എന്ന വാക്ക്  അർത്ഥപൂർണ്ണമാക്കുന വികസനപദ്ധതികൾക്കായ്  .