Thursday 17 January 2013

മരുഭൂമിയിലെ മഴ ദൈവത്തിന്റെ കുസൃതി

പ്രണയം ........അത്  മരുഭൂമിയിലെ കുളിര്‍മഴയാണെങ്കില്‍ ...ഈയുള്ളവന്റെ മരുഭൂമിയില്‍ ഇന്നേവരെ ആ മഴ പെയ്തിട്ടില്ല ...പക്ഷേ  ആ  മഴക്കുവേണ്ടി  മനസ്  ഒരുപാട്  കൊതിച്ചിരുന്നു.
അച്ചടക്കത്തിന്റെയും ആത്മസംയമനത്തിന്റെയും  പര്യായമായ  ഒരു ശാലീന സുന്ദരിയെ  കലാലയജീവിതത്തില്‍  കണ്ടുമുട്ടിയതില്‍  നിന്നാവാം  ആ  ആഗ്രഹത്തിന്റെ ഉത്ഭവം .ആഗ്രഹത്തിന്  അല്‍പ്പം അത്യാഗ്രഹത്തിന്റെ  ടച്ച്  ഉണ്ടെന്നുതോന്നിയിട്ടാവാം 
ഈശ്വരന്‍  ആ  ആഗ്രഹം  മുളയിലേ നുള്ളി.അന്നല്‍പ്പം ദേഷ്യവും പിണക്കവും ഈശ്വരനോട്  തോന്നി  എന്നത്  സത്യം തന്നെ...എന്നാലും  നൂപ്പര്‌   നല്ല ദീര്‍ഘവീക്ഷണത്തോടുകൂടിയാണ്‌ 
കരുക്കള്‍  നീക്കിയത്  എന്ന്  ഇപ്പോള്‍  തോന്നുന്നു.വര്‍ഷങ്ങള്‍  നാലഞ്ച്  കഴിഞ്ഞിട്ടും    ആ സംഭവവികാസങ്ങളെല്ലാം  കലാലയജീവിതത്തിലെ ഹിമാലയന്‍വിഡ്ഢിത്തമായി മനസ്സില്‍  മായാതെ  നില്‍ക്കുന്നു . കണ്ടത്  സുന്ദരം ....കാണാത്തത്  അതിസുന്ദരം  എന്നല്ലേ 
പറയുക .അതുകൊണ്ട്  ഈ  മരുഭൂമിയില്‍  മഴ പെയ്തിട്ടിലെങ്കിലും ...ആ മഴ അത് സുന്ദരമാണ്‌.

 മഴപെയ്ത്  കുതിര്‍ന്ന  കുറേ  മരുഭൂമികള്‍  കലാലയജീവിതത്തില്‍  കണ്ടിട്ടുണ്ട് .മൂന്നോ നാലോ 
വര്‍ഷം  തുടര്‍ച്ചയായി  പെയ്ത  മഴയ്ക്കുശേഷം  വരള്‍ച്ച ബാധിച്ച  മരുഭൂമികളും  വിരളമല്ല .
അത്യപൂര്‍വ്വമായി  ചില മരുഭൂമികള്‍ക്ക്  മഴ എന്നെന്നേക്കും  സ്വന്തമായി .
പ്രണയം..... അതിപ്പോഴും ചിലര്‍ക്കെങ്കിലും  കിട്ടാത്ത മുന്തിരിയാണ്‌ .കിട്ടാത്ത  മുന്തിരി  പുളിക്കുമോ മധുരിക്കുമോ  എന്നറിയാന്‍ ഏറ്റവും എളുപ്പമുള്ള  മാര്‍ഗ്ഗം  ആ മുന്തിരി തിന്നവരോട്  ചോദിക്കുകയാണല്ലോ?അങ്ങനെ മുന്തിരി തിന്ന  പലരോടായി  അതിന്റെ രുചി ചോദിച്ചു.
പലര്‍ക്കും  പല രുചിയായിരുന്നു.അതങ്ങനെയാണ്‌ ...വൈവിധ്യങ്ങള്‍     സൃഷ്ടിക്കുന്നതില്‍ ഈശ്വരന്‍  നന്നേ തല്പരനാണ്‌ .
കിട്ടാത്ത മുന്തിരിയുടെ  രുചി  മനസ്സില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു .

മ്മടെ  ഒരു ഗെഡിടെ  പടര്‍ന്ന്‍  പന്തലിച്ച്  പുഷ്പ്പിച്ചുനിന്ന  പ്രണയം  ഒറ്റരാത്രികൊണ്ട്  കത്തികരിഞ്ഞുപോയ   വാര്‍ത്തയാകാം  പ്രണയത്തെക്കുറിച്ച്  ഇങ്ങനെ ചിലവരികള്‍  കുത്തികുറിക്കാന്‍  പ്രജോദനമായത് .ആ  വാര്‍ത്ത അറിഞ്ഞതിനുശേഷമുള്ള  കുറേ  ദിവസങ്ങളില്‍  സെക്കന്റ്ഷോ സിനിമയിലെ കുരുടിമുക്കിലെ പിള്ളേരുടെ  ഉപദേശം  കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.അതെ ....അതുതന്നെ"അന്നും ഇന്നും എന്നും പണമൊന്നുതന്നെ  പെണ്ണിന്‌  കാമുകന്‍ ."കുറേ ദിവങ്ങളോളം  ആ  പെണ്‍കുട്ടിയുടെ  പുഞ്ചിരിച്ച മുഖം  ചതിയുടെ  പര്യായമായി  മനസ്സില്‍ നിന്നിരുന്നു,ക്രമേണ ദൈവത്തിന്റെ കുസൃതിയുടെ  ആംഗിളില്‍  ചിന്തിക്കാന്‍ തുടങ്ങി .ആ ആംഗിളില്‍  ചിന്തിക്കുമ്പോള്‍  ആരെയും തെറ്റുപറയാന്‍ തോന്നുന്നില്ല .ആ  കുസൃതി  നിറഞ്ഞ സിനിമയ്ക്ക്  തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതെല്ലാം  അദേഹമാണല്ലോ...!!സ്ക്രിപ്റ്റില്‍  എന്ത്  ട്വിസ്റ്റ്‌  ഉണ്ടാക്കാനും ആ തിരക്കഥാകൃത്തിനു  പൂര്‍ണ്ണ  അധികാരമുണ്ടല്ലോ..?!!.വെറുതെ നടനെയും നടിയെയും പഴിച്ചിട്ട്  എന്ത് കാര്യം ?.ഇങ്ങനെ എത്രയോ സിനിമകള്‍ അദ്ധേഹം   സംവിധാനം ചെയ്തിരിക്കുന്നു.ചിലതെല്ലാം ഹിറ്റായി ...കുറേയധികം  സിനിമകള്‍ വെളിച്ചം കണ്ടതുമില്ല.മരുഭൂമിയിലെ  കുളിര്‍മഴ  ഇതുവരെ  കൊള്ളാത്തതുകൊണ്ടാവാം  ഈ സിനിമകളുടെ  തോല്‍വിയെ ദൈവത്തിന്റെ കുസൃതിയായെ ഈയുള്ളവന്  കാണാന്‍  കഴിയുന്നുള്ളു .

തകര്‍ന്നുപോയ  ഒരു പ്രണയംകൊണ്ട്  ആര്‍ക്ക്  എന്ത് നേട്ടമുണ്ടായി എന്ന്  ചിന്തിക്കുന്നവര്‍  കുറവല്ല.പലര്‍ക്കും അത് നേട്ടമുണ്ടാക്കിയിട്ടുണ്ട് .പ്രണയം എന്ന പ്രതിഭാസം ഇല്ലായിരുന്നെങ്കില്‍  കേരളത്തിലെ  അല്ല  ഇന്ത്യയിലെതന്നെ പല  മൊബൈല്‍ഫോണ്‍  സേവനദാതക്കളുടെയും നൈറ്റ് കോള്‍  ഓഫറുകള്‍ ,ജോഡി സിം ഓഫറുകള്‍ ,എസ് .എം.എസ്  ഓഫറുകള്‍ ,മറ്റ്  അല്ലറ  ചില്ലറ ഓഫറുകള്‍ എന്നിവ ഇത്രയധികം വിജയിക്കില്ലായിരുന്നു.
എത്രയോ അധികം കോഫിഷോപ്പുകള്‍ക്കും  സിനിമാതിയേറ്ററുകള്‍ക്കും ..എന്തിന്  ബീച്ചില്‍  ഐസ്ക്രീമും  കപ്പലണ്ടിയും  വില്‍ക്കുന്നവര്‍ക്കുപോലും ആ തകര്‍ന്ന പ്രണയം എത്രയോ  ഉപകാരപ്രദമായിട്ടുണ്ട് .ദൈവം എന്ന  തിരക്കഥാകൃത്ത്  ഒന്നും കാണാതെ ഒരു തിരക്കഥയും  എഴുതില്ലല്ലോ?!ദൈവത്തിന്റെ  കുസൃതിയില്‍ നേട്ടവും കോട്ടവും സംഭവിച്ചവര്‍ക്കും  ഇനി ആ  കുസൃതി അനുഭവിക്കാന്‍ പോകുന്നവര്‍ക്കും ..ഇന്നേവരെ ആ കുസൃതി അനുഭവിക്കാത്ത ഈയുള്ളവന്‍ ഇത് സമര്‍പ്പിക്കുന്നു .