Thursday 25 June 2015

വായനാവഴിയിലൂടെ...........


വായനാവഴിയിലൂടെ.......




വീണ്ടും ഒരു വായനാദിനം കൂടി കടന്നുപോയിരിക്കുന്നു.ഓർമ്മകളിൽ  ഒരുപാട്  താളുകൾ  പുറകിലേക്ക്  മറിഞ്ഞെത്തിയത് ,വികൃതിപയ്യനായ ഒരു ഒമ്പതാംക്ലാസുകാരനിലാണ്.വായന അന്ന്  പാഠപുസ്തകങ്ങളിൽ കണ്ണെറിഞ്ഞ് സമയം കൊല്ലുന്ന  ഒരു പ്രവൃത്തിമാത്രമായിരുന്നു.വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിവിടർത്തുന്ന ഓർമ്മകളിലൊന്ന്.സുകുമാർ അഴീകോടിന്റെ തത്ത്വമസിയിലെ ഏതാനം വരികളടങ്ങുന്ന പാഠപുസ്റ്റകം വായിച്ച്  ദഹനക്കേട് പിടിച്ച  ചെക്കൻ  വായാനയുടെ ലോകത്തിന്റെ  ഏഴയലത്തുപോലും വന്നില്ല.മലയാളം അദ്ധ്യാപികയായ സജിനി ടീച്ചറുടെ കണ്ണുരുട്ടിയുള്ള നോട്ടത്തിൽ  നിന്ന്  രക്ഷനേടാനായ്  അക്ഷരങ്ങളിലേക്ക്  കണ്ണുംനട്ടിരുന്ന കാലം.പാഠപുസ്തകങ്ങളുമായുള്ള ഒരു യുദ്ധം മാത്രമായിരുന്നു ആ കാലത്ത് വായന.അഴീകോട് മാഷിനോടുള്ള പേടി  ഇതുവരെ മാറിയിട്ടില്ല.ബുക്സ്റ്റാളുകളിൽ  മാഷിന്റെ  പുസ്തകങ്ങൾ  കാണുമ്പോൾ അവ കൈയ്യിലെടുത്ത് മനസ്സിൽ പറയും "ഇതിനുള്ള സമയം ആയിട്ടില്ല.....ഇത് വായിക്കാനും മനസ്സിലാക്കാനും  വായന ഇനിയും വളരേണ്ടിയിരിക്കുന്നു.".വായനയുടെ സൗന്ദര്യം നുകർന്നു തുടങ്ങുന്ന ആ ഇളംപ്രായത്തിൽ ഇത്രയും പ്രൗഡഗംഭീരമായ സാഹിത്യസൃഷ്ടി എന്തിന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി എന്ന്  ഇപ്പോഴും കൗതുകത്തോടെ  ആലോചിക്കാറുണ്ട്.





 വായനയുടെ സുന്ദരലോകത്തേക്കുള്ള കാൽവെയ്പ്പിന് പിന്നേയും ഏകദേശം ആറുവർഷങ്ങൾ താണ്ടേണ്ടിവന്നു.യാത്രകളാൽ സമ്പന്നമായ കലാലയജീവിതത്തിന്റെ  രണ്ടാം വർഷമാണ്‌ വായനയുടെലോകത്തേക്കുള്ള  ആദ്യപടി ചവിട്ടുന്നത് .യാത്രകൾ  ലഹരിയായ  ദിനങ്ങളിൽ  എപ്പോഴോ ഒരു സഹയാത്രികൻ ഹോസ്റ്റൽമുറിയിലെത്തിച്ച "മാതൃഭൂമി യാത്ര"മാഗസിൻ .കൃത്യമായി പറഞ്ഞാൽ മാതൃഭൂമി യാത്രയുടെ ഒമ്പതാം പതിപ്പ്. അതായിരുന്നു തുടക്കം.ശ്രീ.മധുരാജും മറ്റു പ്രഗൽഭരരായ ഫോട്ടോഗ്രാഫർമാരും ചേർന്നൊരുക്കിയ ദൃശ്യവിസ്മയങ്ങളിലൂടെ  ഒരു ഓട്ടപ്രദിക്ഷണം.പിന്നെ ഓരോ താളുകളായി മൂന്നാഴ്ച്ചകൊണ്ട് ആ യാത്ര വായിച്ചു തീർന്നു.വായനകഴിഞ്ഞൂം ആ യാത്രാവിവരണങ്ങൾ മനസ്സിൽ നിറഞ്ഞു  നിന്നു .ഒപ്പം ടി.ജെ.ശ്രീജിത്ത്  എന്ന  ഒരു  ലേഖകൻറെ  പേരും.ലാളിത്യത്തിന്റെ മധുരമായിരുന്നു എന്നെ അണ്ണന്റെ (പിന്നീടെപ്പോഴോ ഞാൻ അദ്ദേഹത്തെ അണ്ണനെന്നും ഗുരുവെന്നുമൊക്കെ വിളിച്ചു) യാത്രാവിവരണങ്ങളോട്  കൂടുതൽ അടുപ്പിച്ചത്.പിന്നീടുള്ള യാത്രാ മാഗസിനിലെല്ലാം ആദ്യം വായിച്ചത് അണ്ണന്റെ ലേഖനങ്ങൾ  തന്നെയായിരുന്നു.ഹരിലാൽ-ജ്യോതിലാൽ -മോഹൻലാൽ  എന്ന ലാൽത്രയവും  മ്മളെ മാതൃഭൂമി യാത്രയോട് കൂടുതൽ ചേർത്തുനിർത്തി.ഇവരിൽ ചിലരുമായി                                                      പിന്നീട്  പരിചയപ്പെട്ടു.സൗഹൃദത്തിന്റെയും വായനയുടെയും യാത്രയുടെയും പുതുലോകം എനിക്കുമുൻപിൽ തുറന്നു.

മാതൃഭൂമി യാത്രയ്ക്ക് പുറമേ ചില യാത്രാവിവരണങ്ങൾ  കൈകളിലെത്താൻ തുടങ്ങി.ആദ്യമായി കൈയ്യിലെത്തിയത്  ശ്രി.എം.പി.വീരേന്ദ്രകുമാറിന്റെ "ഈ ഹൈമവതഭൂവിൽ " ആയിരുന്നു.യാത്രയും ചരിത്രവും പുരാണവുമെല്ലാം ചേർന്നൊരു മിശ്രിതമായിരുന്നു ആ പുസ്തകം.സത്യം പറയണല്ലോ......മ്മളത്  വായിച്ചു തീർക്കാൻ  ഏകദേശം ഒരു വർഷമെടുത്തു.



പിന്നീടങ്ങോട്ട്  വായനാവഴിയിലൂടെയുള്ള  യാത്രയിൽ നല്ല പുസ്തകങ്ങളിലേക്കുള്ള ആദ്യ വഴികാട്ടി  ശ്രീജിത്തേട്ടനായിരുന്നു(ശ്രീ. ടി.ജെ.ശ്രീജിത്ത്‌ ).തൃശ്ശൂർ മാതൃഭൂമി ബുക്സ്റ്റാളിലേക്കുള്ള  നിരന്തര സന്ദർശനത്തിനിടെ ഒരുപിടി നല്ല പുസ്തകങ്ങളുമായി സന്ദീപേട്ടനും കടന്നുവന്നു.സോഷ്യൽ മീഡിയ സൗഹൃദവലയത്തിൽ നിന്നും പ്രവീണേട്ടനും(ശ്രീ:പ്രവീണ്‍ മാത്യു ) മ്മടെ വഴികാട്ടിയായി.ഇതിനുപുറമേ ജീവിതത്തിലെ എല്ലാ   പ്രതിസന്ധികളിലും  മനസ്സിൽ  ഊർജം  നിറച്ചിരുന്ന അൽ-ഷെഹിൻ എന്ന  സുഹൃത്തും കുറേ നല്ല പുസ്തകങ്ങൾ സമ്മാനിച്ചു.ഇവർക്കൊപ്പമുള്ള യാത്രയിൽ,യാത്രാവിവരണങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന  എന്റെ വായന ,കവിതകൾ,കഥകൾ,ലേഖനങ്ങൾ,ആത്മകഥ,ജീവചരിത്രം,നോവലുകൾ എന്നീ പുതിയ മേച്ചിൽപുറങ്ങളിലെത്തിചേർന്നു.പുസ്തകങ്ങളിൽ  ചിലത് വായനയ്ക്കുശേഷവും ഇപ്പോഴും  ഹൃദയത്തോട്  ചേർന്നിരിക്കുന്നു.ഗുരുതുല്യരായി ഇന്നും അവ ഈ ജീവിതത്തോടൊപ്പം സഞ്ചരിക്കുന്നു.

 

 

തിരികെ  ഓർമ്മകളിലേക്കുള്ള യാത്രയിൽ എനിക്കരികിലായി ഏതാനം താളുകൾ മറിഞ്ഞുകഴിഞ്ഞ ഒരു പുസ്തകമിരിപ്പുണ്ട്,"പരൽമീൻ നീന്തുന്ന പാടം".സി.വി.ബാലകൃഷ്ണന്റെ  ബാല്യ -കൗമാര സ്മരണകളുടെ സമാഹാരം.ഈ വായനാദിനം ആഘോഷിച്ചത്   പരൽമീൻ നീന്തുന്ന പാടത്തായിരുന്നു.നന്മയുടെ മണമുള്ള ഓർമ്മകൾ നിറയുന്ന വരികൾ,അവ എന്നെ തട്ടിയുണർത്തി ഓർമ്മകളിലേക്ക് കൈപിടിച്ചു നടത്തി......വായനാവഴിയിലൂടെ......






വായനയുടെ ലോകത്തേക്ക്  വഴികാട്ടിയ ഗുരുക്കന്മാർക്കും,ജീവിതത്തിന്റെ ഭാഗമായ അനേകം പുസ്തകങ്ങൾക്കും,അവയുടെ സൃഷ്ടാക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.





വായിച്ചാലും വളരും 

വായിച്ചില്ലേലും വളരും 

വായിച്ചാൽ  വിളയും 

വയിച്ചിലേൽ  വളയും

               

                 കുഞ്ഞുണ്ണിമാഷ്














1 comment:

  1. Hey there blogsofmadhan information or the article which u had posted was simply superb and to say one thing that this was one of the best information which I had seen so far, thanks for the information #BGLAMHAIRSTUDIO

    ReplyDelete