Saturday 13 April 2013

ആ വാക്കിന് പിന്നാലെ ...... ഒരു യാത്ര

വികസനം ....... പൊതുപ്രവർത്തകരുടെ  നിഘണ്ടുവിലെ ഏറ്റവും മൂർച്ചയേറിയ  വാക്ക് . മനുഷ്യമനസുകളിലേക്ക് തുളച്ചുകയറി  സ്വപ്നങ്ങൾ സൃഷ്ടിക്കുന്ന  വാക്ക് .വരൂ  നമ്മുക്ക്  ഈ  വാക്കിന്  പിന്നാലെ  അൽപ്പം  സഞ്ചരിക്കാം . 

ഒരു സമൂഹത്തിന്റെ വർത്തമാനകാല  ജീവിതസാഹചര്യത്തിൽ  സുസ്ഥിരമായ  ഉയർച്ച  സൃഷ്ടിക്കുന്ന ഏത്  പദ്ധതിയും  വികസനമാണ് . അങ്ങനെ  ഒരുപാട്   പദ്ധതികൾ  ഈ   മണ്ണിൽ  വിജയകരമായി  വിളഞ്ഞിട്ടുണ്ട് . വികസനപദ്ധതികൾക്ക്  ഒരു പഞ്ഞവും  ഇല്ലാത്ത നാടാണ്  ഇന്നത്തെ ഇന്ത്യ . എന്നാൽ ഈ  വികസനങ്ങളിൽ ചിലതെങ്കിലും   സാധാരണ  ജനങ്ങളിലേക്ക്  എത്തുന്നില്ല  എന്നത്  ഒരു സത്യം തന്നെ . ചിലപ്പോഴെങ്കിലും  വികസനം  കോടമഞ്ഞിന്റെ സ്വഭാവം കൈകൊള്ളാറുണ്ട് ... മുൻപിൽ  വരുന്ന  അപകടങ്ങളെ  അവ സൗകര്യപൂർവ്വം കണ്ണിൽ  നിന്ന്  മറയ്ക്കുന്നു .സുസ്ഥിരമായ പല  വികസനത്തിന്റെയും  ഗുണഭോക്താവ്  എന്ന  നിലയിൽ  വികസനം  എന്ന  വാക്കിന്  അയിത്തം  കല്പ്പിക്കാൻ  എനിക്കാവില്ല . പക്ഷേ  ചില ആശങ്കകൾ .... അവ  മനസ്സിൽ  നിന്ന് മായുന്നില്ല . അങ്ങനെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കുറേ  ആശങ്കകളുടെ  പരിണിതഫലമാകാം  നിങ്ങൾ വായിക്കുന്ന  ഈ  ബ്ളോഗ് . എനിക്ക്  മുൻപേ  എത്രയോപേർ  ഈ  വിഷയത്തിൽ  അവരുടെ  ആശങ്കകൾ  പങ്കുവെച്ചു . ഇവിടെ ഞാനും പങ്കുവെക്കുന്നു  എന്റെ ആശങ്കകൾ . 

"ദീർഘവീക്ഷണം" .... അതില്ലാത്ത  വികസനം  കടിഞ്ഞാണില്ലാത്ത കുതിരമേലുള്ള  ഒരു  സവാരിപോലെയാണ് ..... കുതിര എങ്ങോട്ടോ  ഓടുന്നു ,നമ്മൾ അതിനുമേൽ  നിസ്സഹായരായി  ഇരിക്കുന്നു . ഒരുപക്ഷേ  നിലത്ത്  വീഴാം ... വീഴതിരിക്കാം  എല്ലാം നമ്മുടെ  ഭാഗ്യം പോലെ . പക്ഷേ....   ഒരു  കാര്യം ഇവിടെ, നമ്മുടെ   ലക്ഷ്യം  അപ്രസക്തമാകുന്നു . അഞ്ചുവർഷം ഭരിക്കാനായി  നമ്മുടെ  വോട്ട്  അഭ്യർത്ഥിച്ചെത്തുന്ന "സ്ഥാനാർത്തി"കളോട് നിങ്ങൾ എപ്പോഴെങ്കിലും  ചോദിച്ചിട്ടുണ്ടോ .... ഇരുപത് വർഷം  കഴിഞ്ഞാൽ  ഈ  നാടിന്റെ  മുഖം  എങ്ങനെയായിരിക്കുമെന്ന് ,ഇന്ന്  കാണുന്നതിൽ നിന്ന് എന്ത്  വത്യാസമാണ്  അന്നത്തെ  നാടിന്  ഉണ്ടായിരിക്കുക  എന്ന് . ഒരിക്കൽ ഒരു  പഞ്ചായത്ത് മെമ്പറോട്  ഈ  ചോദ്യം  ചോദിക്കാൻ ഒരു  അവസരം  കിട്ടി . വളരെ  രസാവഹമായ  ഒരു  മറുചോദ്യമായിരുന്നു  ഇതിനുള്ള  മറുപടിയായി  കിട്ടിയത് ... "ഇരുപത് വർഷം നാം ജീവിച്ചിരിക്കും  എന്ന്  ഉറപ്പില്ലാത്ത  ഈ  ജീവിതത്തിൽ  അങ്ങനെ  ഒരു  ചോദ്യത്തിന്  പ്രസക്തിയുണ്ടോ  കുട്ടാ...  ?" ഉത്തരതിനുവേണ്ടി മെമ്പറെ പിന്നെ ശല്യം ചെയ്തിട്ടില്ല .... ഭരണ-പ്രതിപക്ഷത്തെ  വമ്പൻ സ്രാവുകളോട്  അവസരം കിട്ടിയാൽ നിങ്ങൾ  ഈ  ചോദ്യം  ചോദിക്കുക . നിങ്ങൾക്കും  കിട്ടാം  എനിക്ക്  കിട്ടിയപോലെ  ഒരു  മറുചോദ്യം. 

ചില  വികസനപദ്ധതികളുടെ  പുരോഗതി  പരിശോധിക്കുമ്പോൾ  ഒരു ചിത്രം  മനസ്സിലേക്ക്  കടന്നുവരും .... ഒരുപാട്  നേർത്ത സുഷിരങ്ങളുള്ള  ഒരു ബലൂണിന്റെ  ചിത്രം . ആ ബലൂണ്‍ എത്ര  ഊതിയാലും  വികസിക്കുകയില്ലലോ.... ?.അതുപോലെ തന്നെ കോടികൾ  ചിലവിട്ടിട്ടും  എങ്ങും  എത്താതെ  നിന്നുപോയ  ചില  വികസനപദ്ധതികൾ ..... വികസിക്കാത്ത  വികസനപദ്ധതികൾ
. ഈ  അവസ്ഥയിലാണ്  വികസനം എന്ന വാക്ക്  അർത്ഥശൂന്യമാകുന്നത് . എന്നിട്ടും വീണ്ടും വീണ്ടും  കോടികൾ  ഒഴുകുന്നു .... വികസിക്കാത്ത  വികസനപദ്ധതികൾ  വികസിപ്പിക്കുന്നതിനായി .വികസനവാദികളായ   ഭരണാധികാരികൾ  ബജറ്റിൽ  കണ്ണടച്ച്  കോടികൾ  എഴുതിതള്ളുമ്പോൾ  അവർ  അറിയുന്നില്ല തങ്ങൾ സുഷിരങ്ങൾ  നിറഞ്ഞ ബലൂണാണ്   ഊതിവീർപ്പിക്കാൻ  ശ്രമിക്കുന്നതെന്ന് . ആ സുഷിരങ്ങളിലൂടെ പാഴാവുന്ന  കോടികൾ ഏതോ സ്വകാര്യഖജനാവിലേക്ക് ഒഴുകിചേരുന്നു . വർഷങ്ങളായി  പണിതീരാത്ത  കാരാപ്പുഴ ജലസേചന പദ്ധതിയും ഇടമലയാർ വാലി  പ്രോജക്റ്റുമെല്ലാം സുഷിരങ്ങളൾ   നിറഞ്ഞ ബലൂണുകളിൽ  ചിലത്  മാത്രം . ചില ദേശീയതല വികസനപദ്ധതികളിലും ഈ  ധനച്ചോർച്ച  സുവ്യക്തമാണ് . 
വികസനപദ്ധതികളിലെ  നിരന്തര മൂല്യനിർണ്ണയത്തിന്റെ  അഭാവമാണ്  പല പദ്ധതികളുടെയും ശോചനീയാവസ് ഥയ്ക്ക്  പ്രധാനകാരണം . ദീർഘവീക്ഷണവും  നിരന്തരമൂല്യനിർണ്ണയവുമുള്ള  വികസനപദ്ധതികൾ  വികസനം എന്ന  വാക്ക്             അർത്ഥപൂർണ്ണമാക്കുന്നു . 

പ്രകൃതിയും  വികസനവും  മിക്കപ്പോഴും  നേർക്കുനേർ  ഏറ്റുമുട്ടുന്ന  രണ്ട്  വാക്കുകളാണ് . അശാസ്ത്രീയവികസനത്തിന്റെ കയ്പ്പേറിയ  രുചി  അറിഞ്ഞിട്ടുള്ള  പലരും വികസനം എന്ന വാക്കിനെ അൽപ്പം  ഭയത്തോടെയാണ്  കാണുന്നത് . അവരെ  തെറ്റ്  പറയാൻ പറ്റില്ലല്ലോ ?!!..... ചൂടുവെള്ളത്തിൽ ചാടിയ പൂച്ച  പച്ചവെള്ളം കണ്ടാലും പേടിക്കും  എന്നല്ലേ  പഴമൊഴി . വികസനങ്ങളിലെ  അസാസ്ത്രീയതയും  വികസനത്തിന്റെ  അനിവാര്യതയും  വിശദമായി  വിശകലനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.വികസനങ്ങളിലെ  അശാസ്ത്രീയത  പ്രകൃതി  കുറച്ചുകാലത്തേക്ക്  ക്ഷമിച്ചേക്കാം..... സ്വന്തം  കുട്ടിയുടെ  വികൃതി  ഒരു അമ്മ ക്ഷമിക്കുന്നതുപോലെ . പക്ഷേ  ഒന്ന്  ഓർക്കുക  നിരന്തരമായ  വികൃതികൾ  പലപ്പോഴും കുട്ടിയുടെ കണ്ണുനീരിൽ  മാത്രമാണ്  അവസാനിക്കാറുള്ളത് . അതുകൊണ്ടുതന്നെ പ്രകൃതിയുമായി  രമ്യതയിൽ  പോകുന്നതാണ്  വികസനത്തിന്  നല്ലത് .

ശക്തമായ നേതൃത്വത്തിന്റെ  അഭാവമാണ്  വികസനപദ്ധതികൾ  നേരിടുന്ന  മറ്റൊരു പ്രധാന  വെല്ലുവിളി . നേതാവിന്റെ  സത്യസന്ധതയും  കാര്യക്ഷമതയും  വികസനപദ്ധതികളുടെ  വിജയത്തിന്  അനിവാര്യഘടകമാണ്‌ .  

മുകളിൽ  സൂചിപ്പിച്ചതുപോലുള്ള  ചില്ലറ  ആശങ്കകൾ   മാറ്റിനിർത്തിയാൽ  വികസനം  എന്ന  വാക്ക്   എല്ലാവർക്കും  പ്രിയപ്പെട്ടതാണ് . വർഷങ്ങൾക്ക്  മുൻപേ  തുടങ്ങിയ  ശാസ്ത്രീയമായ  വികസനപദ്ധതികളിൽ  പലതും  ഇന്നും അവയുടെ  വിജയഗാഥ  തുടർന്നുകൊണ്ടേയിരിക്കുന്നു . അനുയോജ്യമായ  ഒരു  ഉദാഹരണം നിങ്ങൾക്ക്  മുൻപിൽ  സമർപ്പിക്കാതിരിക്കാൻ  എനിക്കാവില്ല. 



1946-ൽ  ഗുജറാത്തിലെ  കെയ്റ  ജില്ലയിലെ ക്ഷീരകർഷകരുടെ  കൂട്ടായ്മയിൽ നിന്ന് ജന്മംകൊണ്ട് ... ഇന്ന്  ഇന്ത്യയുടെ  രുചിയായി മാറിയ  അമുൽ (AMUL -Anand Milk Union Limited) ശാസ്ത്രീയമായ  വികസനപദ്ധതികളുടെ  ഉത്തമോദാഹരണമാണ് . മുൻപ്  സൂചിപ്പിച്ച  ആശങ്കകൾ  ഒന്നും തന്നെയില്ല. ആനന്ദിലെ  ക്ഷീരകർഷകരുടെ  ജീവിതസാഹചര്യത്തിൽ  സുസ്ഥിരമായ  ഉയർച്ച  കൈവന്നു. ഈ വികസനത്തിൽ ധനച്ചോർച്ചക്കുള്ള  സുഷിരങ്ങൾ  ഇല്ലേയില്ല. പ്രകൃതിയോട്  വികൃതികൾ കാണിച്ചിട്ടുമില്ല. ശ്രീ :ത്രിഭുവൻദാസ് ,ഡോ : വർഗ്ഗീസ് കുര്യൻ ,ശ്രീ : ദലയ  എന്നിവരടങ്ങുന്ന ശക്തമായ  നേതൃത്വം  ഈ വികസനപദ്ധതിയെ  വിജയത്തിന്റെ  നെറുകയിലെത്തിച്ചു. 


വളരുന്ന ഇന്ത്യ ഇനിയും ഇതുപോലുള്ള അനേകം ശാസ്ത്രീയമായ         വികസനപദ്ധതികൾക്കായ്  കാത്തിരിക്കുന്നു, വികസനം  എന്ന വാക്ക്  അർത്ഥപൂർണ്ണമാക്കുന വികസനപദ്ധതികൾക്കായ്  . 






 

2 comments:

  1. ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് വികസപദ്ധതികൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി . നേതാവിന്റെ സത്യസന്ധതയും കാര്യക്ഷമതയും വികസനപദ്ധതികളുടെ വിജയത്തിന് അനിവാര്യഘടകമാണ്‌ .

    താങ്കൾ പറഞ്ഞ ഇത് തന്നെയാണ് ഇന്നിന്റെ ഇന്ത്യയുടെ വലിയ പ്രശ്നം, അതിന്ന് വേണ്ടി അവർ കോടതിയെ വരെ വിലക്ക് വാങ്ങുന്നു, നിയമവും നോക്ക് കുത്തി

    ReplyDelete
  2. വികസനം എന്നത് കോളനിവല്‍ക്കരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളെയും പോലെ നമ്മുടെയും സ്വപ്നമാണ്. പക്ഷേ അടിസ്ഥാനപരമായ ഒരു പ്രശ്നം എന്തിനു വേണ്ടിയാണ് ചെയ്യുന്നത് എന്ന് ചിന്തിക്കാതെയാണ് പലതും നമ്മുടെ രാഷ്ട്രീയനേതൃത്വം ചെയ്യുന്നത്. സോഷ്യലിസം ഇന്ത്യയുടെ വിശാലസങ്കല്പമാക്കിയതെന്തിന് എന്ന് ഈ രാജ്യം അങ്ങിനെആയിരിക്കും എന്ന് പറഞ്ഞ ഭരണകര്‍ത്താക്കളുടെ തുടര്‍പ്രവര്‍ത്തികള്‍ പരിശോധിക്കുമ്പോള്‍ ശരിക്കും തോന്നുന്നത് ആശങ്കയാണ്. സോഷ്യലിസം എന്ന് വെറുതെ എഴുതി വെച്ചത് പോലെയാണ് വികസനം എന്ന് പറയുന്നതും. വിവിധ ഉദ്ദേശങ്ങളിലൂടെ നാം ചിലവഴിക്കുന്ന പണം എന്തിന് ചിലവഴിക്കുന്നു എന്നത് ഭരണകൂടം ഒരു കാലത്തും പരിശോധിച്ചിട്ടില്ല എന്ന് തോന്നുന്നു. നമ്മുടെ എ.ജിയാണ് വിശദമായ പരിശോധന നടത്തുന്ന ഏക അതോറിറ്റി. അവര്‍ പോലും ക്വാളിറ്റേറ്റീവ് പരിശോധന ശീലിച്ചു വരുന്നതേയുള്ളൂ..... ഉദാഹരണത്തിന് കൃഷിവകുപ്പിലൂടെ സര്‍ക്കാര്‍ കൃഷി വികസിപ്പിക്കാന്‍ ചിലവാക്കിയ പണവും ഉല്പാദനമേഖലയില്‍ ഉണ്ടായ മാറ്റവും നോക്കൂ... ആ വകുപ്പ് അടച്ചു പൂട്ടേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കാം.... പ്രശ്നം മേല്‍ പറഞ്ഞതൊക്കെയാണ്... അടുത്ത ബഡ്ജറ്റ് വരെയുള്ള കാലയളവേയുള്ളൂ കാഴ്ച്ചപ്പാടില്‍.... പിന്നെ അഴിമതുയും കൂടെ ആകുമ്പോള്‍ സംഭവം കളറാവും..... ഇതെങ്ങനെ ശരിയാവുമെന്നറിയില്ല.... പക്ഷേ, ഈ കാഴ്ച്ചപ്പാട് അതി വിദൂരമല്ലാത്ത ഒരു അടിമത്തത്തിന്‍റെ വാതില്‍ തുറക്കുന്നുണ്ടെന്ന് തോന്നുന്നു.....

    ReplyDelete